

കേരളത്തെ നടുക്കിയ നന്തൻകോട് നാല് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കേദൽ ജീൻസൺ രാജയുടെ ആസ്ട്രൽ പ്രൊജക്ഷൻ തിയറി പൊളിഞ്ഞത് മൂന്ന് മണിക്കൂറിനുള്ളിൽ. കേദലിനെ അറസ്റ്റ് ചെയ്ത ശേഷം അധികം വൈകാതെ തന്നെ മാനസികാരോഗ്യ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിൽ എത്തിച്ചിരുന്നു. അന്ന് മെഡിക്കൽ കോളജ് ആർ എം ഒയും സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായിരന്നു ഡോക്ടർ ജി. മോഹൻ റോയ്.
പൊലീസിനോട് പറഞ്ഞ വാദങ്ങൾ തന്നെയാണ് കേദൽ സംഭാഷണമാരംഭിച്ചപ്പോൾ തുടക്കത്തിൽ പറഞ്ഞിരുന്നത്. ആസ്ട്രൽ പ്രൊജക്ഷൻ വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ സംഭാഷണം കുറച്ചു നേരം കഴിഞ്ഞപ്പോൾ ആ വാദം പതുക്കെ ഇല്ലാതാവുകയായിരുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം സംസാരിച്ചു കഴിഞ്ഞപ്പോൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് ഈ കഥയെന്ന് കേദൽ തന്നോട് തുറന്നു സമ്മതിച്ചുവെന്ന് ഡോക്ടർ. മോഹൻ റോയ് സമകാലിക മലയാളത്തോട് പറഞ്ഞു.
കേദൽ ഓസ്ട്രേലിയിലും മറ്റും ആയിരുന്നപ്പോൾ ആസ്ട്രൽ പ്രൊജക്ഷനെ കുറിച്ച് കുറേ കാര്യങ്ങൾ വായിച്ചു മനസ്സിലാക്കിയിരുന്നു. ഇതിൽ വലിയ പുതുമയൊന്നുമില്ല. നമ്മുടെ നാട്ടിൽ പണ്ട് കൂടുവിട്ടുകുടുമാറ്റം, പരകായപ്രവേശം എന്നൊക്കെ പറഞ്ഞ കാര്യമാണ് ഇന്ന് ആസ്ട്രൽ പ്രൊജക്ഷൻ എന്ന് പറയുന്നത്. ശങ്കാരാചാര്യരുടെ കൂടുവിട്ടു കൂടുമാറ്റമൊക്കെ വായിച്ചിട്ടുള്ളവർക്ക് ഇതിലൊന്നും പുതുമ തോന്നില്ല.
അന്വേഷണ ഉദ്യോഗസ്ഥരോട് ആസ്ട്രൽ പ്രൊജക്ഷൻ കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് കേദൽ പറഞ്ഞപ്പോൾ, അതുമായി ബന്ധപ്പെട്ട് മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ക്ലാരിഫൈ ചെയ്യുന്നതിനാണ് കേദലിനെ സൈക്യാട്രിസ്റ്റിനടുത്തേക്ക് കൊണ്ടുപോയത്. എന്നാൽ, അവിടെ എത്തി മൂന്ന് മണിക്കൂറിനുള്ളിൽ അന്വേഷണത്തിന്റെ ഗതി മാറുന്ന നിലയിൽ കാര്യങ്ങളാണ് കേദൽ വെളിപ്പെടുത്തിയത്.
കേദലിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാകാം. അതിന് ചികിത്സയും നൽകിയിട്ടുണ്ടാകാം. എന്നാൽ, സാധാരണ ഗതിയിൽ ആളുകൾ കരുതുന്നതുപോലെയോ സിനിമകളിൽ കാണിക്കുന്നതുപോലെയോ അല്ല മാനസികാരോഗ്യ പ്രശ്നമുള്ളവരുടെ കാര്യത്തിൽ നിയമ പരിഗണന വരുമ്പോൾ സംഭവിക്കുന്നത്. മാനസികാരോഗ്യ പ്രശ്നമുള്ളവർ കുറ്റം ചെയ്താൽ ശിക്ഷ കിട്ടില്ല എന്നത് തെറ്റായ വിശ്വാസമാണ്. മെഡിക്കൽ ഇൻസാനിറ്റി ( വൈദ്യശാസ്ത്രപരമായ മാനസികാരോഗ്യപ്രശ്നം) ലീഗൽ ഇൻസാനിറ്റി( നിയമപരമായ മാനസികാരോഗ്യ പ്രശ്നം) ഇത് രണ്ടും രണ്ടാണ്. മാനസികാരോഗ്യ പ്രശ്നമുള്ള വിഷയങ്ങൾ നിയമപരമായി പരിഗണിക്കുന്നത് സംബന്ധിച്ച് ഐ പി സിയിലെ 84 ആം വകുപ്പും ഭാരതീയ ന്യായ സംഹിത ( ബി എൻ എസ്) യിലെ 22 ആം വകുപ്പും വ്യക്തമായി നിർവചിക്കുന്നുണ്ട്.
കുറ്റകൃത്യം ചെയ്യുന്നയാളിന് ആ സമയത്ത് ആ കൃത്യം ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിൽ മാത്രമാണ് ലീഗൽ ഇൻസാനിറ്റി എന്നത് വരുന്നത്. അല്ലാത്ത സമയത്ത് അത് പരിഗണിക്കപ്പെടുന്നില്ലെന്ന് ഡോ. റോയ് പറഞ്ഞു.
കേദൽ കുറ്റകൃത്യം നടത്തിയത് വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് മനസ്സിലാക്കുന്നത്. അതിന് ലീഗൽ ഇൻസാനിറ്റിയുടെ ആനുകൂല്യം ലഭിക്കില്ല.
തന്നെ പ്രതിഭാഗം രണ്ട് മണിക്കൂറോളം ക്രോസ് വിസ്താരം നടത്തിയെങ്കിലും കേദലിന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ലെന്നും ഡോക്ടർ പറഞ്ഞു.
മാനസികാരോഗ്യമുള്ള ഒരാൾ ഇതുപോലെ അടുത്ത ബന്ധുക്കളായ നാല് കൊലപ്പെടുത്തുന്ന ഒരു കുറ്റകൃത്യം ചെയ്യുമോ എന്ന് ചോദിച്ചാൽ മനുഷ്യബന്ധങ്ങളിലെ പ്രവചനാത്മകത എത്രമാത്രം ഉണ്ടാകുമെന്ന് ആലോചിക്കണം. ലോകാരോഗ്യ സംഘടന പറയുന്നത് അനുസരിച്ച് 20 ശതമാനം പേരും പലവിധ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവരാണ്. അതിൽ എല്ലാവരും കുഴപ്പക്കാർ ആകണമെന്നില്ല.എന്നാൽ അങ്ങനെയുള്ളവരും ഉണ്ടാകാം. സാധാരണഗതിയിൽ ശാന്തരായിരിക്കുന്ന ചിലർ പെട്ടെന്ന് ഒരുകാരണവുമില്ലാതെ പൊട്ടിത്തെറിക്കാറുണ്ട്. കൂട്ടത്തിലുള്ള ആളുകളെ പോലും പലരും തിരിച്ചറിയുന്നില്ല. സംഭവങ്ങൾ നടന്നുകഴിഞ്ഞ ശേഷമാകാം വീടുകളിലോ വ്യക്തികളിലോ കണ്ടിരുന്ന അസ്വാഭാവികത സമൂഹം തിരിച്ചറിയുക.
ഇതിന് പ്രധാന കാരണങ്ങളിലൊന്ന് സാമൂഹികമായ ഇടപഴകൽ കുറയുന്നുവെന്നതാണ്. സാമൂഹികമായ കൂടിച്ചേരലുകൾ ഉള്ളപ്പോൾ പോലും ആളുകൾ, അത് മുതിർന്നവരും കുട്ടികളും ഉൾപ്പടെ കൂടുതൽ സമയവും ഫോണിനുള്ളിലായിരിക്കും. സോഷ്യൽ ബീയിങ് എന്നതിൽ നിന്നും മാറി വിർച്വൽ സോഷ്യൽ ഇന്റട്രാക്ഷനിലേക്ക് നമ്മൾ ചുരുങ്ങുന്നു എന്നത് ഇത്തരം കാര്യങ്ങൾ അറിയാതെ പോകുന്നതിന് ഒരു കാരണമാകാം. സമൂഹത്തിലെയും അതിലെ വ്യക്തികളുടെയും പ്രശ്നങ്ങൾ കണ്ടെത്തി വൈദ്യശാസ്ത്രപരമായും അല്ലാതെയും പരിഹാരിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇതിനായി ഉണ്ടാകേണ്ടതെന്നും ഡോ. റോയ് പറഞ്ഞു.
നിലവിൽ കൊല്ലം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം മേധാവി കൂടിയാണ് പ്രൊഫ. മോഹൻ റോയ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates