
കൊച്ചി: അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ് സി എല്‍സ മൂന്നില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ചയില്‍ മത്സ്യമേഖല കടുത്ത ആശങ്കയില്‍. ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയില്‍ ആഘാതമുണ്ടാക്കും. ഇതു മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കപ്പലിലെ കണ്ടെയ്‌നറുകളില്‍ നിന്നുള്ള സാധനങ്ങള്‍ വെള്ളത്തില്‍ കലരുന്ന സാഹചര്യമുണ്ടായാല്‍ അപകട സാധ്യത ഏറും.
മെച്ചപ്പെട്ട വേനല്‍മഴ കിട്ടുകയും കാലവര്‍ഷം നേരത്തേ എത്തുകയും ചെയ്തതോടെ ഈ വര്‍ഷം മികച്ച മത്സ്യസമ്പത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. ഈ കാലാവസ്ഥയില്‍ ചെറിയ ഉപരിതല മത്സ്യങ്ങളും തീരത്തോടു ചേര്‍ന്നു കാണപ്പെടുന്ന മീനുകളും സജീവമാകുകയും പ്രത്യുല്‍പാദനം ഏറുകയും ചെയ്യുന്നതാണ്. മഴയാരംഭത്തില്‍ പോഷക സമ്പുഷ്ടമായ എക്കല്‍ കടലിലേക്ക് ഒഴുകിയെത്തുന്നതും മത്സ്യസമ്പത്തിന് അനുകൂലഘടകമാണ്. ഈ സമയത്തുണ്ടാകുന്ന എണ്ണച്ചോര്‍ച്ച മത്സ്യസമ്പത്തിനെയും മത്സ്യ ബന്ധനത്തെയും ബാധിക്കുമോ എന്ന ആശങ്കയാണ് മത്സ്യമേഖല പങ്കുവെയ്ക്കുന്നത്.
കടലില്‍ എണ്ണ കാണപ്പെടുന്നതിന്റെ തോതനുസരിച്ച് മത്സ്യബന്ധനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇപ്പോഴത്തെ നിലയില്‍ വടക്കന്‍ ജില്ലകളില്‍ പ്രശ്‌നമില്ല. ഒഴുക്കിന്റെ ഗതി തെക്കോട്ട് ആയതിനാല്‍ എണ്ണ പരക്കുന്നതു തെക്കന്‍ ജില്ലകളിലേക്കാകും. തീരങ്ങളില്‍ ഇതിന്റെ അംശം കാണപ്പെടാന്‍ 48 മണിക്കൂര്‍ എടുക്കുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ