തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പില്‍ 32 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ നികുതി ഇതര വരുമാനം വര്‍ദ്ധിപ്പിക്കുവാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍, ഭക്ഷ്യസുരക്ഷ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ 10 തസ്തികകളും മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ട്- 1 , ജൂനിയര്‍ സൂപ്രണ്ട് -6 , ക്ലാര്‍ക്ക്-5 തസ്തികളും സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ അനലറ്റിക്കല്‍ വിഭാഗത്തില്‍ ഗവണ്‍മെന്റ് അനലിസ്റ്റ് -1, ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍-2 , റിസര്‍ച്ച് ഓഫീസര്‍ (മൈക്രോബയോളജി)-3 ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 - 2 തസ്തികകള്‍ ലാബ് അസിസ്റ്റന്റ് -2 എന്നീ തസ്തികകളും പുതുതായി സൃഷ്ടിക്കും.
മറ്റ് തീരുമാനങ്ങള്‍
തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2 അഞ്ച് തസ്തികള്‍ സൃഷ്ടിക്കും. മുന്‍പ് മൊബൈല്‍ കോടതികള്‍ ആയി പ്രവര്‍ത്തിച്ചുവന്നതും നിലവില്‍ റെഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍ ആയി മാറിയതുമായ കോടതികളിലാണ് തസ്തികള്‍ സൃഷ്ടിക്കുന്നത്.
കൊച്ചി നഗരത്തിലെ ആറ് കനാലുകള്‍ പുനരുജ്ജീവിപ്പിച്ച് ഗതാഗത യോഗ്യമാക്കുന്നതിനും അതുവഴി കൊച്ചി നഗരത്തിലെ നിരന്തരമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനുമായി വിഭാവനം ചെയ്തിട്ടുള്ള ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പദ്ധതി.
3716.10 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് പ്രകാരം നടപ്പാക്കുന്നതിന് വ്യവസ്ഥകളോടെ ഭരണാനുമതി നല്‍കി. പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി കെഎംആര്‍എല്‍ തുടര്‍ന്നുകൊണ്ടും സീവറേജ് ഘടകങ്ങളുടെ നിര്‍വഹണ ഏജന്‍സിയായി കേരള വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ടും കിഫ്ബി എന്‍.സി.ആര്‍.ഡി എന്നിവയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
എറണാകുളം ജില്ലയിലെ കരുമള്ളൂര്‍, കുന്നുകര പഞ്ചായത്തുകളില്‍ ജലവിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച ടെന്‍ഡറിന് അംഗീകാരം നല്‍കി. 22,11,85,744 രൂപയുടെ ടെന്‍ഡറിനാണ് അംഗീകാരം നല്‍കിയത്. പ്രതിദിനം 20 മില്യണ്‍ ലിറ്റര്‍ ജലവിതരണം ഉറപ്പാക്കുന്നതിന് ശേഷിയുള്ള ടാങ്കും അനുബന്ധ പ്രവര്‍ത്തികളും ചേര്‍ന്നതാണ് പദ്ധതി.
ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ 25 കുടുംബങ്ങള്‍ നവകേരള സദസ്സില്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം ഭൂമി രജിസ്‌ട്രേഷന്‍ ആവശ്യമായ മുദ്രവിലയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചു.
ഇടുക്കി ദേവികുളം താലൂക്കില്‍ ആനവരട്ടി വില്ലേജിലെ റിസര്‍വ്വേ 55/3/4 ല്‍ പെട്ട പള്ളിവാസല്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.62 ആര്‍ ഭൂമി വീതം 25 കുടുംബങ്ങള്‍ക്ക് കൈമാറുന്നതിന്റെ ആധാര രജിസ്‌ട്രേഷന്‍ ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഉള്‍പ്പെടെയുള്ള തുകയായ 80,200 രൂപയാണ് ഇളവ് അനുവദിക്കുക. ഈ 25 കുടുംബങ്ങള്‍ ഭൂരഹിതരും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുമാണ് എന്നീ വസ്തുതകള്‍ ജില്ലാ കളക്ടര്‍ ഉറപ്പാക്കണം എന്ന നിബന്ധന ഒഴിവാക്കി കൊണ്ടാണ് തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച പത്താം ശമ്പള പരിഷ്‌കരണം കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1.7.2024 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ അമ്പലത്തറ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 100 പെട്ട 50 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കമ്പോള വിലയുടെ മൂന്നു ശതമാനം വാര്‍ഷിക പാട്ട നിരക്കില്‍ 32,05,115 രൂപ വാര്‍ഷിക പാട്ടം ഈടാക്കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്പനിക്ക്(ഗങഞഘ) സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ പാറത്തോട് വില്ലേജില്‍ നെടുങ്കണ്ടം കച്ചേരി സെറ്റില്‍മെന്റില്‍ റിസര്‍വേ ബ്ലോക്ക് 48 ല്‍ സര്‍വേ നമ്പര്‍ 240/2 ല്‍ പെട്ട 0.0112 ഹെക്ടര്‍ ഭൂമി ഹോര്‍ട്ടി കോര്‍പ് സ്റ്റാള്‍ നിര്‍മ്മിക്കുന്നതിന് പത്തു വര്‍ഷത്തേക്കിന് ഹോര്‍ട്ടികോര്‍പ്പിന് സൗജന്യ നിരക്കില്‍ പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു
തിരുവനന്തപുരം വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനത്തിനു വേണ്ടി പുനരധിവസിപ്പിക്കേണ്ടി വരുന്ന പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കെട്ടിടങ്ങളുടെ മൂല്യനിര്‍ണയത്തുക അംഗീകരിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളുടെ, 77 കെട്ടിടങ്ങളുടെ അംഗീകൃത മൂല്യനിര്‍ണയ തുകയാണ് അംഗീകരിച്ചത്. ഇതനുസരിച്ച് 6,38,09,056 രൂപ യാണ് അംഗീകൃത മൂല്യനിര്‍ണയ തുക.
അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖത്തിലെ പുലിമുട്ടുകളുടെ നീളം വര്‍ദ്ധിപ്പിക്കുക എന്ന പ്രധാന പ്രവര്‍ത്തികള്‍ക്കായി ക്ഷണിച്ച ദര്‍ഘാസിന് അംഗീകാരം നല്‍കി. 103,31,74,743 യുടെ ദര്‍ഘാസിനാണ് അംഗീകാരം നല്‍കിയത്.
തിരുവനന്തപുരം അരുവിക്കര മണ്ഡലത്തില്‍ മലയോര ഹൈവേ പദ്ധതിയില്‍ -ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ചായം പെരിങ്ങമല റോഡില്‍ വാമനപുരം നദിക്ക് കുറുകെ പൊന്നാം ചൂണ്ട പാലം നിര്‍മ്മാണ പ്രവര്‍ത്തിക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ചു.9,45,75,642 രൂപയുടെ ഏക ദര്‍ഘാസിനാണ് അനുമതി നല്‍കിയത്.
സഹകരണ വകുപ്പിന് കീഴിലുള്ള കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും റബ്കോ സ്വീകരിക്കുന്ന സ്ഥിരനിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതിന് അനുമതി നല്‍കി. 9.5% വാര്‍ഷിക പലിശ നിരക്കില്‍ സ്വീകരിക്കുന്ന 20 കോടി രൂപയുടെ സ്ഥിരനിക്ഷേപത്തിനും അതിന്റെ പലിശക്കും ധന വകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി അഞ്ചുവര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നത്.
മുന്‍ നാട്ടുരാജാക്കന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ തുകയായ 3000 രൂപ കുടിശ്ശിക സഹിതം നല്‍കുന്നതിന് അംഗീകാരം നല്‍കി.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും മാനേജിംഗ് ഡയറക്ടറുമായുള്ള ഡോ. ജെയിംസ് ജേക്കബിന്റെ കരാര്‍ വ്യവസ്ഥയിലുള്ള സേവന കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates