ഇക്കുറി മഴക്കാലത്തിനൊപ്പം വിത്തുണ്ടകളും പെയ്യും, കേരളത്തെ വീണ്ടെടുക്കാൻ വിത്തൂട്ട്

ഈ മാസം തന്നെ ആദ്യം നിക്ഷേപിക്കേണ്ട സ്ഥലങ്ങളും വിത്തുകളും കണ്ടെത്തുകയും ജൂൺ പകുതി മുതൽ ഓ​ഗസ്റ്റ് വരെയുള്ള കാലയവളിൽ വിത്തുണ്ട നിക്ഷേപം നടത്തുകയും ചെയ്യാനാണ് ആലോചിക്കുന്നത്.
seed ball, KFRI, Kerala Forest department
seed ball- കേരളത്തിൽ വിത്തുണ്ട പാകാൻ വനംവകുപ്പ് തയ്യാറെടുക്കുന്നു
Updated on

തിരുവനന്തപുരം: ഇത്തവണത്തെ മഴക്കാലത്തോടൊപ്പം കുറേ വിത്തുണ്ടകളും (Seed ball) സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ പെയ്തിറങ്ങും. വിവിധ വനപ്രദേശങ്ങളിൽ പെയ്തിറങ്ങുന്ന വിത്തുണ്ടകൾ വരുംകാലത്തിന് അതിജീവനത്തി​ന്റെ വേരുകൾ ഉറപ്പിക്കാനുള്ള വിത്തും വളവുമാകും. കുറച്ചു കാലമായി കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് കാലാവസ്ഥമാറ്റവും അതുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിൽ സംഭവിക്കുന്ന മനുഷ്യ-വന്യമൃ​ഗ സംഘർഷവും. പലവിധ പദ്ധതികൾ ഈ പ്രശ്നം പരിഹരിക്കുന്നതിനായി നടപ്പാക്കിയെങ്കിലും അതെല്ലാം വെള്ളത്തിൽ വരച്ച വരപോലെയാകുന്നതാണ് സംസ്ഥാനം കണ്ടത്.

താൻ മന്ത്രിയായിരിക്കെ വന്യജീവി സംഘർഷം കുറയ്ക്കാൻ നടപ്പാക്കിയ ഫെൻസിങ് സംവിധാനം ആനകൾ തന്നെ തകർത്ത സംഭവം അടുത്തിടെ വെളിപ്പെടുത്തിയത് മുൻ കെ പി സി സി പ്രസിഡ​ന്റും വനം മന്ത്രിയുമായിരുന്ന കെ. സുധാകരനാണ്. കാടിനുള്ളിലെ ആവാസ വ്യവസ്ഥയ്ക്കും നാട്ടിലെ ആവാസ വ്യവസ്ഥയ്ക്കും പലകാരണങ്ങളാൽ തക‍ർച്ച സംഭവിച്ചിട്ടുണ്ട്. പല പ്രദേശങ്ങളും അതീവദുർബലമായ സാഹചര്യത്തിലുമാണ്.

കാടിനുള്ളിൽ പടർന്നു പിടിച്ച സെന്ന എന്ന മഞ്ഞക്കൊന്ന, അക്കേഷ്യ, യൂക്കാലിപ്റ്റസ് എന്നിവയുടെ വ്യാപനം തുടങ്ങി മനുഷ്യനി‍ർമ്മിതവും അല്ലാത്തതുമായ കാരണങ്ങൾ കേരളത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥയെ ദുർബലപ്പെടുത്തിയിട്ടുുണ്ട്. ഇതിനൊപ്പം ആ​ഗോളതലത്തിൽ സംഭവിക്കുന്ന കാലാവസ്ഥമാറ്റവും അത് സൃഷ്ടിക്കുന്ന വെല്ലുവിളികളും കനത്ത വേനലും പേമാരിയും പ്രളയവും ഉരുൾപൊട്ടലുമൊക്കെയായി കേരളത്തെ ​ഗുരുതരമായ രീതിയിൽ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തെ മറികടക്കാനും കേരളത്തിലെ ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കനുമാണ് വനം വകുപ്പും പീച്ചിയിലെ കേരളാ വന​ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും മുൻകൈ നൽകി കൊണ്ട് വിത്തൂട്ട് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്.

എന്താണ് വിത്തുണ്ട?, വിത്തുണ്ട ഉണ്ടാക്കുന്നത് എങ്ങനെ?

ലോകത്തെ പലയിടങ്ങളിലും നടപ്പാക്കി വിജയിച്ചിട്ടുള്ള ആവാസവ്യവസ്ഥ പുനരുജ്ജീവന, സംരക്ഷണ പദ്ധതിയുടെ ഭാ​ഗമാണ് വിത്തുണ്ട (Seed - ball). ഇത് തയ്യാറാക്കുന്നത് മണ്ണും വളവും ചേർത്ത് വിത്തുകൾ അതിനുള്ളിലാക്കി അതിനെ ഒരു ഉണ്ട പോലെ ഉരുട്ടിയെടുക്കുന്നു. ഒരു വിത്തുണ്ടയിൽ ഒരേയിനത്തിൽ പെട്ട ആറോ ഏഴോ വിത്തുകളുണ്ടാകും. ഈ വിത്തുകളെ മണ്ണും വളവും കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നതിനാൽ തന്നെ ഇത് മണ്ണിൽ ഇടുമ്പോൾ പ്രാണികളോ മറ്റോ അത് കഴിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ല. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളും ഇതിനെ നശിപ്പിക്കില്ല. അതിനാൽ തന്നെ അതിനുള്ളിൽ കിടന്ന് ഈ വിത്തുകൾ മുളയ്ക്കുകയും അവയുടെ വേരുകൾ മണ്ണിലേക്കിറങ്ങി അവിടെ മരമായും ചെറു സസ്യങ്ങളായും വള്ളിച്ചെടികളായും പുല്ലുകളായും വളർന്ന് വരുകയും ചെയ്യും. ഇത് ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനും കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുമെന്നാണ് കരുതുന്നത്.

കേരളത്തിൽ വിത്തുണ്ട നിക്ഷേപിക്കുന്നത് എങ്ങനെ?

സംസ്ഥാന വനം വകുപ്പും പീച്ചി വന​ഗവേഷണ കേന്ദ്രവും (KFRI) ചേർന്നാണ് ഈ ആശയം നടപ്പാക്കാൻ ഒരുങ്ങുന്നത്. കേരളത്തിൽ സാക്ഷരതാ പരിപാടി, ജനകീയാസൂത്രണ പരിപാടി എന്നിവ പോലെ ജനപങ്കാളിത്തതോടെ ഈ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നത്തിനുള്ള പരിഹാരം എന്ന നിലയിൽ നടപ്പാക്കുന്ന ഈ ജൈവ പദ്ധതിക്ക് അനുകൂലമമായ പ്രതികരണമാണ് ഇവർ പ്രതീക്ഷിക്കുന്നത്. കോളജുകൾ, സ്കൂളുകൾ, വായനശാലകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വിഭാ​ഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് കേരളം മുഴുവൻ ഈ പദ്ധതി നടപ്പാക്കും. ഈ മാസം തന്നെ ആദ്യം നിക്ഷേപിക്കേണ്ട സ്ഥലങ്ങളും വിത്തുകളും കണ്ടെത്തുകയും ജൂൺ പകുതി മുതൽ ഓ​ഗസ്റ്റ് വരെയുള്ള കാലയവളിൽ വിത്തുണ്ട നിക്ഷേപം നടത്തുകയും ചെയ്യാനാണ് ആലോചിക്കുന്നത്.

എന്താണ് വിത്തൂട്ട്?

സംസ്ഥാനത്ത വിത്തുണ്ട പദ്ധതി നടപ്പാക്കുന്നതിന് ആദ്യഘട്ടമായി സ്വീകരിച്ചിരിക്കുന്നതാണ് വിത്തൂട്ട് എന്ന പരിപാടി. ഈ പേരിൽ നടപ്പാക്കുന്ന പരിപാടി കേരളത്തിലെ വനമേഖലകളിലായിരിക്കും ആദ്യം നടപ്പാക്കുക. വനങ്ങൾക്കുള്ളിൽ വനനശീകരണം സംഭവിച്ച പ്രദേശങ്ങൾ, ആവാസ വ്യവസ്ഥ നശിച്ച് പ്രദേശങ്ങൾ എന്നിവിടങ്ങളിലായിരിക്കും ആദ്യമായി വിത്തുണ്ടകൾ ഉപയോ​ഗിച്ചുള്ള വിത്തൂട്ട് നടത്തുക. ഓരോ പ്രദേശത്തും അവിടുത്തെ പരമ്പരാ​ഗത മരങ്ങളുടെയും സസ്യജാലങ്ങളുടെയും വിത്തുകളായിരിക്കും വിത്തുണ്ട വഴി മണ്ണിൽ നിക്ഷേപിക്കുക. കാടുകളിലും മറ്റും കാടി​ന്റെ ആവാസ വ്യവസ്ഥ പരി​ഗണിക്കുമ്പോൾ അവിടെയുള്ള മൃ​ഗങ്ങളുടെ കൂടെ കാര്യം പരി​ഗണിക്കും. അവ‍ർ കൂടി ഉൾപ്പെടുന്നതാണ് ആവാസ വ്യവസ്ഥ എന്നതിനാൽ അവർക്ക് വേണ്ട ഭക്ഷണം കൂടെ ഈ മരം, ചെടി, പുല്ലുകൾ എന്നിവയിൽ നിന്ന് ലഭിക്കത്തക്കവിധമായിരിക്കും വിത്തുണ്ട വിതറുകയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോജ് ജി കൃഷ്ണൻ പറഞ്ഞു.

വനമേഖലയിൽ വിത്തുണ്ട നിക്ഷേപം നടത്തി ആരംഭിക്കുന്ന പദ്ധതി പിന്നീട് മേപ്പാടി പോലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ, കാട്ടുതീ നശിപ്പിച്ച പ്രദേശങ്ങൾ, പുൽമേടുകൾ, തരിശ് കിടക്കുന്ന പ്ലാ​ന്റേഷനുകൾ, മറ്റ് സർക്കാർ ഭൂമികൾ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും. അതത് സ്ഥലത്ത് അനുയോജ്യമായ വിത്തുകളായിരിക്കും നിക്ഷേപിക്കുക എന്നതിനാൽ തന്നെ മറ്റ് ബുദ്ധിമുട്ടുകളുണ്ടാകില്ല.ഓരോ പ്രദേശത്ത് ഉണ്ടായിരുന്നതോ ഉള്ളതോ ആയ സ്പീഷ്യലുള്ളവയായിരിക്കും അവിടെ നിക്ഷേപിക്കുക. അതുകൊണ്ട് തന്നെ പാരിസ്ഥിതിക പ്രശ്നങ്ങളൊന്നും ഉണ്ടാകുകയില്ലെന്ന് മാത്രമല്ല, അവിടുത്തെ തകർന്നതോ ദുർബലമായി മാറിയതോ ആയ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായകമാകുകയും ചെയ്യും. ഉദാഹരണത്തിന് പാലക്കാട് ചിലതരം ഞാവലുകൾ ഉണ്ടായിരന്നു. അവ വീണ്ടും അവിടെ വച്ചുപിടിക്കുക എന്നതാകും ഒരു ലക്ഷ്യം. കാടുകളിലും നാടുകളിലും ഫലവൃക്ഷങ്ങൾ വച്ച് പിടിക്കുന്നത് ഈ പദ്ധതിയുടെ ഭാ​ഗമാണ്. ഇത് മൃ​ഗങ്ങൾക്കും പക്ഷികൾക്കും വേണ്ടി മാത്രമല്ല, മനുഷ്യർക്ക് കൂടെ പ്രയോജനപ്പെടുന്നതാകുമെന്ന് വൈൽഡ് ലൈഫ് വാ‍ർഡൻ പറഞ്ഞു.

വിത്തുകൾ ഓരോ പ്രദേശത്തെയും ഭൂമി ശാസ്ത്ര പ്രത്യേകത അനുസരിച്ചായിരിക്കും നിക്ഷേപിക്കുക. പുൽമേടുകളിലും കുന്നുകളിലും വനങ്ങളിലും മുകളിൽ നിന്നും നിക്ഷേപിക്കുകയാവും ചെയ്യുക. ഇതിനായി ഡ്രോണുകൾ ഉപയോ​ഗിക്കുക എന്നതാണ് പ്രാഥമിക പദ്ധതി. ഇതിനൊപ്പം തന്നെ സൈനിക സഹായത്തോടെ ഹെലികോപ്റ്ററുകൾ ഉപയോ​ഗിച്ച് വിത്തുണ്ട നിക്ഷേപം നടത്താൻ സാധിക്കുമോ എന്ന കാര്യവും പരി​ഗണനയിലുണ്ട്. ഭാവിയിൽ ആളുകൾ ആവശ്യപ്പെടുകയാണെങ്കിൽ അവരുടെ കൃഷിഭൂമികൾക്ക് അനുയോജ്യമായ വിത്തുണ്ടകൾ നൽകും, റവന്യു ഭൂമിയിലും വിത്തുണ്ടകൾ നിക്ഷേപിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com