കൊല്ലം; അനാഥാലയത്തിലെ 13വര്‍ഷത്തെ ജീവിതം. പത്രവില്‍പ്പന മുതല്‍ ഹോട്ടലിലെ തൂപ്പു വേല വരെ ചെയത കൗമാര കാലം. കൊല്ലം കളക്ടര്‍ അബ്ദുള്‍ നാസറിന്റെ ജീവിതം വലിയ പാഠമാണ്. ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ നമുക്ക് കീഴടക്കാന്‍ പറ്റാത്ത സ്വപ്‌നങ്ങളില്ലെന്ന് കാണിച്ചു തരികയാണ് അബ്ദുള്‍ നാസര്‍. തലശ്ശേരിക്കാരനായ നാസറിന്റെ ബാല്യകാലം അനാഥാലയത്തിലായിരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്ന കഷ്ടപ്പാടിനേയും ദുരിതത്തേയും ആത്മവിശ്വാസത്തോടെ നേരിട്ടാണ് അദ്ദേഹം കളക്ടര്‍ കസേര വരെ എത്തിയത്.
അഞ്ചാം വയസില്‍ അച്ഛന്‍ അബ്ദുള്‍ ഖാദര്‍ മരിച്ചതു മുതലാണ് അബ്ദുള്‍ നാസറിന്റെ കുടുംബം ദുരിതക്കയത്തിലാകുന്നത്. ആറു മക്കളെ ഒറ്റയ്ക്ക് വളര്‍ത്തേണ്ട ചുമതല അമ്മ മഞ്ജുമ്മ ഹാജുമ്മയ്ക്കായി. സാമ്പത്തിക പ്രശ്‌നങ്ങള്‍ മുറുകിയതോടെ ഇളയമകനായ അബ്ദുള്‍ നാസറിനെ തലശ്ശേരിയിലെ അനാഥാലയത്തില്‍ അയക്കേണ്ടിവന്നു. പിന്നീടുള്ള 13 വര്‍ഷം അബ്ദുള്‍ നാസറിന്റെ ജീവിതം അനാഥാലയത്തിലാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിനുള്ള ചെലവ് കണ്ടെത്താനായി ഹോട്ടലിലെ സപ്ലയറും ക്ലീനറുമായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. തുടര്‍ന്ന് തലശ്ശേരിയിലെ ഗവണ്‍മെന്റ് ബ്രന്നന്‍ കൊളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദമെടുത്തു. തന്റെ ഉപജീവനത്തിനായി ക്ലാസില്ലാത്ത സമയങ്ങളില്‍ അദ്ദേഹം ന്യൂസ് പേപ്പര്‍ വില്‍പ്പനക്കാരന്‍ മുതല്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍ വരെ ആയി. ബിരുദ പഠനത്തിന് ശേഷം സംസ്ഥാന ആരോഗ്യ വിഭാഗത്തില്‍ ആരോഗ്യ ഇന്‍സ്‌പെക്ടറായും തന്റെ ഗ്രാമത്തിലെ സ്‌കൂളില്‍ അപ്പര്‍ പ്രൈമറി അധ്യാപകനുമായും ജോലി ചെയ്തു.
തുടര്‍ന്നാണ് പിഎസ് സി വഴിയുള്ള ഡെപ്യൂട്ടി കളക്ടര്‍ പോസ്റ്റിലുള്ള പരീക്ഷ എഴുതുന്നത്. 2002 ല്‍ പ്രിലിമിനറിയും 2004 ല്‍ മെയിന്‍ എക്‌സാമും പാസായി. 2006 ലാണ് ഡെപ്യൂട്ടി കളക്ടറായി നിയമിതനാകുന്നത്. സ്റ്റേറ്റ് എന്‍ട്രന്‍സ് എക്‌സാം കമ്മീഷണറായി ഇരിക്കുന്ന സമയത്ത് പരീക്ഷകള്‍ ഓണ്‍ലൈനാക്കി മാറ്റിയതും അബ്ദുള്‍ നാസറാണ്. 2017 ഒക്ടോബറിലാണ് അദ്ദേഹം ഐഎഎസ് ഉദ്യോഗസ്ഥനായി ഉയരുന്നത്.
തന്നെ ഇന്നത്തെ താനാക്കിയതിന് പിന്നില്‍ അമ്മയുടെ കഠിനാധ്വാനമാണെന്നാണ് 49 കാരന്‍ പറയുന്നത്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ എം.കെ രുക്‌സാനയാണ് അദ്ദേഹത്തിന്റെ ഭാര്യ. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. എന്‍ജിനീയറിങ് ബിരുദധാരിയായ നയീമ, ബിബിഎ വിദ്യാര്‍ത്ഥിയായ ന്വാമുല്‍ഹഖ്, എട്ടാം ക്ലാസുകാരനായ ഇനാമുല്‍ ഹഖ് എന്നിവര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates