പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയല്‍; 30.67 ലക്ഷം രൂപ പിഴചുമത്തി

ഇത്തരം പരാതികള്‍ അറിയിക്കാനുള്ള 'സിംഗിള്‍ വാട്സാപ്പ്' സംവിധാനം നിലവില്‍ വന്നശേഷം സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിന്നായി 7,921 പരാതികളാണ് ഇതുവരെ ലഭിച്ചത്.
Throwing garbage in public places Fine of Rs 30.67 lakh imposed
പ്രതീകാത്മക ചിത്രം എക്സ്
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിള്‍ വാട്സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിന്‍മേല്‍ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ മേയ് 17 വരെ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ ഇതിനകം ഈടാക്കി.

ഇത്തരം പരാതികള്‍ അറിയിക്കാനുള്ള 'സിംഗിള്‍ വാട്സാപ്പ്' സംവിധാനം നിലവില്‍ വന്നശേഷം സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിന്നായി 7,921 പരാതികളാണ് ഇതുവരെ ലഭിച്ചത്. അതില്‍ കുറ്റക്കാരെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ ഉള്ള 4,772 പരാതികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കുകയും 3,905 പരാതികള്‍ തീര്‍പ്പാക്കുകയും ചെയ്തു.

നിയമലംഘനം നടത്തിയവരില്‍ നിന്നും ഈടാക്കിയ പിഴയുടെ നിശ്ചിത ശതമാനം പരാതി സമര്‍പ്പിച്ചവര്‍ക്കുള്ള പാരിതോഷികമായും നല്കും. ഇതിനകം 37 പേര്‍ക്കുള്ള പാരിതോഷികമായി 21,750 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ നിയമലംഘനം നടത്തിയ 26 പേരുടെ മേല്‍ പ്രോസിക്യൂഷന്‍ നടപടികളും പുരോഗമിക്കുകയാണ്.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിംഗിള്‍ വാട്സപ്പ് സംവിധാനം കൊണ്ടുവന്നത്. 9446700800 എന്ന വാട്സ്ആപ്പ് നമ്പറാണ് ഇതിനായി ഉപയോഗിക്കുന്നത്. പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരുടെ മുഖമോ, വാഹന നമ്പറോ മറ്റു തിരിച്ചറിയല്‍ വിവരങ്ങളോ വ്യക്തമാകുംവിധം ഫോട്ടോ/വിഡിയോ പകര്‍ത്തി പൊതുജനങ്ങള്‍ക്ക് ഈ വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം. ഈ പരാതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ പരിശോധിച്ചതിനുശേഷം നടപടി സ്വീകരിക്കും. നിയമലംഘനം കണ്ടെത്തിയാല്‍ ഇതിന്മേല്‍ ഈടാക്കുന്ന തുകയുടെ 25 ശതമാനം (പരമാവധി 2,500 രൂപ വരെ) പരാതിക്കാര്‍ക്ക് ലഭ്യമാകുന്ന വിധത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

മഴക്കാലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കൂടുതല്‍ രോഗപ്പകര്‍ച്ചക്കും ദുരന്തങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ വീടുകള്‍ക്കൊപ്പം തങ്ങളുടെ പരിസരപ്രദേശങ്ങളും ജലാശയങ്ങളും വൃത്തിയായി സൂക്ഷിക്കാന്‍ പൊതുജനങ്ങള്‍ ജാഗരൂകരാകണമെന്ന് സംസ്ഥാന ശുചിത്വമിഷന്‍ അഭ്യര്‍ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com