

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിനിടെ തകർന്നതിൽ ഉത്തരവാദിത്തം കരാറുകാരനെന്ന് പാര്‍ലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കെ സി വേണുഗോപാൽ ( K C Venugopal ). നിർമ്മാണവുമായി ബന്ധപ്പെട്ട് പെർഫോമൻസ് ഓഡിറ്റ് നടത്താൻ സിഎജിക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിന് ശേഷം സമിതി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങൾ പിഎസി വിശദമായി ചർച്ച ചെയ്തു. നിര്‍മ്മാണത്തില്‍ അപാതകയുണ്ടെന്ന് കാണിച്ച് ഏഴു ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. സങ്കല്‍പ്പിക്കുന്നതിനും അപ്പുറത്താണ് പ്രശ്‌നങ്ങള്‍. ഡിസൈന്‍ പിഴവുണ്ടായി എന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി തന്നെ സമിതിക്ക് മുമ്പാകെ അംഗീകരിച്ചുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
മഴ വന്നാല്‍ വെള്ളം നിറഞ്ഞുകവിഞ്ഞ് ഒഴുന്ന പ്രദേശമാണ് കൂരിയാട്. അവിടെയാണ് ശക്തമായ ഒരു ബേസ്‌മെന്റുമില്ലാതെ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. അതാണ് തകര്‍ന്ന് തരിപ്പണമായത്. എലിവേറ്റഡ് ഹൈവേയാണ് അവിടെ പ്രായോഗികമെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും അത് അവഗണിച്ചാണ് റോഡ് പണിതത്. ഡിസൈനില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ചിട്ടുണ്ട്. ഡിസൈന്‍ പിഴവുണ്ടായതിന്റെ ഉത്തരവാദിത്തം കരാറുകാരനാണ്. അവര്‍ എന്‍എച്ച്എഐ അംഗീകരിച്ചിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയേഴ്‌സുമായി ആലോചിച്ചാണ് ഡിസൈന്‍ ഉണ്ടാക്കുന്നത്. അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള പാളിച്ചകള്‍ ഗുരുതരമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും ദേശീയപാത അതോറിട്ടി ചെയര്‍മാനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ സമ്മതിച്ചിരിക്കുകയാണ്.
ദേശീയപാത നിര്‍മ്മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ഹൈ ലെവല്‍ ടെക്‌നിക്കല്‍ ടീം ഇല്ലായെന്നാണ് വ്യക്തമായത്. ഇത്രയും കോടിക്കണക്കിന് രൂപയുടെ നിര്‍മ്മാണജോലികള്‍ പരിശോധിക്കാന്‍ ടെക്‌നിക്കല്‍ ടീം ഇല്ലായെന്നത് സങ്കടകരമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ ദേശീയപാത നിര്‍മ്മാണത്തില്‍ തകര്‍ച്ചയുണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തി, കരാര്‍, ഡിസൈന്‍ അടക്കമുള്ള കാര്യങ്ങളില്‍ എന്തു സംഭവിച്ചു എന്ന് പരിശോധിക്കാന്‍ സിഎജിയോട് പിഎസി ആവശ്യപ്പെട്ടിരിക്കുകയാണ്.
നാഷണല്‍ അതോറിട്ടി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി അടിയന്തരമായി കേരളം സന്ദര്‍ശിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടം ഉണ്ടായ സ്ഥലം മാത്രമല്ല, കായംകുളം പോലെ ഇതുപോലുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുള്ള പ്രദേശങ്ങളും പരിശോധിക്കണം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു വരുത്തി വേണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനെന്ന് എന്‍എച്ച്എഐ ചെയര്‍മാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ, ഐഐടി പാലക്കാട്, സിആര്‍ആര്‍ഐ, ജിഎസ്‌ഐ എന്നിവിടങ്ങളിലെ മൂന്നംഗ ടെക്‌നിക്കല്‍ ടീമിനെ സംഭവസ്ഥലങ്ങളില്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇവരുടെയെല്ലാം പരിശോധനകള്‍ക്ക് ശേഷം മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് പിഎസിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തി അവരുടെ നിര്‍ദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്നാണ് ദേശീയപാത അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ഇവിടെ പാച്ച്വര്‍ക്ക് നടത്തിയതുകൊണ്ട് തീരുന്നതല്ല വിഷയം. വിശദമായ സാങ്കേതിക പരിശോധന നടത്തി തിരുത്തല്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഉപകരാറുകളില്‍ വ്യാപകമായി അഴിമതിയുണ്ടെന്ന് ആക്ഷേപമുണ്ട്. സാംപിള്‍ സര്‍വേ എന്ന നിലയില്‍ കേരളത്തിലെ ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓഡിറ്റ് ചെയ്യാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കെ സി വേണുഗോപാല്‍ പറഞ്ഞു.
ഷോക്കായിപ്പോയെന്നും, ഡിസൈന്‍ ഫെയ്‌ലിയറാണെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി പറഞ്ഞത്. നമ്മുടെ നാട്ടില്‍ മിനിമം ഏഴുമാസമെങ്കിലും മഴയുണ്ട്. ശരിയായ ഡ്രെയിനേജ് സംവിധാനം വേണ്ടേ. തീരെ മഴയില്ലാത്ത പ്രദേശത്തു നിര്‍മ്മിക്കുന്നതുപോലെ നമ്മുടെ നാട്ടില്‍ പറ്റുമോ. മാത്രമല്ല നമ്മുടെ നാട്ടില്‍ ഓരോ ഇഞ്ചിലും വീടുകളും ആളുകള്‍ താമസിക്കുന്നതുമാണ്. അതെല്ലാം കണക്കിലെടുക്കാതെയുള്ള നിര്‍മ്മാണ ജോലികള്‍ അവലംബിച്ചതു കൊണ്ടുണ്ടായ പ്രശ്‌നമാണിതെന്ന് അവര്‍ ഗതാഗതമന്ത്രാലയവും ദേശീയപാത അധികൃതരും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. മുകളിലുള്ള ഏതോ ഏജന്‍സി വന്നിട്ട് ആരോടും സംസാരിക്കാതെ ചെയ്തതുകൊണ്ടുള്ള പ്രശ്‌നമാണിത്. അതുകൊണ്ട് വളരെ ജാഗ്രതയോടെ വരുംകാലത്തെ പ്രവര്‍ത്തനങ്ങള്‍ പിഎസി നിരീക്ഷിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
