പിന്നിൽ ഭർതൃ വീട്ടിലെ പ്രശ്നങ്ങൾ? 3 വയസുകാരിയുടെ മരണം; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

അറസ്റ്റ് രേഖപ്പെടുത്തി സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും
3 year old kalyani death, mother sandhya charged with murder
കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾടെലിവിഷൻ സ്ക്രീൻ ഷോട്ട്
Updated on
2 min read

കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മരണത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. കൊലപാതകത്തിനു പിന്നിൽ ഭർതൃ വീട്ടിലെ പീഡനമാണോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തി സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സന്ധ്യ നിലവിൽ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

മകൾക്ക് ഭർതൃവീട്ടിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. പ്രശ്നങ്ങളെ തുടർന്നു സന്ധ്യ സ്വന്തം വീട്ടിൽ തന്നെയായിരുന്നു. കുഞ്ഞിനെ കൊല്ലാൻ മാത്രമുള്ള പ്രശ്നമുള്ളതായി അറിയില്ലെന്നും സന്ധ്യയുടെ അമ്മ പറയുന്നു. കുട്ടിയെ സന്ധ്യ മുൻപും ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് കുഞ്ഞിന്റെ അച്ഛൻ പറയുന്നത്.

കല്യാണിയുടെ മൃത​ദേഹം ചാലക്കുടി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ആറം​ഗ സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് തിരച്ചിലിൽ‌ നിർണായകമായത്. കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊന്നതാണെന്നു കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യ മാനസിക അസ്വാസ്ഥ്യങ്ങൾ നേരിട്ടിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.

വീട്ടിലേക്ക് മകളുമായി പോകുമ്പോൾ ബസിൽ നിന്നു കാണാതായി എന്നാണ് സന്ധ്യ ആദ്യം മൊഴി നൽകിയത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നു പിന്നീട് തിരുത്തി പറഞ്ഞു. അതിനു ശേഷമാണ് ബന്ധുക്കളോടും പൊലീസിനോടും സന്ധ്യ പുഴയിലെറിഞ്ഞെന്നു കുറ്റസമ്മതം നടത്തിയത്.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് തിരുവാങ്കുളത്തു നിന്നു ആലുവയ്ക്കു യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. അങ്കണവാടിയിൽ നിന്നു കുഞ്ഞിനെ കൂട്ടാനായാണ് സന്ധ്യ വീട്ടിൽ നിന്നു പോയത്. എന്നാൽ തിരിച്ചു വന്നപ്പോൾ കൂടെ കുഞ്ഞുണ്ടായിരുന്നില്ല.

വൈകീട്ട് നാല് മണിയോടെ മറ്റക്കുഴിയിൽ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്നു ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസിൽ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നുമാണ് സന്ധ്യ ആദ്യം മൊഴി നൽകിയത്. പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്.

വീട്ടുകാരുടെ നിരന്തര ചോദ്യത്തിനൊടുവിൽ അമ്മയിൽ നിന്നു പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. എട്ട് മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിച്ചു. അവർ അന്വേഷണവും തുടങ്ങി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ മൂഴിക്കുളം പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചതായി മറുപടി നൽകിയത്. തുടർന്നാണു പൊലീസും സ്കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊർജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചിൽ ഇന്ന് പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു.

മൂഴിക്കുളം ഭാ​ഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടി. ആലുവ ഡിവൈഎസ്പി പാലത്തിനു താഴെ പരിശോധിച്ച ശേഷം ആഴമുള്ള സ്ഥലമായതിനാൽ ആലുവയിൽ നിന്നുള്ള യുകെ സ്കൂബ ടീമിനെ വിളിക്കുന്നു. 12.45നാണ് സ്കൂബ ടീം എത്തിയത്. പിന്നീടാണ് മണിക്കൂറുകൾ നീണ്ട തിരച്ചിൽ ആരംഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com