
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് പറയാന്‍ സമയമാവുന്നതേയുള്ളൂവെന്ന് പിവി അന്‍വര്‍. മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. നിലമ്പൂര്‍ കോണ്‍ഗ്രസിന്റെ സീറ്റാണ്, അവര്‍ പറയട്ടെയെന്ന് പി വി അന്‍വര്‍ ( P V Anvar ) പറഞ്ഞു. കോണ്‍ഗ്രസാണ് തീരുമാനമെടുക്കേണ്ടത്. മുമ്പും സ്വന്തം കാലിലാണ് നിന്നത്. ഇപ്പോഴും സ്വന്തം കാലിലാണ് നില്‍ക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായി താനെടുത്ത രാഷ്ട്രീയ നിലപാടുകളോട് വളരെ സൗഹാര്‍ദ്ദപരമായ നിലപാട് സ്വീകരിച്ചവരാണ് മുസ്ലിം ലീഗ് പാര്‍ട്ടിയും അതിന്റെ നേതൃത്വവും. ആ നിലയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്ന കോംപ്ലിക്കേഷന്‍സ് കുഞ്ഞാലിക്കുട്ടിയെ ധരിപ്പിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം തനിക്കുണ്ട്. അത് അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗ്. അതിന്റെ ഭാഗമായാണ് കണ്ടത്.
ഇതില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫിലെ വലിയ കക്ഷിയായ കോണ്‍ഗ്രസാണ്. ലീഗിന്റെ സീറ്റില്‍ ലീഗിന് സംസാരിക്കാന്‍ കഴിയുമായിരിക്കാം. ഇത് കോണ്‍ഗ്രസിന്റെ സീറ്റില്‍ അവരല്ലേ സംസാരിക്കേണ്ടത്. അവരിപ്പോള്‍ തീരുമാനമെടുത്ത് മുന്നോട്ടു പോകുകയാണല്ലോ. പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കെ സുധാകരന്‍ പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഭാഗമാകുമെന്ന് പറച്ചില്‍ തുടങ്ങിയിട്ട് എത്രമാസമായി എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. ഇനിയെന്ത് ഭാഗം ?. അന്‍വര്‍ ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നത് പിന്നീട് പറയേണ്ട സമയത്ത് പറയും. മുസ്ലിം ലീഗും പാണക്കാട് തങ്ങള്‍ കുടുംബവും കുഞ്ഞാലിക്കുട്ടിയും തുടക്കം മുതലേ പോസിറ്റീവായിട്ടാണ് താനെടുത്ത പൊളിറ്റിക്കല്‍ നിലപാടിനോട് പ്രതികരിച്ചിട്ടുള്ളത്. അതില്‍ രാഷ്ട്രീയമുണ്ടെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയപാര്‍ട്ടിയാണ്. തന്നോട് സ്‌നേഹവും താല്‍പ്പര്യവും പ്രകടിപ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് കൂടിയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ടത്. തന്റെ ഒരു വെല്‍വിഷര്‍ കൂടിയാണ് അദ്ദേഹം. ആ നിലയ്ക്ക് അദ്ദേഹത്തെ കണ്ട് പറയേണ്ട ഉത്തരവാദിത്തം ഉള്ളതു കൂടിയാണ് കണ്ടതെന്ന് അന്‍വര്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി എന്നും പോസിറ്റീവാണ്. ഇപ്പോഴും അങ്ങനെ തന്നെ. അദ്ദേഹത്തിന് രാഷ്ട്രീയം അറിയാം. രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായി ഗണിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളാണ്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് അഭിപ്രായമുണ്ടോയെന്ന ചോദ്യത്തിന്, അതൊക്കെ പിന്നെപ്പറയാം എന്നായിരുന്നു മറുപടി. കോണ്‍ഗ്രസുകാര്‍ പലരുമായും വ്യക്തിപരമായ ബന്ധമുണ്ട്. എന്നാല്‍ ബന്ധപ്പെടേണ്ടവര്‍ ബന്ധപ്പെടേണ്ടേ?. തന്നോട് സൗഹൃദമുള്ള നേതാക്കള്‍ സംസാരിക്കുന്നത് പൊളിറ്റിക്കല്‍ ബന്ധപ്പെടലായി കാണാന്‍ പറ്റില്ലല്ലോയെന്നും അന്‍വര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ