
കൊച്ചി: വീണ്ടു വിചാരമില്ലാതെ വിദ്യാര്‍ഥികള്‍ വിദേശ പഠനത്തിനായി ഇറങ്ങിത്തിരിക്കുന്നതിനെതിരെ അന്താരാഷ്ട്രാ പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍ (js adoor). യു കെ, ജര്‍മനി, കാനഡ അടക്കം മിക്കവാറും രാജ്യങ്ങളില്‍ ഇപ്പോള്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്നും ബാങ്ക് കടം എടുത്തും വസ്തുവും വീടും പണയം വച്ചിട്ട് കുട്ടികളെ വിടുന്നവര്‍ കുറഞ്ഞത് നാലു പ്രാവശ്യം ആലോചിക്കണമെന്നും ജെഎസ് അടൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
യു കെയിലും യൂറോപ്പിലും കാനഡയിലും എല്ലാം പഠനം കഴിഞ്ഞു നല്ല ജോലി കിട്ടും, പെട്ടന്ന് പി ആര്‍ കിട്ടും, ഉടനെ സിറ്റിസണ്‍ ഷിപ്പ് കിട്ടും എന്നൊക്ക ഇപ്പോള്‍ കൊട്ടേജ് ഇന്റ്സ്സ്ടറിയായ വിദേശത്തു മൂന്നാം കിട 'യൂണിവേഴ്‌സിറ്റി' കളുടെ കമീഷന്‍ ഏജന്റുമാര്‍ പറയുന്നത് കേട്ട് ബാങ്ക് കടം എടുത്തും വസ്തുവും വീടും പണയം വച്ചിട്ട് കുട്ടികളെ വിടുന്നവര്‍ കുറഞ്ഞത് നാലു പ്രാവശ്യം ആലോചിക്കുക. കാരണം ഇപ്പോള്‍ യു കെ,ജര്‍മനി, കാനഡ അടക്കം മിക്കവാറും രാജ്യങ്ങളില്‍ റിക്രൂറ്റ്‌മെന്റ് ഫ്രീസ് ആണ്. അതായത് നല്ല പ്രൊഫെഷനല്‍ ജോലി കിട്ടാനുള്ള സാധ്യത 10% പോലും ഇല്ല- കുറിപ്പില്‍ പറയുന്നു.
യു കെയിലും മറ്റു പലയിടത്തും ഇവിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്ന മിനിമം വേജ് ജോലിയാണ് ഇവിടെ നിന്ന് പോയി അവിടെ അകപ്പെട്ട പല വിദ്യാര്‍ത്ഥികളും ചെയ്യുന്നത്. വീടുകള്‍ കുറവ് ആയതിനാല്‍ വാടകയും ജീവിത ചെലവും കൂടി. ശമ്പളം അതിന് അനുസരിച്ചു കൂടുന്നും ഇല്ല.
കാശ് ഉള്ളവര്‍ക്ക് മക്കളെ എവിടെയും വിട്ടു പഠിപ്പിക്കാം. അതിന് അര്‍ത്ഥം അവിടെ പെട്ടന്ന് ജോലി കിട്ടും എന്നല്ല. ഇന്ത്യയില്‍ വിദേശത്തു ചെലവാക്കുന്നതിന്റ പത്തില്‍ ഒന്ന് ചെലവില്‍ നല്ല യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമുണ്ട്. പക്ഷെ പലര്‍ക്കും പലപ്പോഴും മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന അവസ്ഥയാണ്. ഇന്ത്യയിലെ പല നല്ല യൂണിവേഴ്‌സിറ്റികളുടെ (നല്ല സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ സഹിതം) പത്തില്‍ ഒന്ന് നിലവാരം ഇല്ലാത്തടത്താണ് 25-40 ലക്ഷമൊക്കെ കൊടുത്തു പലരും പോകുന്നത് എന്ന് അവിടെ ചെല്ലുമ്പോള്‍ മാത്രമാണ് അറിയുന്നത്. അതു കൊണ്ട് ജാഗ്രത- കുറിപ്പില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ