
പാലക്കാട്: റാപ്പര്‍ വേടന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഉണ്ടായ നാശനഷ്ടത്തില്‍ പട്ടികജാതി വികസന വകുപ്പിന് നോട്ടീസയച്ച് പാലക്കാട് നഗരസഭ. പരിപാടിക്കിടെ 1,75,552 രൂപയുടെ നാശനഷ്ടമുണ്ടായതായും നഷ്ടപരിഹാര തുക നല്‍കണമെന്നും നഗരസഭ സെക്രട്ടറി നോട്ടീസില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ടു നടത്തിയ പട്ടികജാതി, വര്‍ഗ സംസ്ഥാനതല സംഗമത്തിന്റെ ഭാഗമായിരുന്നു വേടന്റെ സംഗീതപരിപാടി. മുഖ്യമന്ത്രി പങ്കെടുത്ത സംഗമത്തിലും വേടന്‍ പങ്കെടുത്തിരുന്നു.3000-4000 പേരെ പങ്കെടുപ്പിക്കാവുന്ന മൈതാനത്ത് അതിന്റെ എത്രയോ ഇരട്ടിയിലധികം പേര്‍ എത്തിയെന്നും ഇതു മുന്‍കൂട്ടി കാണാനാകാത്തതു സംഘാടകരുടെ വീഴ്ചയാണെന്നുമാണ് നഗരസഭയുടെ വാദം. മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തിയത്. 'മൂന്നാംവരവ് 3.0' എന്ന പേരിലായിരുന്നു സംഗീത പരിപാടി. പരിപാടിയില്‍ പ്രവേശനം സൗജന്യമായായിരുന്നു.
പരിപാടിക്കിടയില്‍ കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും ആളുകള്‍ നശിപ്പിച്ചതായാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിലും നഗരസഭ പരാതി നല്‍കി. തിരക്കിനിടെ കാണികള്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തു. 10,000ത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലായിരുന്നു സജ്ജീകരണങ്ങള്‍. തുറന്ന വേദിയില്‍ നടന്ന പരിപാടി എല്ലാവര്‍ക്കും കാണാന്‍ നാല് വലിയ എല്‍ഇഡി സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ