ഉദ്ഘാടന വേദിയില്‍ കണക്ക് നിരത്തി മുഖ്യമന്ത്രി; 5370 കോടിയും മുടക്കുന്നത് കേരളം, 96ലെ ഇടത് സർക്കാർ രൂപം നൽകിയ പദ്ധതി- വിഡിയോ

വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌ന സാഫല്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
chief minister pinarayi vijayan
വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നുസ്ക്രീൻ‌ഷോട്ട്
Updated on
2 min read

തിരുവനന്തപുരം: വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌ന സാഫല്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ അഭിമാനമുഹൂര്‍ത്തമാണിത്. ഇതു കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മിലീനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിക്കുന്ന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭമാണിത്. രാജ്യത്തിന്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തിന് ഒരുപാടു സവിശേഷതകളുണ്ട്. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നല്‍കുന്നത്. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി. 75 ശതമാനം കണ്ടെയിനര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. ഇത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കരാര്‍ പ്രകാരം 2045 ല്‍ മാത്രമേ ഇതു പൂര്‍ത്തിയാവേണ്ടതുള്ളു. നമ്മള്‍ അതിനു കാത്തുനിന്നില്ല. 2024 ല്‍ തന്നെ കൊമേഴ്സ്യല്‍ ഓപ്പറേഷനാരംഭിച്ചു. മദര്‍ഷിപ്പിനെ സ്വീകരിച്ചു. തുടര്‍ന്നിങ്ങോട്ട് 250 ലേറെ കപ്പലുകള്‍ വിഴിഞ്ഞത്തു നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാം ഘട്ടം പതിറ്റാണ്ടു മുമ്പു പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നു. 2028 ല്‍ ഇതിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കും. ഒരുപാടു പ്രതികൂല ഘടകങ്ങളുണ്ടായി. മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങള്‍, കോവിഡ് അടക്കമുള്ള മഹാവ്യാധികള്‍, എന്നിവയൊക്കെ സമ്പദ് ഘടനയെ ഉലച്ചു. എന്നാല്‍, കേരളം അവിടെ തളര്‍ന്നുനിന്നില്ല. നിര്‍മാണ കമ്പനിയും നല്ല രീതിയില്‍ സഹകരിച്ച് മുന്നോട്ട് പോയി. 1996 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണിവിടെ യാഥാര്‍ത്ഥ്യമാവുന്നത്. ഇടക്കാലത്ത് പദ്ധതി അനിശ്ചിതത്വത്തിലായി. പദ്ധതിപഠനത്തിനായി 2009 ല്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ നിയോഗിച്ചു. 2010 ല്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം ആ ഘട്ടത്തില്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നുള്ള ഘട്ടം പദ്ധതിക്കായുള്ള മനുഷ്യച്ചങ്ങല അടക്കമുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 ല്‍ ഒരു കരാറുണ്ടായി. എന്നാല്‍, പല തലങ്ങളിലുള്ള വിമര്‍ശനങ്ങള്‍ അതു നേരിട്ടു. വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുമ്പൊഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് കൈക്കൊണ്ടത്. വികസന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവു വേണ്ട എന്ന നയമാണു കൈക്കൊണ്ടത്. അതു പ്രകാരമാണ് 2016 ല്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയില്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റിയത്. സ്ഥാപിത താല്‍പര്യക്കാര്‍ പടര്‍ത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകളെ, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു. നിയമക്കുരുക്കുകളടക്കം നീക്കി. തീരദേശ പുനരധിവാസ - ജീവനോപാധി പ്രശ്നങ്ങള്‍ 120 കോടി ചെലവാക്കി പരിഹരിച്ചു. അവിടുത്തെ പെണ്‍കുട്ടികളെ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലിയടക്കം ഏല്‍പ്പിച്ചു. തദ്ദേശീയ സ്ത്രീകള്‍ക്കായി സ്‌കില്ലിങ് സെന്റര്‍ തുറന്നു. ഇങ്ങനെ പ്രശ്നങ്ങള്‍ പരിഹരിച്ച് സങ്കടങ്ങള്‍ക്ക് അറുതിയുണ്ടാക്കിയാണു സര്‍ക്കാര്‍ നീങ്ങിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. കൂടുതല്‍ പേര്‍ക്ക് ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ്. കേരളത്തിന്റെ, അതിനപ്പുറം ഇന്ത്യയുടെയാകെ വികസനത്തെ ഈ തുറമുഖം വലിയ തോതില്‍ ഭദ്രമാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com