NDPS cases: ലഹരിക്കടത്തിന് കുട്ടികള്‍, കേരളത്തിലെ കണക്കുകള്‍ ആശങ്കപ്പടുത്തുന്നത്; മറയാക്കുന്നത് നിയമത്തിലെ പഴുതുകള്‍

2022 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 134 പ്രായപൂര്‍ത്തിയാകാത്തവരാണ് ഇത്തരം കേസുകളില്‍ പിടിയിലായത്
World Drug Day 2024
ലഹരി
Updated on

കൊച്ചി: ആശങ്ക വര്‍ധിപ്പിക്കും വിധത്തില്‍ സംസ്ഥാനത്തെ ലഹരി കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതിയാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. സംസ്ഥാനത്ത് ലഹരി വ്യാപനം തടയാന്‍ എക്‌സൈസ് ഉള്‍പ്പെടെ നടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെയാണ് ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണത്തിലെ ആശങ്കപ്പെടുത്തുന്ന ഉയര്‍ച്ച വ്യക്തമാകുന്നത്.

2022 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 134 പ്രായപൂര്‍ത്തിയാകാത്തവരാണ് ഇത്തരം കേസുകളില്‍ പിടിയിലായത്. 2021 ല്‍ 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022 ല്‍ ഇത് 40 ആയി ഉയര്‍ന്നു. 2023 (39), 2024 (55) കേസുകളും രജിസ്റ്റര്‍ ചെയ്തു. 2025 ല്‍ മൂന്ന് മാസം പിന്നിടുമ്പോള്‍ ഇതുവരെ 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ലഹരിക്കടത്തിന് സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന എന്ന് കൂടിയാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പല കേസുകളിലും കുട്ടികളുടെ ഇടപെടലുകളെ കുറിച്ച് രക്ഷിതാക്കള്‍ക്ക് അറിയില്ലെന്നതാണ് സാഹചര്യമെന്ന് മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തിരുവല്ല കുട്ടംപുഴയില്‍ 12 കാരനായ മകനെ ഉപയോഗിച്ച് പിതാവ് ലഹരി വ്യാപാരം നടത്തിയ സംഭവം പോലുള്ളവയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ട്രെയിന്‍ വഴിയുള്ള കഞ്ചാവ് കടത്തിന് സ്ത്രീകളെയും കുട്ടികളെയും മറയാക്കുന്ന സംഭവങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പശ്ചിമ ബംഗാള്‍, ഒഢീഷ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ കഞ്ചാവ് എത്തിക്കുന്നത്. സംശയം തോന്നാത്ത രീതിയില്‍ കഞ്ചാവ് കടത്താനാണ് സ്ത്രീകളെയും കുട്ടികളെയും മറയാക്കുന്നത്. ഇതിനായി 5000 രൂപയോളമാണ് ഇവര്‍ക്ക് പ്രതിഫലം ലഭിക്കുന്ന നിലയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

നിയമങ്ങളിലെ പഴുകള്‍ തിരിച്ചറിഞ്ഞാണ് ഇത്തരത്തില്‍ മയക്കുമരുന്ന കേസുകളില്‍ കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. 2021 മുതല്‍, എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസുകളില്‍ 86 പ്രായപൂര്‍ത്തിയാകാത്തവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരാള്‍ മാത്രമേ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടുള്ളൂ. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ശിക്ഷ വളരെ ചെറുതാണ്, പരമാവധി ശിക്ഷ പലപ്പോഴും 4,000 രൂപ പിഴ മാത്രമാണ്.

''എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ട 18 വയസ്സിന് താഴെയുള്ളവരെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം അനുസരിച്ചാണ് നടപടി സ്വീകരിക്കുക. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പലപ്പോഴും ഇത്തരം കേസുകളില്‍ ജാമ്യം നല്‍കുന്നു. ഈ കുട്ടികള്‍ വീണ്ടും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക എന്നതിന് മാത്രമാണ് മുന്‍ഗണന. ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മാതാപിതാക്കളുമായും അധ്യാപകരുമായും സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ പുരോഗതി വിലയിരുത്തുകയും ചെയ്യാറുണ്ട്.'' എക്‌സൈസ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com