
കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് നിലമ്പൂരില്‍ (nilambur by-poll) കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന വിവി പ്രകാശ് പരാജയപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പിവി അന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും ഉണ്ടായിട്ടുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്കു ശക്തി പകര്‍ന്നുകൊണ്ട്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലം വരുന്നതിനു രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം വന്നു മരിച്ച വിവി പ്രകാശിന്റെ കുടുംബം ഷൗക്കത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഗോവിന്ദന്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
''അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരന്റെ മനസ്സിലും എരിയുമെന്ന' പ്രകാശിന്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ ഘട്ടത്തില്‍ ജയം ഉറപ്പിക്കാന്‍ ബിജെപിയുമായും മുസ്ലിം മതമൗലികവാദികളുമായും ചേര്‍ന്ന് മഴവില്‍ സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താനില്ലെന്നും ബിഡിജെഎസിന് സീറ്റു വിട്ടുനല്‍കുമെന്നും മറ്റുമുള്ള മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ പട്ടാമ്പി, ബേപ്പൂര്‍, വടകര മോഡല്‍ ആവര്‍ത്തിക്കാനാണ് ശ്രമമെന്ന് വ്യക്തം''- ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു.
വലതു മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതുപോലെ വലതുപക്ഷത്തിന്റെ രാവണന്‍കോട്ടയൊന്നുമല്ല നിലമ്പൂര്‍ എന്നു സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു. 1965ല്‍ മഞ്ചേരി മണ്ഡലം വിഭജിച്ച് നിലമ്പൂര്‍ മണ്ഡലം രൂപംകൊണ്ടതുമുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ഉപതെരഞ്ഞെടുപ്പടക്കം ഏഴുതവണ ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. കുഞ്ഞാലി 1965ലും 1967ലും മണ്ഡലത്തില്‍നിന്ന് സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ചിട്ടുണ്ട്. 1980ല്‍ എല്‍ഡിഎഫിന്റെ ഭാഗമായ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായി ഹരിദാസന്‍ വിജയിച്ചു. ലോക്‌സഭയിലേക്ക് പൊന്നാനിയില്‍നിന്ന് മത്സരിച്ച് തോറ്റ കോണ്‍ഗ്രസ് (യു) നേതാവ് ആര്യാടന്‍ മുഹമ്മദ് 'അവരുടെ പാര്‍ട്ടി പ്രതിനിധിയായി നായനാര്‍ മന്ത്രിസഭയില്‍ അംഗമായപ്പോള്‍' ഹരിദാസനെ രാജിവയ്പ്പിച്ച് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്യാടന്‍ ആ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. നായനാര്‍ മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് (യു) യുഡിഎഫിലേക്ക് തിരിച്ചുപോയതിനുശേഷം 1982ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്യാടനെ സിപിഎം സ്വതന്ത്രനായി മത്സരിച്ച ടി കെ ഹംസ പരാജയപ്പെടുത്തി. 1980ല്‍ പതിനെട്ടായിരത്തോളം ഭൂരിപക്ഷം നേടിയ ആര്യാടനെ 1566 വോട്ടിനാണ് ഹംസ പരാജയപ്പെടുത്തിയത്. ഇന്ദിരാ ഗാന്ധിവരെ വന്ന് പ്രചാരണം നടത്തിയിട്ടും ആര്യാടന്‍ നിലംതൊട്ടില്ല. രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂര്‍ ജനത ആര്യാടനെയും കോണ്‍ഗ്രസിനെയും ഒരു പാഠം പഠിപ്പിച്ചു. സമാന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴും നിലമ്പൂരിലുള്ളതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
''അന്‍വറിന്റെ കാലുമാറ്റത്തോടെ വിജയം സുനിശ്ചിതമായെന്ന അതിരുകടന്ന ആത്മവിശ്വാസമാണ് യുഡിഎഫ് നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അതില്‍ ഇളക്കം തട്ടാന്‍ തുടങ്ങി. ഇനി മത്സരിക്കാനില്ലെന്നും മലയോര ജനതയുടെ പ്രശ്‌നമറിയുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ യുഡിഎഫ് തയ്യാറാകണമെന്നുമാണ് ആദ്യം അന്‍വര്‍ വച്ച നിബന്ധന. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയാണ് അന്‍വര്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥി. പിന്നീട് യുഡിഎഫ് ഏത് ചെകുത്താനെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്നായി അന്‍വറിന്റെ വായ്ത്താരി. അത് വിശ്വസിച്ചായിരിക്കണം ആര്യാടന്റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അന്‍വറിനോട് 11,504 വോട്ടിന് തോറ്റ സ്ഥാനാര്‍ഥിയാണ് ഷൗക്കത്ത്. യുഡിഎഫിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും ഷൗക്കത്തിന്റെ വിജയം സംബന്ധിച്ച കണക്കുകള്‍ ജനകീയ കോടതിയില്‍ ഏശില്ലെന്നതിന്റെ സാക്ഷ്യപത്രമാണിത്. മാത്രമല്ല ആര്യാടന്‍ ഷൗക്കത്താണ് സ്ഥാനാര്‍ഥിയെന്ന് അറിഞ്ഞതോടെ അന്‍വര്‍ ഇടയുകയും ചെയ്തു. മണ്ഡലത്തിന്റെ പള്‍സ് അറിയാത്ത സ്ഥാനാര്‍ഥിയാണ് ഷൗക്കത്തെന്ന് അന്‍വര്‍ തുറന്നടിച്ചു. കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഷൗക്കത്തിനാകില്ലെന്നും അന്‍വര്‍ പറഞ്ഞു. അതായത് ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുന്‍കൈ നേടിയെന്ന് ഘോഷിച്ച യുഡിഎഫിന്റെ മുഖം ഇതോടെ മ്ലാനമായി. ഈ ഘട്ടത്തിലും അന്‍വറില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം യുഡിഎഫിനും കോണ്‍ഗ്രസിനും ഇല്ല. അതാണ് കെ സുധാകരന്റെ പ്രസ്താവന തെളിയിക്കുന്നത്. അന്‍വര്‍ മുതല്‍ക്കൂട്ടാണെന്നും കൂടെ കൂട്ടണമെന്നുമാണ് സുധാകരന്‍ പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അന്‍വറിന്റെ യുഡിഎഫ് പ്രവേശം ഉറപ്പാണെന്ന് വി ഡി സതീശനും പറഞ്ഞു. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ഇറക്കി അന്‍വറിനെ കൂടെ നിര്‍ത്താനുള്ള തിരക്കിട്ട ശ്രമങ്ങളാണ് യുഡിഎഫ് ക്യാമ്പില്‍ നടക്കുന്നത്''- ഗോവിന്ദന്‍ എഴുതുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ