

തിരുവനന്തപുരം: പ്രതിരോധ വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധയേറ്റ് എഴുവയസുകാരി മരിച്ച സംഭവം അതീവ ഗൗരവകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു മാസത്തിനിടെ പേ വിഷബാധയേറ്റ് മരിച്ച മൂന്ന് കുട്ടികളും വാക്സിന്‍ എടുത്തവരാണ്. ഈ സംഭവങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധയെത്തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസുകാരി കൊല്ലം കുന്നിക്കോട് സ്വദേശിനി നിയാ ഫൈസല്‍ മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ ഒന്നു കൂടി വ്യക്തമാക്കുന്നതാണ്. മൂന്നു ഡോസ് വാക്സിന്‍ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരമാണ്. ഒരുമാസത്തിനിടെ പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് മരിച്ചത്.
ഏപ്രില്‍ 9-ന് പത്തനംതിട്ട പുല്ലാട് സ്വദേശിയായ പതിമൂന്ന് വയസുകാരിയും വാക്സിന്‍ എടുത്ത ശേഷമാണ് പേവിഷബാധയേറ്റ് മരിച്ചത്. ഏപ്രില്‍ 29-ന് മലപ്പുറം സ്വദേശിയായ ആറു വയസുകാരനും ഇതേ രീതിയിലാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ച 102 പേരില്‍ 20 പേര്‍ക്കാണ് വാക്‌സിനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും വാക്സിന്‍ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ന്യായീകരിക്കുന്നത്.
ഇതേ സര്‍ക്കാരും ആരോഗ്യ വകുപ്പുമാണ് ഗുണനിലവാര പരിശോധന നടത്താത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തിരുന്നതെന്ന് അടുത്തിടെ സിഎജി കണ്ടെത്തിയത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും നമ്മുടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാകില്ല. പേ വിഷബാധ നിയന്ത്രിക്കാന്‍ മള്‍ട്ടി ഡിസിപ്ലിനറി രോഗ നിയന്ത്രണ സംവിധാനം നടപ്പിലാക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം.
ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളും പിന്നാക്കം പോയി. 2024ല്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് 3,16,793 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയില്‍ പോയവരുടെ കണക്ക് കൂടി പുറത്ത് വന്നാല്‍ എണ്ണം ഇരട്ടിയിലധികമാകും. വിഷയം പ്രതിപക്ഷം നിയമസഭയില്‍ നിരവധി തവണ ഉന്നയിച്ചിട്ടും ഗൗരവത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates