കുട്ടി പോയത് സീരിയല്‍ ഷൂട്ടിങ് കാണാന്‍, വീട്ടിലെത്തിക്കാമെന്ന് ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരന്‍; ഒടുവില്‍ പോക്‌സോ കേസ്

പോക്‌സോ 7,8 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
POCSO case
പോക്‌സോ കേസില്‍(POCSO case ) ചോദ്യം ചെയ്യാനായി പ്രതി ശശികുമാറിനെ എളമക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on

കൊച്ചി: കടവന്ത്രയില്‍ നിന്ന് പതിമൂന്നുകാരനെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരനെതിരെ പോക്‌സോ കേസെടുത്ത്(POCSO case ) പൊലീസ്. തൊടുപുഴയില്‍ സീരിയല്‍ ഷൂട്ടിങ് കാണാനായാണ് കുട്ടി പോയതെന്നാണ് വിവരം. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പോക്‌സോ 7,8 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

സേ പരീക്ഷയ്ക്ക് പോയ കുട്ടി, ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. സന്ധ്യയായതോടെ ഭയം തോന്നിയ കുട്ടി അടുത്ത് കണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചതോടെ ഇയാള്‍ സഹായഹസ്തം നീട്ടി. എന്നാല്‍ തൊടുപുഴയിലെ വീട്ടിലേയ്ക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ കുട്ടി ബഹളം വെച്ചു. ഇതിനിടെയാണ് കുട്ടിയെ കാണാതായ വാര്‍ത്ത ഇയാളുടെ ശ്രദ്ധയില്‍പ്പെടുന്നത്.

തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ നമ്പര്‍ വാങ്ങി വിളിക്കുകയും തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ കുട്ടിയെ കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു. ഇന്ന് രാവിലെയാണ് പിതാവും ബന്ധുക്കളും പൊലീസും തൊടുപുഴയിലെത്തുന്നത്. കൂടെയുണ്ടായിരുന്ന ശശികുമാറിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെ കേസിന്റെ ഗതി മാറി. കുട്ടിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി കുട്ടിയും പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുത്തത്.

തൊടുപുഴയ്ക്കടുത്ത് വാഴയ്ക്കാലയില്‍ നടക്കുന്ന ഒരു മലയാളം സീരിയലിന്റെ ഷൂട്ടിങ് കാണാനാണ് കുട്ടി കൊച്ചിയില്‍ നിന്ന് പോയതെന്നാണ് വിവരം. രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷ എഴുതാന്‍ പോയ കുട്ടി അത് പൂര്‍ത്തിയാക്കാതെ സ്‌കൂളില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തേണ്ട സമയമായിട്ടും കുട്ടിയെ കാണാത്തതില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com