

കൊച്ചി: ഗുജറാത്തിലെ ഓഖയില്‍ നിന്ന് കറാച്ചിയിലേക്ക് ഇരുട്ടിലൂടെ മൂന്ന് മിസൈല്‍ ബോട്ടുകള്‍ നീങ്ങിയപ്പോള്‍ അറബിക്കടലിന് മരണത്തിന്റെ നിശബ്ദതയായിരുന്നു. അത് ഒരു ജീവന്‍മരണ പോരാട്ടമായിരുന്നു. എന്നിരുന്നാലും മനസില്‍ ഒരു ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരിക്കുകയെന്നത് മാത്രം. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചപ്പോള്‍, 1971ലെ ഇന്ത്യാ - പാക് യുദ്ധത്തിലെ ചരിത്രപരമായ ഏടുകള്‍ ഓര്‍ത്തെടുക്കുകയാണ് നാവിക സേന കമഡോര്‍ എഡി റാവു.
അന്ന് സാങ്കേതിക വിദ്യ ഇന്നത്തെയത്ര വികസിച്ചിട്ടില്ലാത്ത കാലമാണ്. എല്ലാം അതീവരഹസ്യമായിരുന്നു. അന്ന് തനിക്ക് 27 വയസുമാത്രമായിരുന്നെന്നും എഡി റാവു ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇന്ത്യ സ്വന്തമാക്കിയ റഷ്യന്‍ നിര്‍മിത ബോട്ടുകളുടെ സഞ്ചാരം പോലും വളരെ രഹസ്യമായാണ് നടത്തിയത്. സ്റ്റികസ് മിസൈലുകള്‍ ഘടിപ്പിച്ച് എട്ട് ഒഎസ്എ ക്ലാസ് ബോട്ടുകളാണ് ഇന്ത്യ വാങ്ങിയത്. അന്നാണ് ആദ്യമായി ഇന്ത്യ യുദ്ധത്തില്‍ നാവികസേനയുടെ മിസൈല്‍ ബോട്ടുകളും കപ്പല്‍ വേധ മിസൈലുകളും ഉപയോഗിച്ചതെന്ന് അദ്ദേഹം പറയുന്നു.
നാവിക സേനയില്‍ നിന്നും വിരമിച്ച റാവു 30 വര്‍ഷത്തിലേറെയായി കൊച്ചിയിലാണ് താമസിക്കുന്നത്. നാലുവര്‍ഷത്തെ പരീശീലനവും അനുബന്ധപ്രവര്‍ത്തനങ്ങളും യുദ്ധത്തിനുള്ള ഒരുതരം തയ്യാറെടുപ്പായിരുന്നെന്ന് അദ്ദേഹം പറയുന്നു. കറാച്ചിയില്‍ ദ്രുതഗതിയില്‍ ആക്രമണം നടത്തി തിരിച്ചെത്തുകയെന്നതായിരുന്നു പദ്ധതി. ഡിസംബര്‍ മൂന്നിന് ദൗത്യത്തിനായി പുറപ്പെടും മുന്‍പ് കുടുംബത്തിന് കത്തെഴുതാന്‍ ഉദ്യോഗസ്ഥര്‍ തങ്ങളോട് ആവശ്യപ്പെട്ടു. എട്ടുമിസൈല്‍ ബോട്ടുകളില്‍ ദൗത്യത്തിനായി അയച്ച മൂന്ന് എണ്ണം ഐഎന്‍എസ് നിപത്, ഐഎന്‍എസ് നിര്‍ഘത്, ഐഎന്‍എസ് വീര്‍ എന്നിവയായിരുന്നു. ലെഫ്റ്റനന്റ് കമാന്‍ഡര്‍ ഓം പ്രകാശ് മേത്ത കമാന്‍ഡ് ചെയ്ത ഐഎന്‍എസ് വീറില്‍ മൂന്നാമത്തെ ഓഫീസറായിരുന്നു താന്‍.
1969ല്‍ മിസൈല്‍ ബോട്ടുകളുടെ പരിശീലനത്തിനായി സോവിയറ്റ് യൂണിയനിലേക്ക് പോയ സംഘത്തില്‍ താനും ഉണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു. പാകിസ്ഥാനെതിരായ ലക്ഷ്യം എളുപ്പമുള്ള ദൗത്യമായിരുന്നില്ല. ആയിരം കിലോ മീറ്റര്‍ അകലെയായിരുന്നു കറാച്ചി. മിസൈല്‍ ബോട്ടിന്റെ പരമാവധി ദൂരം 500 കിലോ മീറ്ററായിരുന്നു. അതിലപ്പുറം ദൗത്യം കഠിനമാക്കിയത് മിസൈലുകളുടെ ദുരപരിധിയായിരുന്നു. 40 കിലോമീറ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ലക്ഷ്യത്തിലെത്താന്‍ തങ്ങള്‍ക്ക് വളരെ അടുത്ത് എത്തേണ്ടിവന്നു. അദ്ദേഹം പറയുന്നു.
യുദ്ധത്തിന് പോകുന്നതിനിടെ ഐഎന്‍എസ് വീറിന് എഞ്ചിന്‍ തകരാര്‍ ഉണ്ടായാതായും അദ്ദേഹം ഓര്‍ക്കുന്നു. നാല് എന്‍ജിനുകളില്‍ ഒന്ന് പണി മുടക്കി, അതോടെ വേഗത മണിക്കൂറില്‍ 22 നോട്ടിക്കല്‍ മൈലില്‍ നിന്ന് 17 ആയി കുറഞ്ഞു. എന്നാലും ഐഎന്‍എസ് വീര്‍ മറ്റ് ബോട്ടുകള്‍ക്കൊപ്പം നീങ്ങി. അതിനിടെ പട്രോളിങ് നടത്തുന്ന രണ്ട് പാക് യുദ്ധകപ്പലുകള്‍ കണ്ടു. ഐഎന്‍എസ് നിര്‍ഘതില്‍ നിന്ന് രണ്ട് മിസൈലുകള്‍ തൊടുത്ത് അതിനെ മുക്കി. പാകിസ്ഥാന്റെ ആയുധങ്ങള്‍ വഹിച്ച ആ കപ്പല്‍ തകര്‍ത്തതോടെ അതിന് പരിഹരിക്കാനാകാത്ത കേടുപാടുകള്‍ സംഭവിച്ചു. കറാച്ചി തുറമുഖത്തുള്ള കപ്പലുകളുടെ ചുമതല ഐഎന്‍എസ് വീറിനായിരുന്നു. മൈന്‍സ്വീപ്പറായ മുഹാഫിസില്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു. ഐഎന്‍എസ് നിപത് കറാച്ചിയിലെ എണ്ണ സംഭരണ ടാങ്കുകള്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തോടെ പാകിസ്ഥാന്‍ ആശയക്കുഴപ്പത്തിലായി. ഇന്ത്യയുടേത് വ്യോമാക്രമണമാണെന്നാണ് അവര്‍ കരുതിയത്. അവര്‍ക്കിടയില്‍ ആശയവിനിമയത്തില്‍ പൂര്‍ണമായ പാളിച്ചകള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കിയാതോടെ ബോട്ടുകള്‍ അവിടെ നിന്നും പോര്‍ബന്ദറിലേക്ക് തിരിച്ചു. അവിടെ നിന്ന് ഇന്ധനം നിറച്ച ശേഷം വീണ്ടും മുംബൈയിലേക്ക്. അവിടെയെത്തിയ ശേഷം കമാന്‍ഡിങ് ഇന്‍ ചീഫ് അഡ്മിറല്‍ സൗരേന്ദ്രനാഥ് വാദ്യമേളത്തോടെ സ്വീകരിച്ചതായും റാവു പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
