'പൊതുവഴിയില്‍ നിര്‍ത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുന്നു, ഇനി കാലുപിടിക്കാനില്ല'; കോണ്‍ഗ്രസിനെതിരെ അന്‍വര്‍

'എന്നെ പൊതുവഴിയില്‍ നിര്‍ത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുകയാണ്'
PV Anvar
PV Anvarspecial arrangement
Updated on
3 min read

മലപ്പുറം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ ( PV Anvar ). നിരന്തരം അവഗണന തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് കത്തു നല്‍കിയിട്ട് നാലുമാസമായി. ഇതുവരെ തീരുമാനമായില്ല. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ അഹങ്കാരിയാണെന്ന പ്രചാരണം നടക്കുന്നു. അന്‍വര്‍ അധികപ്രസംഗിയാണെന്നാണ് പറയുന്നത്. എവിടെയാണ് താന്‍ അധികപ്രസംഗം നടത്തിയതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

യുഡിഎഫ് ഘടകകക്ഷിയാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 15 ന് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം വാര്‍ത്താസമ്മേളനം നടത്തി യുഡിഎഫ് അംഗത്വത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് വിഡി സതീശന്‍ തന്നോട് പറഞ്ഞതാണ്. പിന്നീട് ഇക്കാര്യത്തില്‍ ഒരു വിവരവുമില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍, പോരാ വാര്‍ത്താസമ്മേളനം നടത്തി തന്നെ പ്രഖ്യാപിക്കണമെന്നാണ് വിഡി സതീശന്‍ അന്നു പറഞ്ഞത്.വിഡി സതീശന്‍ അത് ചെയ്യാത്തതല്ലേ പ്രശ്‌നം. യുഡിഎഫ് പ്രവേശനത്തിന് മുന്‍കൈയെടുത്തത് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയുമാണ്. എന്നാല്‍ ഇതുവരെ ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു.

'ഇപ്പോള്‍ എന്നെ പൊതുവഴിയില്‍ നിര്‍ത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുകയാണ്. ഇന്നലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതൃത്വവും എന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്. സുജിത് ദാസും എംആര്‍ അജിത് കുമാറും കൂടി മലപ്പുറത്തെ യുവാക്കളെ ദ്രോഹിച്ചത് തുറന്നു പറഞ്ഞതാണോ കുറ്റം. മലയോരമേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നം എതിര്‍ത്ത് ജയിലില്‍ പോയതാണോ തെറ്റ്. ജില്ലയെയാകെ ഏറ്റവും വലിയ വര്‍ഗീയ വാദികളും വിഘടന വാദികളുമായി ആര്‍എസ്എസുമായി ചേര്‍ന്ന് ചിത്രീകരിക്കാന്‍ അജിത് കുമാര്‍ കൂട്ടുനിന്നത് സമൂഹത്തിന് മുന്നില്‍ തുറന്നു പറഞ്ഞതാണോ തെറ്റ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

'നിയമസഭ സാമാജികനാകാന്‍ വേണ്ടിയിട്ടുള്ള വെപ്രാളമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഉള്ളത് സമൂഹത്തിന് മുമ്പിലേക്ക് വലിച്ചെറിഞ്ഞവനാണ് ഞാന്‍. അധികാരമോഹമുണ്ടെങ്കില്‍ അവിടെ നിന്നാല്‍ പോരേ. ഇനി എന്താണ് തനിക്ക് നഷ്ടപ്പെടാന്‍ ബാക്കിയുള്ളത്. ഈ സര്‍ക്കാരിനെതിരെ പറഞ്ഞതിന് ശേഷം തനിക്കെതിരെ 28 കേസുണ്ട്. ഇപ്പറയുന്ന ആര്‍ക്കെതിരെയെങ്കിലും ഒരു കേസുണ്ടോ. ഇതെല്ലാം അനുഭവിച്ചു നില്‍ക്കുകയാണ്. ഞാന്‍ നയം വ്യക്തമാക്കിയിട്ടില്ലെന്നാണ് ഇപ്പോഴും പറയുന്നത്. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്നു. ഇനി കാലുപിടിക്കാനില്ല. എനിക്ക് ഒരു അധികാരവും വേണ്ട. തന്നെ സര്‍ക്കാര്‍ കത്രിക പൂട്ടിട്ട് മുറുക്കുകയാണ്. ഭൂമിയില്‍ ഇരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഉയര്‍ന്ന പീഠത്തില്‍ ഇരിക്കാനാണ് മറ്റു ചിലര്‍ക്ക് ആഗ്രഹം. അതെല്ലാം ഇട്ടെറിഞ്ഞ് പോന്നവനാണ് ഞാന്‍. നിലമ്പൂരിലെ ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാം. പിണറായിസം അടക്കം താന്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചു. സര്‍ക്കാരിനെതിരെ വസ്തുനിഷ്ടമായി കാര്യങ്ങളെല്ലാം ആര്‍ക്കാണ് ബോധ്യപ്പെടുത്താന്‍ സാധിച്ചതെന്നും' അന്‍വര്‍ ചോദിച്ചു.

വനഭേദഗതി ബില്‍ അടക്കം സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്കെതിരായ നടപടികള്‍ ഉയര്‍ത്തിക്കാട്ടിയാണ് താന്‍ രാജിവെച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിനെ പുറത്താക്കാനാണ് രാജി വെച്ചത്. മൂന്നാം പിണറായി വിജയന്‍ സര്‍ക്കാരെന്ന നരേഷന്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതു ശരിയല്ല, യുഡിഎഫാണ് വരേണ്ടതെന്ന് വോട്ടിങ്ങ് പാറ്റേണിലൂടെ ജനങ്ങളെ മനസ്സിലാക്കിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അതിനു പറ്റിയ സ്ഥാനാര്‍ത്ഥിയെയാണോ യുഡിഎഫ് അവതരിപ്പിച്ചത്. ഒരാള്‍ക്കും എതിര്‍പ്പില്ലാത്ത ഒരു സ്ഥാനാര്‍ത്ഥി വേണമെന്നാണ് ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ടുപോലും ചോര്‍ന്നുപോകരുതെന്നാണ് ഉദ്ദേശിച്ചത്. ഒരു വടിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയാലും തനിക്ക് പ്രശ്‌നമില്ല. ഷൗക്കത്തിനോട് അഭിപ്രായവ്യത്യാസമുണ്ട്. അതു തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ ഒരു വിവാഹത്തിന് ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. വ്യക്തിപരമായ വിരോധമുണ്ടെങ്കില്‍ അങ്ങനെ ചെയ്യില്ലല്ലോ. അതല്ല ഇവിടെ വിഷയമെന്നും പി വി അന്‍വര്‍ പറഞ്ഞു.

'കെ സി വേണു​ഗോപാലിൽ പ്രതീക്ഷ'

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ സി വേണുഗോപാലുമായി ഈ വിഷയം സംസാരിച്ചിട്ടില്ല. ഇന്ത്യയുടെ മുഴുവന്‍ കോണ്‍ഗ്രസിന്റെയും ചുമതലയുള്ള നേതാവാണ്. അദ്ദേഹത്തിലാണ് ഇനി പ്രതീക്ഷ. എന്റെ പ്രശ്‌നങ്ങള്‍ കെസി വേണുഗോപാലിനോട് തുറന്നു പറയും. ലീഗ് നേതൃത്വത്തോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. കെ സുധാകരനും രമേശ് ചെന്നിത്തലയും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. കെ മുരളീധരന്‍ പലവട്ടം വിളിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജയന്ത്, പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ തന്നെ വന്നു കണ്ടിരുന്നു. കെസി വേണുഗോപാലിനെ കണ്ട് പരിഹാരം ഉണ്ടാക്കാന്‍ കഴിയുമോയെന്ന് നോക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.

'നാണം കെട്ട ഒരു തീരുമാനത്തിനും പോകേണ്ട'

ഈ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. തൃണമൂല്‍ നേതൃത്വം പറഞ്ഞത് നാണം കെട്ട ഒരു തീരുമാനത്തിനും പോകേണ്ട. സ്ഥാനാര്‍ത്ഥിയാകാനാണ് നിര്‍ദേശിച്ചത്. ടിഎംകെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മമത പ്രചാരണത്തിന് വരുമെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. 10 മന്ത്രിമാരെ വിട്ടു തരാമെന്നും, എത്ര എംപിമാരെ വേണമെങ്കിലും പ്രചാരണത്തിന് അയക്കാമെന്നും അറിയിച്ചിരുന്നു. ഇതെല്ലാം ഉള്ളപ്പോളും ലക്ഷ്യം വെച്ച സംഗതി മുന്നില്‍ നില്‍ക്കുകയാണ്. അതിനായി നീങ്ങുകയാണ്. അപ്പോഴാണ് ഇവിടെ കോണ്‍ഗ്രസ് നേതൃത്വം ദയാവധത്തിന് വിട്ടിരിക്കുന്നത്.

കെസി വേണുഗോപാലുമായിട്ടുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ നിലമ്പൂരില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയുണ്ടാകും. ടിഎംസി മത്സരിക്കും. പച്ചയ്ക്ക് പൊളിറ്റിക്‌സ് ചര്‍ച്ച ചെയ്യും. ജനങ്ങളുമായി സംവദിക്കും. ഞങ്ങളോട് നീതി പുലര്‍ത്തിയാല്‍ യുഡിഎഫുമായി സഹകരിക്കും. കെസിയില്‍ പ്രതീക്ഷയുണ്ട്. ഇന്ത്യയിലെ പാര്‍ട്ടിയുടെ വിഷയങ്ങള്‍ സെറ്റില്‍ ചെയ്ത് കോണ്‍ഗ്രസിന് മുഖം ഉണ്ടാക്കി കൊടുത്ത നേതാവാണ് അദ്ദേഹം. നല്ല ലീഡര്‍ഷിപ്പ് ക്വാളിറ്റിയുള്ള നേതാവാണ് കെ സി വേണുഗോപാല്‍. പ്രതിപക്ഷ നേതാവുമായി പൊളിറ്റിക്കല്‍ ബന്ധം കുറവാണ്. കൂട്ടത്തില്‍ കൂട്ടാന്‍ പോലും പറ്റാത്ത ചൊറിയും ചിരങ്ങും പിടിച്ചവനാണോ പിവി അന്‍വര്‍ എന്ന് കെസി വേണുഗോപാലിനോട് ചോദിക്കും. ഫോര്‍വേഡ് ബ്ലോക്ക് അടക്കം മുറ്റുള്ള സ്ഥലങ്ങളില്‍ അപ്പുറത്ത് നില്‍ക്കുന്ന പലരും യുഡിഎഫിലുണ്ടല്ലോയെന്നും അന്‍വര്‍ ചോദിച്ചു.

'വിഡി സതീശനെ കുഴിയിൽ ചാടിച്ച ഒന്നുരണ്ടുപേരുണ്ട്'

അന്‍വര്‍ വേണ്ടെന്നാണ് തീരുമാനമെങ്കില്‍ താന്‍ ജനങ്ങളിലേക്ക് ഇറങ്ങും. മത്സരിക്കുമോയെന്നത് രണ്ടു ദിവസം കഴിഞ്ഞേ പറയാന്‍ കഴിയൂ. നാളെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവും മറ്റന്നാള്‍ സ്റ്റേറ്റ് കമ്മിറ്റിയും ചേരുന്നുണ്ട്. അതിനുശേഷമേ തീരുമാനമെടുക്കാന്‍ കഴിയൂ. മത്സരിക്കാന്‍ നോമിനേഷന്‍ കൊടുക്കാന്‍ രണ്ടാം തീയതി വരെ സമയമുണ്ടല്ലോ. കെസി വേണുഗോപാലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ സംസാരത്തിനുള്ളൂ. തൃണമൂലിന്റെ യുഡിഎഫ് പ്രവേശനം വിഡി സതീശന്‍ വാര്‍ത്താസമ്മേളനം നടത്തി പറയാത്തത് എന്തുകൊണ്ടാണെന്ന് പറയേണ്ട ഘട്ടം വന്നാല്‍ പറയും. എന്തുകൊണ്ടാണ് ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയാകരുതെന്ന് പറഞ്ഞത്, ഷൗക്കത്ത് എങ്ങനെ സ്ഥാനാര്‍ത്ഥിയായി, പ്രതിപക്ഷ നേതാവിനെ ആരാണ് പറ്റിച്ചത് എന്നെല്ലാം പറയേണ്ട ഘട്ടം വന്നാല്‍ വെളിപ്പെടുത്തും. പ്രതിപക്ഷ നേതാവ് പൂര്‍ണമായി കുറ്റക്കാരനാണെന്ന അഭിപ്രായമില്ല. അദ്ദേഹത്തെ കുഴിയില്‍ ചാടിച്ച ഒന്നുരണ്ടുപേരുണ്ട്. അതേപ്പറ്റി സമയമാകുമ്പോള്‍ നിലമ്പൂരിലെ ജനങ്ങളോട് പറയുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.

മുമ്പ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്ന കാര്യവും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കടന്നു വരവ് തടയണെന്ന അഭ്യര്‍ത്ഥന പരിഗണിച്ച് യുഡിഎഫിന് പിന്തുണ നല്‍കി. അവിടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന മിന്‍ഹാജിനെ പിന്‍വലിച്ചാണ് യുഡിഎഫിന് പിന്തുണ നല്‍കിയത്. പകരം മിന്‍ഹാജിനെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ഉള്‍പ്പെടുത്തിയില്ല. മാന്യമായി പോലും മിന്‍ഹാജിനോട് പെരുമാറിയില്ല. മിന്‍ഹാജ് പിന്നീട് വിളിച്ച് വിഷമം പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാനാണ് എന്നു പറഞ്ഞ് അയാളെ ആശ്വസിപ്പിച്ചു. റിസള്‍ട്ട് വന്നശേഷവും മിന്‍ഹാജിനെ വിളിച്ച് കോണ്‍ഗ്രസിലെ ആരും നന്ദി പോലും പറഞ്ഞില്ല. അപമാനിതനായ മിന്‍ഹാജ് ഏറ്റവുമൊടുവില്‍ സിപിഎമ്മില്‍ ചേരുകയായിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com