'അന്‍വറുമായി സംസാരിച്ചാല്‍ രാജിവയ്ക്കുമെന്ന് സതീശന്‍ ഭീഷണി മുഴക്കി, ഇരുട്ടിന്‍റെ മറവില്‍ വെട്ടിക്കൊല്ലാന്‍ സ്ട്രാറ്റജി'

പി വി അന്‍വറിനെ ഒതുക്കാനാണോ യുഡിഎഫ് ചെയര്‍മാന്‍ ഉദ്ദേശിക്കുന്നത് ?
P V Anvar
P V Anvarspecial arrangement
Updated on

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ ( P V Anvar ). ഈ തെരഞ്ഞെടുപ്പ് പി വി അന്‍വറിനെ ഒതുക്കാനാണോ യുഡിഎഫ് ചെയര്‍മാന്‍ ഉദ്ദേശിക്കുന്നത്, അതല്ല പിണറായി വിജയനെ ഒതുക്കാനാണോ?. തെരഞ്ഞെടുപ്പ് നോമിനേഷന്‍ രണ്ടുദിവസം കഴിഞ്ഞാല്‍ കൊടുക്കണം. അപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ചിന്തിച്ചാല്‍ മതിയെന്ന് പി വി അന്‍വര്‍ പറഞ്ഞു.

പിണറായിയെ ഒതുക്കലാണോ അന്‍വറിനെ ഒതുക്കലാണോ യുഡിഎഫ് ചെയര്‍മാന്‍ നിലമ്പൂർ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്?. പി വി അന്‍വറിനെ ഒതുക്കാനാണ് ഈ തെരഞ്ഞെടുപ്പ് ഒതുക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ. ഈ തരത്തില്‍ നിലപാട് എടുക്കേണ്ട ഒരു പ്രശ്‌നവും ഞങ്ങള്‍ തമ്മിലില്ല. അതുകൊണ്ടുതന്നെ ഈ നിലപാടിന് പിന്നില്‍ നിഗൂഢമായ എന്തോ ലക്ഷ്യമുണ്ടെന്ന് പി വി അന്‍വര്‍ ആരോപിച്ചു.

ആ ലക്ഷ്യം ഇപ്പോള്‍ യുഡിഎഫ് നേതൃത്വത്തിന് മനസ്സിലായിട്ടുണ്ടാകില്ല. ആ ലക്ഷ്യം എന്താണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ട് പറയാന്‍ തീരുമാനിച്ചിരുന്നതാണ്. അന്‍വറിന് സംസാരിക്കാനുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം കെ സി വേണുഗോപാലിനെ വിളിച്ച് പറഞ്ഞിരുന്നതാണ്. അദ്ദേഹവും ഒകെ പറഞ്ഞതാണ്.

കോഴിക്കോട്ടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ വിളിച്ചിട്ടാണ് കോഴിക്കോട്ട് ചെന്നത്. അഞ്ചു മണി മുതല്‍ ഏഴേ മുക്കാല്‍ വരെ കെ സി വേണുഗോപാലിനായി കാത്തിരുന്നു. പിന്നീട് അദ്ദേഹത്തിന് അല്പം ധൃതിയുണ്ട്, പിന്നീട് സംസാരിക്കാം എന്ന അറിയിപ്പാണ് ലഭിച്ചത്. കാണാന്‍ തയ്യാറാണെന്ന് അറിഞ്ഞ കെ സി വേണുഗോപാലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിളിച്ച്, അന്‍വറുമായി സംസാരിച്ചാല്‍ ഞാന്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചു. അത് എനിക്ക് സഹിക്കാന്‍ കഴിയില്ല, അഭിമാനക്ഷതമുണ്ടാക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയെന്നും അന്‍വര്‍ പറയുന്നു.

നിങ്ങള്‍ ആരാണെന്ന് വെച്ചാല്‍ തെരഞ്ഞെടുപ്പ് നടത്തിക്കോ, ഞാന്‍ പറവൂരിലേക്ക് പോകുമെന്ന് വിഡി സതീശന്‍ പറഞ്ഞു. അപ്പോള്‍ കെസി വേണുഗോപാലിന് എന്തു ചെയ്യാന്‍ പറ്റും. കെസി വേണുഗോപാലിന് ഈ വിഷയം തീരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ രാജിവെച്ചതു കൊണ്ടാണല്ലോ പിണറായിസത്തിനെതിരെ പോരാട്ടമുണ്ടായത്. അക്കാര്യം വേണുഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന് അത് ഓര്‍മ്മയുണ്ട്. എന്നാല്‍ അത് ഓര്‍മ്മയില്ലാത്ത ചിലരുമുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു.

വിഡി സതീശന്‍ വഴിനീളെ ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് വേറെ എന്തോ ആണ് ലക്ഷ്യം. കെ സുധാകരനും രമേശ് ചെന്നിത്തലയും കെ മുരളീധരനും നിരന്തരം സംസാരിക്കുന്നുണ്ട്. ലീഗ് നേതാക്കളും കുഞ്ഞാലിക്കുട്ടിയും എത്ര തവണയാണ് ഈ വിഷയത്തില്‍ ഇടപെട്ടത്. ഇനി എനിക്കുവേണ്ടി ആരുടേയും കാലുപിടിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞിട്ടുണ്ട്. യുഡിഎഫ് യോഗത്തില്‍ അന്‍വറിനെ അസോസിയേറ്റ് മെമ്പറാക്കാമെന്ന് തീരുമാനമെടുത്തു. അതു പ്രഖ്യാപിക്കാന്‍ ഏല്‍പ്പിച്ച പ്രതിപക്ഷ നേതാവ് അക്കാര്യം പരസ്യമായി പറയാതെ പിടിച്ചു വെക്കുകയായിരുന്നു.

ഇപ്പോള്‍ ഞാന്‍ നയം വ്യക്തമാക്കാനാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. എന്നാല്‍ നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. എന്റെ നയം ജനങ്ങള്‍ക്ക് അറിയാം. ഒന്നുകില്‍ ടിപി ചന്ദ്രശേഖരന്‍ അല്ലെങ്കില്‍ അബ്ദുള്‍ നാസര്‍ മദനി ഈ രണ്ടു ഘട്ടത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിയും. ഇരുട്ടിന്റെ മറവില്‍ എന്നെ വെട്ടിക്കൊല്ലണോ, അതോ മദനിയെ ജയിലിലടച്ച പോലെ ഇഞ്ചിഞ്ചായി കൊല്ലണോ എന്ന സ്ട്രാറ്റജി ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതില്‍ കൊണ്ടു ചെന്ന് കഴുത്തുവെക്കാന്‍ പറ്റുമോയെന്ന് അന്‍വര്‍ ചോദിച്ചു.

ഇനി നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളിലാണ് പ്രതീക്ഷ. അവര്‍ക്കുവേണ്ടിയിട്ടാണ് ഞാന്‍ ഇറങ്ങിയത്. മത്സരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടി നേതൃയോഗം കൂടിയാലോചിച്ച് തീരുമാനിക്കും. അന്‍വറിനെ ഒതുക്കുക എന്ന ലക്ഷ്യത്തിലേക്ക് വിഡി സതീശന്‍ ഈ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണ്. അത് അന്‍വറിനെ കൊല്ലാനാണ് എന്ന വസ്തുത എനിക്കെങ്കിലും മനസ്സിലാകണ്ടേ. ആ ചതിക്കുഴിയില്‍ വീഴാന്‍ ഞാനില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com