
ഒരു പാക്കറ്റ് ബിരിയാണിയുടെ വില നൂറ് രൂപ എന്നുപറഞ്ഞാൽ നമുക്കത് വലിയ തുകയായിരിക്കില്ല. പക്ഷെ മലപ്പുറം ചൊക്കാടി പഞ്ചായത്തിലെ ഉരുളുമടക്കാരോട് ചോദിച്ചാൽ അവർ പറയും ഒരു അപ്രോച്ച് റോഡിൻറെ മൂല്യമുണ്ട് അതിനെന്ന്.
കാരണം അവരിപ്പോൾ ഒരു ബിരിയാണി ചലഞ്ച് നടത്തുകയാണ്. കിട്ടുന്ന പണം ഉപയോഗിച്ച് വേണം നാട്ടിലേക്ക് ഒരു റോഡ് വെട്ടാൻ. നാട്ടിലെ കാരുണ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് ഈ ബിരിയാണി ചലഞ്ചിന് പിന്നിൽ.
തൊട്ടടുത്ത പ്രദേശമായ കാളികാവിലേക്ക് ഉരുളുമടക്കാർക്ക് എത്തണമെങ്കിൽ കിലോമീറ്ററുകളോളം കറങ്ങിവേണം പോകാൻ. പുഴകടന്നുള്ള എളുപ്പ വഴിവേഗം എത്താനാണെങ്കിൽ അവിടെയൊരു റോഡില്ല. ആകെയുള്ളത് മൂന്ന് അടി നടപ്പാതമാത്രം. അതും പുഴക്ക് കുറുകെയുള്ള ചെറിയ നടപ്പാലവും കടന്ന് വേണം പോകാൻ. എന്നാൽ 2018 ലെ പ്രളയത്തിൽ ആ പാലം ഒലിച്ചുപോയി, പിന്നീട് സൈന്യം പണിഞ്ഞ താൽക്കാലിക നടപ്പാലവും പെരുമഴയത്ത് പൊളിഞ്ഞു. ഇതോടെ ഉരുളുമടക്കാർ വീണ്ടും ദുരിതത്തിലായി.
"അടിയന്തരസാഹചര്യങ്ങളിൽ പോലും വല്ലാത്തെ ബുദ്ധിമുട്ടാണ് ഞങ്ങൾ അനുഭവിക്കുന്നത്. ആർക്കെങ്കിലും എന്തെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ വേഗം എത്തിക്കാൻ പോലും സാധിക്കില്ലാർന്നു", ക്ലബ് പ്രസിഡൻറ് ബഷീർ പറയുന്നു.
ഉരുളുമടക്കാരുടെ ദുരിതം അറിഞ്ഞ് പാലം പണിത് ജില്ലാ പഞ്ചായത്ത് രക്ഷകരായി. ആറടി വീതിയുള്ള പാലം വന്നപ്പോൾ അടുത്ത പ്രശ്നം തലപൊക്കി. അപ്രോച്ച് റോഡിന് ഉരുളുമടയിൽ സ്ഥലമില്ല. ഈ സ്ഥലം ഉരുളുമടക്കാർ തന്നെ കണ്ടെത്തണമെന്ന വ്യവസ്ഥയിലായിരുന്നു ജില്ലാപഞ്ചായത്ത് പാലം പണിഞ്ഞുകൊടുത്തത്.
അതോടെ നാട്ടിലെ ക്ലബ് രംഗത്തിറങ്ങി. നാട്ടുകാരോട് സംസാരിച്ച് വേണ്ട സ്ഥലം ഏറ്റെടുക്കലായിരുന്നു പദ്ധതി. നാടിന്റെ ആവശ്യം തിരിച്ചറിഞ്ഞ കളരിക്കൽ കുഞ്ഞാപ്പു എന്നയാൾ തന്റെ 32 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകി. പക്ഷേ. തടസം അവിടെയും അവസാനിച്ചില്ല. കുഞ്ഞാപ്പു വിട്ടുനൽകിയ സ്ഥലം അവസാനിക്കുന്നിടത്ത് നിന്ന് പിന്നീടുള്ള പ്രദേശത്തുള്ളത് സ്ഥലം വിട്ടുകൊടുക്കാൻ പറ്റാത്ത സാഹചര്യത്തിലുള്ള മൂന്നും അഞ്ചും സെന്റ് മാത്രമുള്ളവർ. ഒരു കിലോമീറ്റർ ദൂരം റോഡിനാണ് ഇവിടെ സ്ഥലം കണ്ടെത്തേണ്ടിയിരുന്നത്.
"അവർക്ക് ആകെയുള്ള വീടിന്റെ സുരക്ഷ അവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അവർക്ക് വീടിന് പ്രശ്നമുണ്ടാകില്ലെന്നും അതിർത്തി മതിൽ ക്ലബ് കെട്ടികൊടുക്കാമെന്നും ഉറപ്പ് നൽകിയാണ് അവരെ സമ്മതിപ്പിച്ചത്. ആ മതിൽ പണിയാനുള്ള പണം കണ്ടെത്താനാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്", ബഷീർ വിശദീകരിച്ചു.
ഈ പ്രദേശത്ത് ആറടി റോഡ് എന്നത് അഞ്ചടിയാക്കി ചുരുക്കിയാണ് സ്ഥലം കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപയാണ് മതിലുകൾ പണിയാൻ ആവശ്യമുള്ളത്. വരുന്ന 20 ആം തിയ്യതിയിലെ ബിരിയാണി ചലഞ്ചിലൂടെ ആവശ്യമായ തുക കണ്ടെത്താമെന്നാണ് ക്ലബ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ