സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും; വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി

സ്‌കൂളുകളില്‍ ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുളള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം
children should be taught good health habits when they go to school
സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും - (pinarayi vijayan ഫയല്‍
Updated on
2 min read

തിരുവനന്തപുരം: ജൂണ്‍ രണ്ടിന് തന്നെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വേനലവധി കഴിഞ്ഞു തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan) . പുതിയ അധ്യയന വര്‍ഷവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ സുരക്ഷ, കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം, യാത്രാസുരക്ഷ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്‌കൂളിനടുത്തുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാ ഭിത്തികള്‍ നിര്‍മ്മിക്കാനും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അപകട സാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്‌കൂളുകളില്‍ ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുളള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങള്‍, പൊതുവാഹനങ്ങള്‍, സ്‌കൂള്‍ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍, റോഡ്, റെയില്‍വേ ലൈന്‍ എന്നിവ ക്രോസ് ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയെല്ലാം സ്‌കൂള്‍ തലത്തില്‍ അവലോകനം നടത്തി മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സ്‌കൂളും പരിസരവും ശുചിയാക്കാനും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും സന്നദ്ധസംഘടനകള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകള്‍, അധ്യാപക-വിദ്യാര്‍ത്ഥി-ബഹുജന സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ശ്രമിക്കണം. കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവ നിര്‍ബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. കുടിവെള്ള സാമ്പിള്‍ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണം. സ്‌കൂള്‍ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍ എന്നിവ നിര്‍ബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കണം.

ഓരോ സ്‌കൂളും ഒരുക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തന പദ്ധതി രുപീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ പ്രധാനാധ്യാപകര്‍ സ്വീകരിക്കണം.

കെ എസ് ആര്‍ ടി സി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പോലീസ്, കെ എസ് ഇ ബി, എക്‌സൈസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പട്ടിക വര്‍ഗ്ഗ വകുപ്പ്, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്‌കൂള്‍തല യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്. വനം/തോട്ടം മേഖലകളില്‍ കുട്ടികള്‍ സ്‌കൂളിലേക്ക് സഞ്ചരിക്കുന്ന നടവഴികളിലെ വശങ്ങളിലുള്ള കുറ്റിക്കാടുകള്‍ വെട്ടി മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ്, വനംവകുപ്പ് എന്നിവരുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം. വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളില്‍ സംരക്ഷണ വേലികള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം.

സ്‌കൂള്‍ ബസ്സുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് മുതലായവ സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. കുട്ടികളുടെ ബസ് യാത്രയില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്യമായ സ്റ്റോപ്പുകളില്‍ കുട്ടികള്‍ക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നല്‍കുന്നതിനും കുട്ടികളോട് മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി, പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ അധികാരികളുടെ സഹായം തേടണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com