

മലപ്പുറം: യുഡിഎഫില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും പി വി അന്‍വര്‍ ( P V Anvar ) പറഞ്ഞു. പ്രതിപക്ഷ നേതാവുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല. വിശ്വാസവഞ്ചന നടത്തിയ ആ സംവിധാനത്തിലേക്ക് ഇനി താനില്ല. എല്ലാം താന്‍ ഏറ്റെന്നാണ് അദ്ദേഹം പറയുന്നത്. എന്നെ യുഡിഎഫില്‍ എടുക്കാത്തതിന് പിന്നില്‍ ഗൂഢശക്തികളുണ്ടെന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിട്ടുള്ളതാണെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. എല്‍ഡിഎഫുമായി ചര്‍ച്ച നടത്താന്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. മത്സരിക്കാന്‍ കോടിക്കണക്കിന് രൂപ വേണം. 97 എംഎല്‍എമാരും മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരും എംപിമാരും അവിടെ വരാന്‍ പോകുകയാണ്. യുഡിഎഫിന്റെ 42 എംഎല്‍എമാരും അവരുടെ എംപിമാരും മറ്റ് സംവിധാനങ്ങളും. അവര്‍ കോടികള്‍ പൊടിക്കുന്നത് ചേലക്കരയില്‍ ഞാന്‍ കണ്ണുകൊണ്ട് കണ്ടതാണ്. ഒരു ബൂത്തില്‍ നാലും അഞ്ചും ലക്ഷമാണ് ചെലവാക്കിയത്. മരുമോന്റെ സംഘം കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തു നിന്നും ഇങ്ങോട്ടു വരും. അതേപേലെ പ്രതിപക്ഷ നേതാവിന്റെ ഒരു സംഘവും ഇങ്ങോട്ടും വരും. ഇവരങ്ങ് ഇടിച്ചു തമിതിര്‍ത്ത് പോകുവല്ലേയെന്ന് പി വി അന്‍വര്‍ പറഞ്ഞു.
ജനങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു സിറ്റിങ്ങ് സീറ്റ് വേണമെന്ന് കോണ്‍ഗ്രസിനോട് ചര്‍ച്ചയില്‍ ചോദിച്ചിരുന്നു. 99 സീറ്റിലാണ് കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ വിജയിക്കാത്ത ഏതെങ്കിലും രണ്ടു മൂന്നു സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കാന്‍ ആവശ്യപ്പെട്ടു. തീരുമാനമുണ്ടാകാതിരുന്നപ്പോള്‍ ഒടുവില്‍ അതും വിട്ട്, തനിക്ക് മത്സരിക്കാന്‍ ഒരു സീറ്റ് പറയാന്‍ പറഞ്ഞു. അപ്പോള്‍ ബേപ്പൂര്‍ സീറ്റില്‍ മത്സരിച്ചുകൂടേയെന്നാണ് ഒരു ഉത്തരവാദപ്പെട്ട നേതാവ് ചോദിച്ചത്. അതല്ലെങ്കില്‍ വന്യജീവി പ്രശ്‌നം നേരിടുന്ന മലമ്പുഴ മണ്ഡലത്തില്‍ മത്സരിക്കാനും നിര്‍ദേശിച്ചു. തന്നെ കൊന്നു കൊലവിളിക്കുകയാണ് അവര്‍ ലക്ഷ്യമിട്ടത്.
ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ യുഡിഎഫിന് അകത്തു വന്നാലും അന്‍വര്‍ ഇതുതന്നെയാണ്. ചിലര്‍ക്ക് പല ഏര്‍പ്പാടുകളും ഉണ്ടാകും. അവര്‍ക്ക് ഞാന്‍ നാളെ തടസ്സമാകും. അതിന് എന്നെ ഫിനിഷ് ചെയ്യണം. ഞാന്‍ രാഷ്ട്രീയ രംഗത്ത് ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഞാന്‍ ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. യുഡിഎഫ് നിര്‍ത്തുന്ന ഏതു സ്ഥാനാര്‍ത്ഥിയായാലും, ഏതു ചെകുത്താനായാലും അംഗീകരിക്കുമെന്ന് പറഞ്ഞിട്ടുള്ളതാണെന്ന് പി വി അന്‍വര്‍ പറഞ്ഞു.
പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ജനങ്ങളിലേക്ക് ഇറങ്ങിവന്ന എന്നെ സ്വീകരിക്കുകയും സഹായിക്കുകയും, ആ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ അതിന് തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ പിണറായിസം മാറ്റി നിര്‍ത്തി മറ്റു ചില ഗൂഢശക്തികളുടെ താല്‍പ്പര്യം സംരക്ഷിച്ച് അന്‍വറിനെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പോകുകയാണ്. അതില്‍ വിട്ടുവീഴ്ച ഇപ്പോഴും ഉണ്ടായിട്ടില്ലെന്ന് പി വി അന്‍വര്‍ ആരോപിച്ചു.
ഒരു കേസ് നടത്തി ജഡ്ജി വിധി പറയാന്‍ നില്‍ക്കുമ്പോള്‍, പ്രതിയോട് യഥാര്‍ത്ഥത്തില്‍ നീ കുറ്റവാളിയല്ലെന്ന് എനിക്കറിയാം. നിന്നെ വെറുടെ വിടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ നിന്റെ വക്കീല്‍ അതിന് സമ്മതിക്കുന്നില്ല എന്നു പറഞ്ഞ അവസ്ഥയിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. ആരെയും കണ്ടിട്ടല്ല ഞാന്‍ ഇറങ്ങിവന്നത്. എന്നെ സൃഷ്ടിച്ച സര്‍വശക്തനായ ദൈവത്തെയും ഇന്നാട്ടിലെ പാവപ്പെട്ട ജനങ്ങളെയും കണ്ടിട്ടാണ്. ആ മനുഷ്യരിലാണ് പ്രതീക്ഷയെന്ന് അന്‍വര്‍ പറഞ്ഞു.
ഭൂരിപക്ഷം കണ്ട് ഭയപ്പെടരുത്, നീ നീതിക്കുവേണ്ടി നിലകൊള്ളണം എന്നാണ് ഖുറാനായാലും ബൈബിളായാലും മറ്റു മതങ്ങളുടെ ഗ്രന്ഥമായാലും പരിശോധിച്ചാല്‍ കാണാം. ഭൂരിപക്ഷത്തെ കണ്ടിട്ട് ഭയപ്പെട്ട് നാളത്തെ അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി, പിണറായിസത്തിനെതിരെ, ഈ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ പോരാട്ടത്തില്‍ നിന്നും തല്‍ക്കാലം പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല. ശത്രുവിന്റെ മുന്നില്‍ മിത്രം എന്നു കരുതിയവരുടെ ഒപ്പം നിന്ന് ശത്രുവിനെ നേരിടാമെന്ന് കരുതിയ എനിക്ക്, ആ ശത്രുവിനൊപ്പമാണ് ഇപ്പുറത്തെ ചിലരൊക്കെയെന്ന വസ്തുത കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ പിന്നീട് മനസ്സിലാക്കിക്കൊള്ളും.
യുഡിഎഫിലെ ചിലര്‍ ഭയപ്പെടുന്നത് ഞാനൊരു അധികപ്രസംഗിയാണെന്നാണ്. ഞാന്‍ അധിക പ്രസംഗം ഇനിയും തുടരും എന്നതാണ് അവരെ അലട്ടുന്നത് എന്നതാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ആ അധികപ്രസംഗം ഞാന്‍ തുടരുക തന്നെ ചെയ്യും. അതില്‍ യാതൊരു തര്‍ക്കവുമില്ല. പിണറായിയെ വിശ്വസിക്കുകയും, എന്റെ പിതാവിന്റെ സ്ഥാനത്തു കാണുകയും ചെയ്തയാളാണ് ഞാന്‍. ഞാനൊരു കമ്യൂണിസ്റ്റുകാരനായിരുന്നില്ല. കമ്യൂണിസത്തിന്റെ ആദര്‍ശത്തിലെ പരമപ്രധാനമായ സംഗതി സോഷ്യലിസമാണ്. പാവപ്പെട്ട മനുഷ്യരെ സഹായിക്കുന്ന, അവരുടെ നീതിക്കുവേണ്ടി പോരാടുന്ന പാര്‍ട്ടിയായിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കണ്ടിരുന്നത്. ആ നിലയ്ക്കാണ് ആ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.
വയലില്‍ ജോലി ചെയ്താല്‍ വരമ്പത്ത് കൂലി കൊടുക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നുണ്ട്. അതിനുവേണ്ടി പോരാടിക്കൊണ്ടിരുന്ന പ്രസ്ഥാനമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയായിരുന്നു അത്. മതേതരത്വമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറ്റൊരു പ്രത്യേകത. വര്‍ഗീയതക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തിരുന്ന പാര്‍ട്ടിയായിരുന്നു സിപിഎം. സെക്യുലറിസവും സോഷ്യലിസവുമാണ് സിപിഎമ്മുമായി സഹകരിക്കാന്‍, അതിനു വേണ്ടി പോരാളിയാകാന്‍ തന്നെ പ്രേരിപ്പിച്ചത്. ഇതിന്റെ പേരില്‍ ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ ഭാഗത്തു നിന്ന പാര്‍ട്ടി ജാതിമത രാഷ്ട്രീയത്തിലേക്കു വഴിമാറി സഞ്ചരിച്ചു. പി വി അന്‍വര്‍ പറഞ്ഞു.
അഞ്ചുമാസമായി എന്നെ വാലില്‍ കെട്ടിയിട്ട് നടത്തുകയായിരുന്നു. യുഡിഎഫിന്റെ ഉത്തരവാദപ്പെട്ട നേതാക്കളാണ് യുഡിഎഫിലേക്ക് വരണമെന്ന് പറഞ്ഞത്. അതിന് മുന്‍കൈയെടുത്തത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. നിങ്ങള്‍ ഒറ്റയ്ക്കു നില്‍ക്കേണ്ട വ്യക്തിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശ്രമിച്ചിട്ടും യുഡിഎഫില്‍ പ്രവേശനം ഉണ്ടായിട്ടില്ല. വാലില്‍ കെട്ടിയിട്ട് നടത്താമെന്നാണ് അവര്‍ കരുതിയത്. കഴിഞ്ഞ രണ്ടാം തീയതി എടുത്ത തീരുമാനത്തില്‍ ഇപ്പോഴും പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇതിനു ചുമതലപ്പെടുത്തിയ ആളെ ഫോണ്‍ വിളിച്ചാല്‍ എടുക്കുകയുമില്ലെന്ന് വിഡി സതീശനെ ഉദ്ദേശിച്ച് പി വി അന്‍വര്‍ വ്യക്തമാക്കി.
മലയോര കര്‍ഷകരുടെ പ്രതിനിധിയുണ്ടാകും, ഷൗക്കത്തിനെ വേറെ എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാമെന്നാണ് ആ മാസം 15-ാം തീയതി എന്നോട് പറഞ്ഞത്. 2026ലെ തെരഞ്ഞെടുപ്പില്‍ ഷൗക്കത്തിനെ വേണമെങ്കില്‍ മത്സരിപ്പിക്കാം. ഇപ്പോള്‍ വന്യജീവി പ്രശ്‌നം കത്തിക്കാളി നില്‍ക്കുന്ന ഘട്ടത്തില്‍ വി എസ് ജോയിയെ തന്നെ മത്സരിപ്പിക്കാമെന്ന് പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് ഞാന്‍ പറഞ്ഞതിന് പല കാരണങ്ങളുണ്ട്. അതൊന്നും ഇപ്പോള്‍ പറയുന്നില്ല. എന്നെ യുഡിഎഫില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍, ഷൗക്കത്ത് ഉള്‍പ്പെടെ ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും അംഗീകരിച്ചേനെ. കാരണം ഞാനും യുഡിഎഫിന്റെ ഭാഗമാണല്ലോയെന്ന് അന്‍വര്‍ പറഞ്ഞു.
പി വി അന്‍വറും യുഡിഎഫും ഒരുമിച്ച് നിന്നിട്ടും നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചാലുള്ള അവസ്ഥയെന്താണ്?. പിന്നെ പിണറായിസമുണ്ടോ?. ഭരണവിരുദ്ധ വികാരമുണ്ടോ?. കേരലത്തിലെ 140 മണ്ഡലങ്ങളെയും ഇതു ബാധിക്കില്ലേയെന്ന് അന്‍വര്‍ ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് എതിരാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ നിലമ്പൂരില്‍ രാജിവെച്ചത്. വന്യജീവി പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍, മലയോര കുടിയേറ്റക്കര്‍ഷകരില്‍ ഒരാളെ മത്സരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി സ്വരാജിനെ വ്യക്തിപരമായി ഇഷ്ടമാണ്. പക്ഷെ കേരളത്തില്‍ പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് സ്വരാജ്. പിണറായിസത്തെ താലോലിക്കുന്നതില്‍ മുമ്പന്തിയിലാണ് സ്വരാജെന്ന് അന്‍വര്‍ പറഞ്ഞു.
വന്യജീവി പ്രശ്‌നം ഇത്ര രൂക്ഷമായിട്ടുണ്ടായിട്ടും ഇതുവരെ ഇവിടേക്ക് വന്ന്, സര്‍ക്കാരിന്റെ ഇടപെടലുകളില്‍ എവിടെയെങ്കിലും ശരികേടുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ?. ലോകത്തെ സര്‍വകാര്യങ്ങളെക്കുറിച്ചും പറയുന്ന സ്വരാജ് ഈ വിഷയത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് എങ്കിലും ഇട്ടോ?. പലസ്തീനിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടിയാകും സ്വരാജ് സംസാരിക്കുക. 1920 ലെ കാര്യങ്ങളൊക്കെ സംസാരിക്കും. അല്ലാതെ കേരളത്തിലെ, മലപ്പുറത്തെ പ്രശ്‌നങ്ങള്‍ വന്ന് പറയുമോ?. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ ഒരു മുടക്കുമില്ലല്ലോ?. സ്വരാജിന്റെ നാടായ പോത്തുകല്ലില്‍ പ്രളയം ഉണ്ടായപ്പോള്‍ സ്വരാജ് എവിടെ വന്നതിന്റെ ഒരു ഫോട്ടോ എങ്കിലും കാണിക്കാന്‍ കഴിയുമോയെന്ന് അന്‍വര്‍ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates