

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ (kc venugopal). കോണ്‍ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന ഒരു നേതൃത്വമുണ്ടെന്നും അന്‍വറുമായുള്ള പ്രശ്നങ്ങള്‍ അവര്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചുകൊള്ളുമെന്നും വേണുഗോപാല്‍ പറഞ്ഞു.
'മുതിര്‍ന്ന നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം അവരുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന നേതൃത്വമുണ്ട്. അന്‍വറുമായുള്ള പ്രശ്നങ്ങള്‍ അവര്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചുകൊള്ളും,' കെസി. വേണുഗോപാല്‍ പറഞ്ഞു. ഒന്നരമണിക്കൂറോളം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങിയ അദ്ദേഹം ഇന്നുതന്നെ ഡല്‍ഹിയിലേക്ക് മടങ്ങുമെന്നും വ്യക്തമാക്കി.
അതേസമയം, യുഡിഎഫിലേക്കുള്ള പ്രവേശനത്തിന് കെ.സി. വേണുഗോപാലാണ് അവസാന പ്രതീക്ഷ എന്നുപറഞ്ഞ പി.വി. അന്‍വറിന് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് കത്തു നല്‍കിയിട്ട് നാലുമാസമായി. ഇതുവരെ തീരുമാനമായില്ലെന്ന് പിവി അന്‍വര്‍ രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ അഹങ്കാരിയാണെന്ന പ്രചാരണം നടക്കുന്നു. അന്‍വര്‍ അധികപ്രസംഗിയാണെന്നാണ് പറയുന്നത്. എവിടെയാണ് താന്‍ അധികപ്രസംഗം നടത്തിയതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
യുഡിഎഫ് ഘടകകക്ഷിയാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 15 ന് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം വാര്‍ത്താസമ്മേളനം നടത്തി യുഡിഎഫ് അംഗത്വത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് വിഡി സതീശന്‍ തന്നോട് പറഞ്ഞതാണ്. പിന്നീട് ഇക്കാര്യത്തില്‍ ഒരു വിവരവുമില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍, പോരാ വാര്‍ത്താസമ്മേളനം നടത്തി തന്നെ പ്രഖ്യാപിക്കണമെന്നാണ് വിഡി സതീശന്‍ അന്നു പറഞ്ഞത്.വിഡി സതീശന്‍ അത് ചെയ്യാത്തതല്ലേ പ്രശ്നം. യുഡിഎഫ് പ്രവേശനത്തിന് മുന്‍കൈയെടുത്തത് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയുമാണ്. എന്നാല്‍ ഇതുവരെ ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു.
'ഇപ്പോള്‍ എന്നെ പൊതുവഴിയില്‍ നിര്‍ത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുകയാണ്. ഇന്നലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതൃത്വവും എന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്. സുജിത് ദാസും എംആര്‍ അജിത് കുമാറും കൂടി മലപ്പുറത്തെ യുവാക്കളെ ദ്രോഹിച്ചത് തുറന്നു പറഞ്ഞതാണോ കുറ്റം. മലയോരമേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നം എതിര്‍ത്ത് ജയിലില്‍ പോയതാണോ തെറ്റ്. ജില്ലയെയാകെ ഏറ്റവും വലിയ വര്‍ഗീയ വാദികളും വിഘടന വാദികളുമായി ആര്‍എസ്എസുമായി ചേര്‍ന്ന് ചിത്രീകരിക്കാന്‍ അജിത് കുമാര്‍ കൂട്ടുനിന്നത് സമൂഹത്തിന് മുന്നില്‍ തുറന്നു പറഞ്ഞതാണോ തെറ്റ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ സി വേണുഗോപാലുമായി ഈ വിഷയം സംസാരിച്ചിട്ടില്ല. ഇന്ത്യയുടെ മുഴുവന്‍ കോണ്‍ഗ്രസിന്റെയും ചുമതലയുള്ള നേതാവാണ്. അദ്ദേഹത്തിലാണ് ഇനി പ്രതീക്ഷ. എന്റെ പ്രശ്നങ്ങള്‍ കെസി വേണുഗോപാലിനോട് തുറന്നു പറയും. ലീഗ് നേതൃത്വത്തോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. കെ സുധാകരനും രമേശ് ചെന്നിത്തലയും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. കെ മുരളീധരന്‍ പലവട്ടം വിളിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജയന്ത്, പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ തന്നെ വന്നു കണ്ടിരുന്നു. കെസി വേണുഗോപാലിനെ കണ്ട് പരിഹാരം ഉണ്ടാക്കാന്‍ കഴിയുമോയെന്ന് നോക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
ഇതിന്, അന്‍വറിനെ തള്ളാതെയാണ് കെസി വേണുഗോപാല്‍ ബുധനാഴ്ച ഉച്ചയോടെ മാധ്യമങ്ങളോട് സംസാരിച്ചത്. 'ലീഗ് നേതാക്കളും പ്രതിപക്ഷ നേതാവും അടക്കമുള്ളവരുമായി ചര്‍ച്ച നടത്തും. എന്താണ് ആശയവിനിമയത്തിലെ തകരാര്‍ എന്നത് പരിശോധിക്കും. അതിനുശേഷം അന്‍വറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും,' എന്നായിരുന്നു കെസിയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates