

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് (bypoll) പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരിക്കും എന്ന് തീരുമാനിക്കാൻ കച്ചകെട്ടിയിറങ്ങിയവർക്ക് കാലിടറി. വി എസ് ജോയിയെ മുന്നിൽ നിർത്തി തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള പിവി അൻവറിന്റെയും ചില സംഘടനകളുടെയും നിലപാടിനാണ് നിലതെറ്റിയത്. ജോയി സ്ഥാനാർത്ഥിയാകുമെന്ന് ജോയിയും പ്രതീക്ഷിച്ചു. കോൺഗ്രസ് തയ്യാറാക്കിയ പട്ടികയിൽ ആര്യാടൻ ഷൗക്കത്ത്, ജോയി എന്നീ പേരുകൾ ഉണ്ടായിരുന്നു. എന്നാൽ, പല ഘടകങ്ങൾ ആര്യാടൻ ഷൗക്കത്തിന് അനുകൂലമായി നിലനിൽക്കുന്നുണ്ടായിരുന്നു. സ്ഥാനാർത്ഥിത്വ പ്രശ്നം സങ്കീർണ്ണമാകുന്ന ഘട്ടമെത്തിയപ്പോൾ അതിന് സമയവായമൊരുക്കി, പ്രശ്നം പരിഹരിച്ചത് കെ പി സി സി വർക്കിങ്പ്രസിഡന്റ് എ പി അനിൽകുമാറും എ ഐ സി സി ജനറൽസെക്രട്ടറി കെ സി വേണുഗോപാലുമാണ്.
കെപിസിസി വർക്കിങ് പ്രസിഡന്റ് എ പി അനിൽ കുമാറും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും മുന്നോട്ടുവച്ച പാക്കേജാണ് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് അനുകൂലമായി എത്തിയത്. പാക്കേജ് പ്രകാരം, സ്ഥാനാർത്ഥിത്വത്തിനായി പ്രധാന മത്സരാർത്ഥിയായിരുന്ന വി എസ് ജോയിക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകും. അല്ലെങ്കിൽ കേരളത്തിൽ നിന്നുള്ള അടുത്ത രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കും. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് സ്ഥിരീകരിച്ചു.
മണ്ഡലത്തിന്റെ ചുമതലയുള്ള അനിൽകുമാർ ആര്യാടൻ ഷൗക്കത്ത്, ജോയി എന്നിവരുമായി നിരവധി തവണ ചർച്ച നടത്തി. പ്രശ്നം പരിഹരിക്കുന്നതിനായി, വേണുഗോപാലിന്റെ ഇടപെടലോടെ അനിൽ, ജോയിക്ക് മുന്നിൽ ഫോർമുല അവതരിപ്പിച്ചു, ജോയി അത് അംഗീകരിച്ചു. സ്ഥാനാർത്ഥിത്വ തീരുമാനം അതീവ രഹസ്യമായി സൂക്ഷിച്ചതും അനിലിന്റെ തന്ത്രമായിരുന്നു.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പി വി അൻവറിനെ അക്ഷാരർത്ഥത്തിൽ ഇരുട്ടിൽ നിർത്തിയാണ് കോൺഗ്രസ് തങ്ങളുടെ ലക്ഷ്യം കണ്ടത്. അൻവർ പറയുന്ന ഒരാളെ സ്ഥാനാർത്ഥിയാക്കുക എന്നാൽ കോൺഗ്രസ് എന്ന സംഘടനയുടെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്നതായി മാറുമെന്ന അഭിപ്രായം നേതാക്കളിൽ പലർക്കും ഉണ്ടായിരുന്നു. അൻവറിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യത്തില്‍ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചത്. അതാണ് ഒടുവിൽ പ്രതിപക്ഷ നേതാവിനെതിരെ തിരിയാൻ അൻവറിനെ പ്രേരിപ്പിച്ചത്.
അൻവർ തന്റെ ഇപ്പോഴത്തെ നിലപാട് തിരുത്തുകയും മുന്നണിയുടെ നയം പാലിക്കുകയും ചെയ്താൽ മാത്രം അദ്ദേഹത്തെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചാൽ മതിയെന്ന് കോൺഗ്രസ് തീരുമാനിച്ചു. അൻവർ ഉൾപ്പെടുന്ന തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) യുഡിഎഫ് മുന്നണിയിൽ ഘടകകക്ഷിയാക്കില്ല.
തൃണമൂൽ കോൺഗ്രസിനെ യു ഡി എഫിൽ ഉൾപ്പെടുത്തുന്ന വിഷയം ഉയർന്നപ്പോൾ, കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെ സമീപിച്ചിരുന്നു. "ടിഎംസിക്ക് അസോസിയേറ്റ് അംഗമായി യുഡിഎഫിന്റെ ഭാഗമാകാമെന്ന് എഐസിസി നിർദ്ദേശിച്ചിരുന്നു. ഈ സന്ദേശം ഞങ്ങൾ ഇതിനകം തന്നെ അൻവറിനെ വ്യക്തമായി അറിയിച്ചിട്ടുണ്ട്. അതിൽ ഒരു ആശയക്കുഴപ്പവുമില്ല. അദ്ദേഹം എവിടെ നിൽക്കണമെന്ന് തീരുമാനിക്കേണ്ടത് അൻവറാണ്," ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
ജോയിക്ക് കോൺഗ്രസിൽ 'ഗോഡ്ഫാദർ' ഇല്ലെന്ന അൻവറിന്റെ പ്രസ്താവനയും ജോയിയെ ഒരു പ്രത്യേക സമുദായത്തിന്റെ പ്രതിനിധിയായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമായി കോൺഗ്രസ് വിലയിരുത്തി. ഇതിന് പുറമെ അൻവറിനൊപ്പം ആര്യാടൻ ഷൗക്കത്തിനെതിരെ ജോയിയെ സ്ഥാനാർത്ഥിയാക്കി കൊണ്ടുവരുന്നതിനായി ജമാ അത്തെ ഇസ്ലാമി ശ്രമം നടത്തിയെന്ന ആരോപണം യു ഡി എഫ് നേതാക്കൾക്ക് ഉണ്ടായിരുന്നു. ജമാ അത്തെ ഇസ്ലാമിക്ക് വഴങ്ങി ജോയിയെ സ്ഥാനാർത്ഥിയാക്കിയാൽ നിലമ്പൂരിലെ മറ്റ് മുസ്ലിം സംഘടനകളുടെ പിന്തുണ നഷ്ടപ്പെടുമെന്ന് മാത്രമല്ല, പൊതുവിൽ കിട്ടാവുന്ന നിക്ഷപക്ഷവോട്ടുകളും നഷ്ടമായേക്കാം എന്ന ആശങ്ക യു ഡി എഫിനിനുള്ളിലും ഉയർന്നു. ഷാഫി പറമ്പിൽ എംപി ആയതിനെ തുടർന്ന് പാലക്കാട് നിന്ന് രാജിവച്ച ഒഴിവിൽ രാഹുൽ മാങ്കൂട്ടത്തിലാണ് എംഎൽഎ ആയത്. ഇതിലൂടെ മുസ്ലീം പ്രാതിനിധ്യത്തില്‍ കുറവു വന്നെന്നും കോൺഗ്രസ് കരുതുന്നു. ഇത് പരിഹരിക്കുക എന്നതും ആര്യാടന് അനുകൂല ഘടകമായി.
വേണുഗോപാലിനെ വിവാദത്തിൽ പെടുത്താൻ അൻവർ ശ്രമിച്ചെങ്കിലും വേണുഗോപാലും ശ്രദ്ധാപൂർവ്വം നീങ്ങി. അൻവറിനെ സംരക്ഷിക്കുമെന്ന് വേണുഗോപാൽ പറഞ്ഞപ്പോൾ തന്നെ, കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. "പന്ത് അൻവറിന്റെ കോർട്ടിലായതിനാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല," കെപിസിസി ഭാരവാഹി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "അൻവർ തന്റെ നിലപാട് 'തിരുത്തുന്നതുവരെ' വേണുഗോപാൽ അദ്ദേഹത്തെ കാണില്ല. അല്ലാതെയുള്ള എല്ലാ സാധ്യകളും അൻവറിന് നഷ്ടപ്പെട്ടു," അദ്ദേഹം പറഞ്ഞു. അതേസമയം നിലമ്പൂരിൽ, നിലവിലത്തെ സങ്കീർണ്ണാവാസ്ഥയുടെ കുരുക്കഴിക്കാൻ മുതിർന്ന നേതാക്കളായ കെ സുധാകരൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർ അൻവറുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates