'കിണറ്റില്‍ നിന്ന് ചത്ത പൂച്ചയെ എടുത്തവരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു'; മറിയക്കുട്ടിക്കെതിരെ സണ്ണി ജോസഫ്

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആപത് ഘട്ടത്തില്‍ തിരിഞ്ഞുനോക്കാത്തത് കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്
congress against mariyakkutty sunny joseph
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കുന്നുSocial Media
Updated on

കോട്ടയം: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വീട് നല്‍കിയവരെ വേണ്ടെന്ന് വച്ച് കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ വന്നവരുടെ പാര്‍ട്ടില്‍ ചേര്‍ന്നു എന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റ പരാമര്‍ശം. മറിയക്കുട്ടിയുടെ പേരുപറയാതെ ആയിരുന്നു വിമര്‍ശനം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആപത് ഘട്ടത്തില്‍ തിരിഞ്ഞുനോക്കാത്തത് കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.

''ഒരാള്‍ എന്നോട് പറഞ്ഞ ഒരു സംഭവം ഞാന്‍ ഓര്‍ക്കുകയാണ്. വീടില്ലാത്ത ഒരാള്‍ക്ക് ഒരു പാര്‍ട്ടി വീട് വച്ച് നിര്‍മിച്ചുനല്‍കി. അയാള്‍ ആ വീട്ടില്‍ നന്നായി താമസം തുടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ കിണറ്റില്‍ ഒരു പൂച്ച ചത്തുകിടക്കുന്നതായി കണ്ടു. ആ പൂച്ചയെ എടുക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാരാണ് വന്നത്. അവസാനം വീടിന്റെ ഉടമ പൂച്ചയെ എടുക്കാന്‍ വന്നവരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു.'' എന്നായിരുന്നു സണ്ണി ജോസഫിന്റെ വാക്കുകള്‍. കോണ്‍ഗ്രസിന്റെ ലക്ഷ്യം വീടില്ലാത്ത എല്ലാവര്‍ക്കും വീട് വേണം എന്നതാണ്. ആപത്ഘട്ടത്തില്‍ കോണ്‍ഗ്രസ് കൂടെ നിന്നില്ലെന്ന് മറിയക്കുട്ടി പറഞ്ഞത് ജനം വിലയിരുത്തട്ടെ എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

വികസിത കേരളം കണ്‍വെന്‍ഷന്റെ ഭാഗമായി വെള്ളിയാഴ്ച തൊടുപുഴയില്‍ ബിജെപി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മറിയക്കുട്ടി പങ്കെടുത്തതോടെയാണ് ഇവര്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. മറിയക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ബിജെപി നേതാക്കളും അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന ഫോട്ടോയുള്‍പ്പെടെ പിന്നീട് പുറത്തുവന്നിരിന്നു.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചതോടെയാണ് അടിമാലി സ്വദേശിനി മറിയക്കുട്ടി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്രതിഷേധത്തിന് പിന്നാലെ മറിയക്കുട്ടിയെ പിന്തുണച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കെപിസിസി ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com