
ഇപ്പോൾ കോടതി വിധി വന്ന നന്ദൻകോട് കേദൽ ജീൻസൺ രാജ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ തുടക്കം മുതൽ കോടതി വിധി വരുന്നദിവസം വരെ ഉയർന്നു കേട്ട ഒന്നാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നത്. എന്നാൽ, മനുഷ്യർക്ക് സൂക്ഷ്മദേഹം വിട്ടുപോകാനുള്ള ആഗ്രഹം ഇത് ഇപ്പോൾ പൊടുന്നനെ ഉണ്ടായ ഒന്നല്ല. അതിപുരാതനകാലം മുതലുള്ള പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാത്രമല്ല, ഇന്നും ലോകത്തെമ്പാടും മനുഷ്യർ അതീന്ദ്രിയമായ അനുഭവങ്ങൾ തേടിയുള്ള സഞ്ചാരം നടത്താറുണ്ട്. സ്വപ്നാവസ്ഥകളിൽ മനുഷ്യർക്ക് ശരീരം ഉപേക്ഷിക്കാൻ കഴിയുമെന്ന ഭാവന പുരാതനമാണ്. നൂറ്റാണ്ടുകൾ പിന്നിട്ട് ആധുനിക ശാസ്ത്രം ഇതേക്കുറിച്ച് ശാസ്ത്രീയവിശദീകരണം നൽകുമ്പോഴും കൃത്രിമ ബുദ്ധിയടക്കം സാങ്കേതിക രംഗത്ത് മുന്നേറുമ്പോഴും ആ ഭാവനയോടുള്ള മനുഷ്യരുടെ ആസക്തി അവസാനിക്കുന്നില്ല.
ഇന്ന് ആസ്ട്രൽ പ്രൊജക്ഷൻ എന്ന വാക്കുമായി ബന്ധപ്പെട്ട്, പുതുതലമുറയിൽപ്പെട്ടവർ വരെ ഇത്തരം അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ആത്മീയതിയിൽ ഇഴുകിച്ചേർന്ന അശാസ്ത്രീയ വാദികൾ മുതൽ മന്ത്രവാദികൾ വരെയുള്ള എണ്ണമറ്റ ആളുകൾ വിശ്വസിക്കുന്നത്, ആസ്ട്രൽ പ്രൊജക്ഷൻ സമയത്ത് അനുഭവപ്പെടുന്ന ദർശനങ്ങളിലൂടെയും ശരീരത്തിന് പുറത്തുള്ള അനുഭവങ്ങളിലൂടെയും പ്രപഞ്ചത്തിലെ മറ്റാർക്കും പ്രാപ്യമാകാത്ത തലങ്ങളുമായി ആശയ വിനിമയം നടത്താൻ കഴിയുമെന്നാണ്. ഹിന്ദു , ബുദ്ധ കഥകൾ, ചൈനീസ് താന്ത്രിക വിദ്യ, പ്രാചീന ജാപ്പനീസ് നിഗൂഢ ആചാരങ്ങള്‍, തെക്കേ അമേരിക്കന്‍ ഗോത്ര വർഗ്ഗക്കാരുടെ നിഗൂഢ ശാസ്ത്രങ്ങൾ, പ്രാചീന ഈജിപ്ഷ്യൻ മാന്ത്രികവിദ്യ തുടങ്ങിയവയിലൊക്കെ ഇത്തരം കഥകൾ കാണാവുന്നതാണ്.
ഇന്ന് ആസ്ട്രൽ പ്രൊജക്ഷൻ ഇന്ന് ഏറെ സുപചരിതമായ പദം പലരീതിയിൽ നമുക്ക് പരിചതമാണ്. കൂടുവിട്ട് കൂടുമാറൽ, പരകായ പ്രവേശം എന്നൊക്കെ പറയുന്നതാണ് ഇതിന്റെ സ്വഭാവം. ശരീരത്തിൽ നിന്ന് ആത്മാവിനെ, സൂക്ഷ്മദേഹത്തെ (Astral body) വിമോചിപ്പിച്ച് പ്രപഞ്ചത്തിലെവിടെയും എത്തിച്ചേരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന നിഗൂഢ അഭിചാരമാണ്. ഇതിനെ ഔട്ട് ഓഫ് ബോഡി എക്സ്പീരിയൻസ് (ഒബിഇ - Out of the body experience) എന്ന് അറിയപ്പെടുന്നു.
കെട്ടുകഥകളിലും പുരാണങ്ങളിലും പഴയകാല വിശ്വാസങ്ങളിലും കെട്ടടങ്ങിപോകുമെന്ന് കരുതിയ ഇത്തരം അന്ധവിശ്വാസങ്ങളുടെ ഇന്ന് കാണുന്ന പുനരുജ്ജീവനത്തിന്റെ വേരുകൾ 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നടന്ന ആത്മീയാന്വേഷണങ്ങളിൽ കണ്ടെത്താവുന്നതാണ്. ആസ്ട്രൽ പ്രൊജക്ഷൻ തുടക്കത്തിൽ സ്വകാര്യവും മതപരവുമായ ഒരു ധ്യാനരീതിയായിരുന്നെങ്കിലും, പല ആത്മീയ വിശ്വാസങ്ങളെയും പോലെ ഇത് പുതിയ വ്യവസായ സാധ്യതകൾ കണ്ടെത്തി. ഇതിൽ താൽപ്പര്യപ്പെട്ട് വരുന്നവര്ക്ക് ഭൗതിക ശരീരം എങ്ങനെ ഉപേക്ഷിക്കാമെന്നും എങ്ങനെ കൂട് വിട് കൂടമാറമെന്നോ അല്ലെങ്കിൽ പരകായ പ്രവേശം നടത്താമെന്നോ ഒക്കെ പറയുന്ന നിരവധി പുസ്തകങ്ങൾ, ഡിവിഡികൾ, മറ്റ് ഓൺലൈൻ സംവിധാനങ്ങൾ വരെ ഇന്നുണ്ട്.
ഇതിലെ വേരുകൾ അന്വേഷിച്ച് ചെല്ലുമ്പോൾ കൊളോണിയൻ ഇന്ത്യയിലേക്കും ആ ചരിത്ര സഞ്ചാരം വേണ്ടിവരും. ഇന്ത്യയ്ക്ക് പുറത്തും ഇത്തരം ആഭിചാരക്രിയകൾ ഉണ്ടെങ്കിലും ഇന്നത്തെ നിലയിലുള്ള ആസ്ട്രൽ പ്രൊജക്ഷന് പുതിയൊരു മുഖം നൽകുന്ന നിലയിൽ ആശയം ഉരുത്തിരിഞ്ഞത് പത്തൊൻപതാം നൂറ്റാണ്ടിലെ തിയോസഫി എന്ന ആശയത്തിൽ നിന്നാണെന്ന് സൈക്കോളജി ടുഡേയിലെ സൂസൻ ബ്ലാക്ക്മോറിനെ ഉദ്ധരിച്ച് ലൈവ് സയൻസ് വിശദീകരിക്കുന്നു. 1875-ൽ ന്യൂയോർക്കിൽ ഹെലീന ബ്ലാറ്റാവ്‌സ്‌കിയാണ് തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത്. സൂസൻ ബ്ലാക്ക്‌മോറിന്റെ അഭിപ്രായത്തിൽ; "അവർ ലോകം ചുറ്റി സഞ്ചരിച്ചതായും, ടിബറ്റൻ ഗുരുക്കന്മാരിൽ നിന്നും വിദ്യ നേടിയതായും, മരിച്ചവരുമായി ബന്ധപ്പെട്ടതായും, ഹിന്ദു, ബുദ്ധമത പണ്ഡിതരിൽ നിന്നും ആത്മീയമായി ഉയർന്ന തലങ്ങളിൽ എത്താൻ പഠിച്ചതായും അവർ അവകാശപ്പെട്ടു".
ഒരു മനുഷ്യ ശരീരത്തിൽ 'ഏഴ് മനുഷ്യശരീരങ്ങൾ' ഉണ്ടെന്ന് തിയോസഫി പഠിപ്പിക്കുന്നു, അതിൽ മൂന്നാമത്തേത് 'ആസ്ട്രൽ ബോഡി' അഥവാ സൂക്ഷ്മദേഹമാണെന്ന് തിയോസഫി പറയുന്നു.
ഭാവനയിലെ കഥയും സിനിമയും
തിയോസഫിക്ക് 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കലാകാരന്മാരിലും ശാസ്ത്രജ്ഞരിലും ആഴത്തിലുള്ള സ്വാധീനമുണ്ടായിരുന്നു. പുരാണങ്ങളിലും നാടോടിക്കഥകളിലും മാത്രമല്ല, പിന്നീട് ആധുനിക കാലത്തും കൂടുവിട്ട് കൂടുമാറലും പരകായ പ്രവേശവുമൊക്കെ കഥകളായി വന്നു. ആസ്ട്രൽ പ്രൊജക്ഷൻ ജനപ്രിയ ഫിക്ഷന്റെ വിഷയമായി മാറിയപ്പോൾ, ഇതിനെ അടിസ്ഥാനമാക്കി ഏറെ ജനപ്രിയമായ സാഹിത്യവും സിനിമയും മുതൽ സീരിസുകൾ വരെ വന്നു. 1941 ൽ ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡെന്നിസ് വീറ്റ്‌ലിയുടെ നോവൽ സ്ട്രേഞ്ച് കോൺഫ്ലിക്റ്റ് എന്ന നോവലിൽ നാസി അധിനിവേശവുമായി ബന്ധപ്പെടുത്തി അസ്ട്രൽ പ്രൊജക്ഷനെ കുറിച്ച് ഭാവനാത്മകമായി വർണ്ണിക്കുന്നുണ്ട്. 1990കളിൽ മലയാളത്തിൽ സി വി ബാലകൃഷ്ണൻ എഴുതിയ കാമമമോഹിതം എന്ന നോവലിലും കൂടുവിട്ട് കൂടുമാറുന്ന കഥയുണ്ട്.
2016 ൽ പുറത്തിറങ്ങി, ബ്ലോക്ക്ബസ്റ്ററായി മാറിയ "ഡോക്ടർ സ്ട്രേഞ്ച്" എന്ന ചിത്രത്തിലും "ഡോക്ടർ സ്ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്" എന്ന അതിന്റെ തുടർച്ചയിലും ഈ പ്രതിഭാസത്തെ കുറിച്ചുള്ള ഭാവന കാണാനാകും. മാർവൽ കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി 2016-ൽ പുറത്തിറങ്ങിയ അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ഡോക്ടർ സ്‌ട്രേഞ്ച്. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്‌ചേഴ്‌സ് വിതരണം ചെയ്ത ഇത് മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ ചിത്രമാണിത്. ജോൺ സ്‌പൈറ്റ്‌സ്, സി. റോബർട്ട് കാർഗിൽ എന്നിവരെഴുതിയ തിരക്കഥയെ ആസ്പദമാക്കി സ്കോട്ട് ഡെറിക്‌സൺ സംവിധാനം ചെയ്‌തതാണ് ഈ ചിത്രം.കരിയർ അവസാനിപ്പിച്ച കാർ അപകടത്തിന് ശേഷം നായകനായ ഡോ. സ്ട്രേഞ്ച് മിസ്റ്റിക് കലകൾ പഠിക്കുന്നു. അങ്ങനെ അദ്ദേഹത്തിന് തന്റെ ഭൗതിക ശരീരത്തെ ആത്മീയ ശരീരത്തിൽ നിന്ന് വേർപെടുത്താനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയുന്നതായുള്ള ഭാവനയുടെ ചിത്രീകരണമാണിത്. മലയാളത്തിൽ ഒടിയൻ എന്ന സിനിമയിലും പരകായ പ്രവേശത്തിന്റെ ഭാവന കാണാനാകും.
ആസ്ട്രൽ പ്രൊജക്ഷൻ: സ്വപ്നവും സയൻസും
ആസ്ട്രൽ പ്രൊജക്ഷൻ എന്ന വാദത്തിലെ അടിസ്ഥാന പ്രശ്നം ആത്മാവ് എന്നത് ഉണ്ടെന്ന് വാദം അംഗീകരിച്ചാൽ തന്നെ ഒരു വ്യക്തിയുടെ ആത്മാവ് ശരീരത്തിൽ നിന്ന് "പുറപ്പെടുമോ" അല്ലെങ്കിൽ "പ്രവേശിക്കുമോ" എന്ന് ശാസ്ത്രീയമായി കണ്ടെത്താൻ ഒരു മാർഗവുമില്ല എന്നതാണ്. ഇങ്ങനെ പറയുന്ന വ്യക്തിഗതി അനുഭവങ്ങളുടെ ഏറ്റവും ലളിതമായ വിശദീകരണം, ആ വ്യക്തിയുടെ ഭാവനകളും സ്വപ്നങ്ങളും മാത്രമാണ് എന്നതാണ്. തലച്ചോറിന് പുറത്ത് ബോധം നിലനിൽക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലാത്തതിനാൽ തന്നെ ശാസ്ത്ര ലോകം ആസ്ട്രൽ പ്രൊജക്ഷൻ വാദത്തെ നിരസിക്കുന്നു.
"ആസ്ട്രൽ പ്രൊജക്ഷൻ: എ സ്ട്രേഞ്ച് ഔട്ട്-ഓഫ്-ബോഡി എക്സ്പീരിയൻസ് ഇൻ ഡിസോസിയേറ്റീവ് ഡിസോർഡർ" എന്ന പേരിൽ 2021-ൽ, മെഡിക്കൽ സയൻസ് ജേണലായ ക്യൂറസ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ഒരു കേസ് സ്റ്റഡി പ്രതിപാദിക്കുന്നുണ്ട്. 15 വയസ്സുള്ള ഒരു ആൺകുട്ടിയിൽ ആസ്ട്രൽ പ്രൊജക്ഷൻ ഉണ്ടായതായി പറയപ്പെടുന്ന കേസാണ് ഇതിനായി പരിശോധിച്ചത്. ശരീരത്തിന് പുറത്തുള്ള അനുഭവങ്ങളുടെ നിരവധി സാധ്യമായ കാരണങ്ങൾ ആ പ്രബന്ധം വിശദമായി പ്രതിപാദിച്ചു: " ഔട്ട് ഓഫ് ബോഡി എക്സ്പീരിയൻസിന്റെ കാരണങ്ങൾ പ്രധാനമായും അപസ്മാരം , മൈഗ്രെയ്ൻ, കാഴ്ചക്കുറവ്, വെസ്റ്റിബുലാർ, മൾട്ടിസെൻസറി പ്രോസസ്സിംഗ്, മരണത്തോടടുത്ത അനുഭവങ്ങൾ, തുടങ്ങിയ വിവിധ ന്യൂറോളജിക്കൽ അവസ്ഥകൾ, സൈക്കഡെലിക് ലഹരിമരുന്ന് ഉപയോഗം എന്നിവ ഉൾപ്പെടുന്നു.
സ്കീസോഫ്രീനിയ, വ്യക്തിത്വ വൈകല്യങ്ങൾ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ആരോഗ്യപ്രശ്നങ്ങൾ
എന്നിങ്ങനെ മനഃശാസ്ത്രപരമായി പ്രത്യേക അനുഭവങ്ങളെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇതിനായി പഠിച്ച പ്രത്യേക കേസിൽ പഠനവിധേയനായ രോഗം ബാധിച്ച കൗമാരക്കാരൻ പലപ്പോഴും വീട്ടിൽ നിന്ന് ഓടിപ്പോയിട്ടുണ്ടെന്നും "ആ കാലയളവിൽ രണ്ടോ മൂന്നോ മാസമായി സാമൂഹിക ഇടപെടലിൽ താൽപ്പര്യം കുറയുകയും, ക്ഷോഭം, നിരന്തരമായ ദുഃഖം എന്നിവ പ്രകടമാക്കുകയും ചെയ്തു" എന്ന് ആ കേസ് പഠിച്ചവർ വ്യക്തമാക്കുന്നുണ്ട്.
ഓടിപ്പോയ ശേഷം, കൗമാരക്കാരൻ പലപ്പോഴും ഒരു ഇലക്ട്രീഷ്യന്റെ വ്യക്തിത്വം സ്വീകരിക്കും, അത്തരമൊരു സംഭവത്തിനിടയിലാണ് അയാൾക്ക് ശരീരത്തിന് പുറത്തുള്ളതായി തോന്നുന്ന ഒരു അനുഭവം ഉണ്ടായത്. അദ്ദേഹത്തിന്റെ സാഹചര്യങ്ങൾ കാരണം രോഗി മിക്കവാറും ഒരു വിഘടിത മാനസികാവസ്ഥ (ഒരു വ്യക്തിക്ക് തന്റെ ചിന്തകളിൽ നിന്നോ, വികാരങ്ങളിൽ നിന്നോ, ഓർമ്മകളിൽ നിന്നോ, ചുറ്റുപാടുകളിൽ നിന്നോ അകന്നു നിൽക്കുന്നതായി തോന്നുന്ന ഒരു മാനസിക വിച്ഛേദത്തെയാണ് വിഘടിത മാനസികാവസ്ഥ എന്ന് പറയുന്നത്. ദിവാസ്വപ്നം പോലുള്ള നേരിയ അനുഭവങ്ങൾ മുതൽ ഓർമ്മ നഷ്ടം, വ്യക്തിത്വത്തിലെ മാറ്റങ്ങൾ എന്നിവ പോലുള്ള ഗുരുതരമായ അവസ്ഥകൾ വരെ ഇതിൽ ഉൾപ്പെടാം) യിലായിരിക്കാമെന്നും ഈ സാഹചര്യത്തിൽ: "ആസ്ട്രൽ പ്രൊജക്ഷനെ ഇങ്ങനെയൊരു മാനസിക വിച്ഛേദ അനുഭവത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കാമെന്നും" അവർ നിഗമനം നടത്തിയതായി ലൈവ് സയൻസ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
ശരീരത്തിന് പുറത്തുള്ള അനുഭവങ്ങൾക്കും ആസ്ട്രൽ പ്രൊജക്ഷനും സംഭവിച്ചതായി തോന്നുന്നതിനും മറ്റ് കാരണങ്ങളുണ്ടാകാം. വെസ്റ്റിബുലാർ ഡിസോഡേഴ്സ് (ശരീരത്തിന്റെ ബാലൻസും സ്ഥലപരമായ ബോധ്യവും നൽകുന്ന ചെവിക്കുള്ളിലെ ഗ്രഹണശേഷി സംവിധാനത്തിന് വരുന്ന തകരാർ) ഇതിന് കാരണമാകാമെന്ന 2017ൽ ദി അറ്റ്ലാന്റിക് ഒരു പഠനം ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
ആസ്ട്രൽ പ്രൊജക്ഷൻ നടത്തുന്നവർ തങ്ങളുടെ അനുഭവങ്ങൾ യഥാർത്ഥമാണെന്ന് വാദിക്കുന്നുണ്ടെങ്കിലും, അവരുടെ തെളിവുകളെല്ലാം ഉപമകളാണ് - പെയോട്ടെ പോലുള്ള സൈക്കോ ആക്ടീവ് അൽക്കലോയ്ഡുകൾ അല്ലെങ്കിൽ എൽഎസ്ഡി കഴിക്കുന്ന ഒരാൾക്ക് അതിന്റെ സ്വാധീനത്തിൽ ദൈവവുമായോ, മരിച്ചവരുമായോ, മാലാഖമാരുമായോ ഇടപഴകിയിട്ടുണ്ടെന്ന് തോന്നുന്നത് പോലെ. എന്നാൽ ഭാവനയുടെ ലോകത്ത് ഇത്തരം സാധ്യതകൾ ചിറക് വിരിച്ച് പറക്കുന്നത് എക്കാലവും കാണാനാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ