മുങ്ങിയ കപ്പലിലെ 13 കാര്‍ഗോകളില്‍ എന്ത്?, ദുരൂഹത തുടരുന്നു; വ്യക്തത വരുത്താതെ അധികൃതര്‍

കൊച്ചി തീരത്ത് അറബിക്കടലില്‍ ലൈബീരിയന്‍ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി എല്‍സ 3 മുങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും കപ്പലിനൊപ്പം മുങ്ങിയ അപകടകരമായ ചരക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയാതെ അധികൃതര്‍.
MSC ELSA 3 Sinks Kochi
എംഎസ്സി എല്‍സ 3 (MSC Elsa 3)ഫയൽ
Updated on
1 min read

കൊച്ചി: കൊച്ചി തീരത്ത് അറബിക്കടലില്‍ ലൈബീരിയന്‍ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി എല്‍സ 3 (MSC Elsa 3) മുങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും കപ്പലിനൊപ്പം മുങ്ങിയ അപകടകരമായ ചരക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയാതെ അധികൃതര്‍. കപ്പലിലെ 643 കണ്ടെയ്നറുകളില്‍ 13 എണ്ണം അപകടകരമായ കാര്‍ഗോകളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. എന്നാല്‍ അപകടകരമായ ചരക്കിനെക്കുറിച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്നോ എംഎസ്സി എല്‍സ മൂന്നിന്റെ ഉടമകളില്‍ നിന്നോ, തുറമുഖ അധികൃതരില്‍ നിന്നോ, കസ്റ്റംസ് വകുപ്പില്‍ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

'കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള നടപടി എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ സഹായിച്ചു. കാല്‍സ്യം കാര്‍ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്‍ മൈലുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. എന്നാലും അപകടകരമായ ചരക്കുകള്‍ വഹിക്കുന്ന 13 കണ്ടെയ്നറുകളെക്കുറിച്ച് ഒരു വിവരവുമില്ല. സംശയങ്ങള്‍ ദൂരീകരിക്കുകയും ഉപജീവനമാര്‍ഗ്ഗത്തെക്കുറിച്ച് ആശങ്കാകുലരായ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ (ഡിജി) ഉത്തരവാദിത്തമാണ്, -'ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊച്ചിയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് (എംഎംഡി) ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഷിപ്പിങ് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും കപ്പലിലെ മുഴുവന്‍ ചരക്കുകളുടെയും വിവരങ്ങള്‍ അടങ്ങിയ കാര്‍ഗോ മാനിഫെസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും അവര്‍ രേഖപ്പെടുത്തി. ഡിജി ഷിപ്പിംഗിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ സംസ്ഥാന സര്‍ക്കാരുമായും ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഉന്നതരുമായും മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും.

അതേസമയം, പൊങ്ങിക്കിടക്കുന്ന കണ്ടെയ്നറുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ എംഎസ്സിയുടെയും ടി ആന്‍ഡ് ടി സാല്‍വേജിന്റെയും പ്രതിനിധികള്‍ തുടരുകയാണ്. കണ്ടെയ്നറുകള്‍ വീണ്ടെടുക്കാന്‍ എംഎസ്സി ഏര്‍പ്പാട് ചെയ്ത ടീമാണ് ടി ആന്‍ഡ് ടി സാല്‍വേജ്. ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി, ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെ കാണും.

കപ്പല്‍ മറിഞ്ഞുണ്ടായ നഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരക്കുന്നതിനിടെ, എണ്ണ മലിനീകരണ നാശനഷ്ടങ്ങള്‍ക്കുള്ള സിവില്‍ ബാധ്യതയെക്കുറിച്ചുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ അനുസരിച്ച് പരിസ്ഥിതിക്ക് സംഭവിച്ച നാശത്തിന് എംഎസ്സി നഷ്ടപരിഹാരം നല്‍കേണ്ടിവരും. അപകടകരമായ രാസവസ്തുക്കള്‍ സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ഉപജീവനമാര്‍ഗ്ഗത്തെ ബാധിക്കുകയും ചെയ്യുമെന്നതിനാല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകള്‍ മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com