സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വ്യാപക നാശനഷ്ടം, വീടുകള്‍ തകര്‍ന്നു, മൂന്ന് മരണം

മഴക്കടുതിയില്‍ മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി. പലയിടത്തും ട്രെയിന്‍ ഗതാഗതം അടക്കം തടസപ്പെട്ടു
Heavy rains kerala widespread damage, houses destroyed, three dead
തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്ന് കടപുഴകി വീണ മരം അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും മുറിച്ചുമാറ്റുന്നുപിടിഐ
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ നാശം വിതച്ച മഴക്കെടുതിയില്‍ 3 പേര്‍ മരിച്ചു. ഒരാളെ കാണാതായി. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി വീടും കെട്ടിടവും തകര്‍ന്നു. മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി.

കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറത്ത് കാറ്റില്‍ വള്ളംമറിഞ്ഞ് മേത്തല പടന്ന പാലക്കപറമ്പില്‍ സന്തോഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓട്ടറാട്ട് പ്രദീപിനായുള്ള തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് വടകര അഴിയൂരില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിനടിയില്‍ കുടുങ്ങി കണ്ണൂര്‍ പെരിങ്ങത്തൂര്‍ കരിയാട് മുക്കാളിക്കര എരോത്ത് പീടികയ്ക്ക് സമീപം കുളത്തുവയല്‍ വീട്ടില്‍ രജീഷ് (48) മരിച്ചു.കണ്ണൂര്‍ എടക്കാട് ദേശീയപാത 66ല്‍ കോണ്‍ക്രീറ്റിങ്ങിനിടെ മണ്ണിടിഞ്ഞ് ജാര്‍ഖണ്ഡ് സ്വദേശി ബയാസ് ഒറോയ (34) മരിച്ചു.

മഴക്കടുതിയില്‍ മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി. പലയിടത്തും ട്രെയിന്‍ ഗതാഗതം അടക്കം തടസപ്പെട്ടു. വൈദ്യുതിബന്ധവും തകരാറിലായി. തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. നാദാപുരം റോഡ് റെയില്‍വേ ലൈനില്‍ മരംവീണ് ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ മുടങ്ങി. പഴശ്ശി അണക്കെട്ടിന്റെ നാലു ഷട്ടര്‍ അരമീറ്റര്‍ വീതം ഉയര്‍ത്തി. മലപ്പുറം എടക്കര പുന്നപ്പുഴയിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി. പാലക്കാട് ജില്ലയില്‍ മൂന്നു വീടും ആലപ്പുഴയില്‍ ഒരുവീട് പൂര്‍ണമായും ആറു വീട് ഭാഗികമായും തകര്‍ന്നു. ആലുവയിലും തൃപ്പൂണിത്തുറയിലും മരംവീണ് വീടുകള്‍ തകര്‍ന്നു. പലയിടങ്ങളിലും ലൈനില്‍ മരം വീണ് വൈദ്യുതി മുടങ്ങി. തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. കോട്ടയം തലനാട് വെള്ളാനി ഗവ. എല്‍പി സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 26.89 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. അതിനാല്‍ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. അടുത്ത 3 ദിവസം അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com