

ഇറ്റാനഗര്‍: പാരമ്പര്യങ്ങള്‍ പിന്തുടരാന്‍ പലപ്പോഴും പുതിയ തലമുറയ്ക്ക് മടിയാണ്. ചിന്താഗതികള്‍ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അരുണാചല്‍ പ്രദേശിലുള്ള 24 കാരിയായ ലീകെ ചോമു തന്റെ പാരമ്പര്യം സൂക്ഷിക്കുന്നതിന് വ്യത്യസ്തമായ വഴി സ്വീകരിച്ചിരിക്കുകയാണ്. 200 വര്‍ഷം പഴക്കമുള്ള സ്ണ്വന്തം വീട് ഇവര്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്.
പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിലെ മോണ്‍പ സമൂഹത്തില്‍ നിന്നുള്ള 24 കാരിയാണ് ലീകെ ചോമു. മണ്ണും കല്ലും ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. മോണ്‍പ സമൂഹത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. എങ്കിലും വീടിനെ മ്യൂസിയമാക്കി മാറ്റുന്നത് ലീകെ ചോമു വ്യക്തിപരമായി എടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു.
വീടിനെ തനതായ രീതിയില്‍ നിലനിര്‍ത്തല്‍, വീടിനകത്തെ വസ്തുക്കള്‍ സംരക്ഷിക്കല്‍, സന്ദര്‍ശകരെ സംഘടിപ്പിക്കല്‍, അവര്‍ക്കായുള്ള സ്ഥലം ഒരുക്കല്‍ തുടങ്ങി ഓരോന്നിലും ചോമിയുടെ കൃത്യമായ ഇടപെടലുണ്ടായിരുന്നു. എനിക്ക് ഇത് വെറുമൊരു പദ്ധതിയല്ല, എന്റെ പൈതൃകമാണ്, ചോമു പറയുന്നു. ആധുനിക രീതികള്‍ പരമ്പരാഗത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ മോണ്‍പയെക്കുറിച്ചുള്ള അറിവ് മാഞ്ഞുപോകാതിരിക്കാനാണ് ഈ തീരുമാനമെന്ന് അവര്‍ പറയുന്നു.
പുരാവസ്തുക്കള്‍ മാത്രമുള്ള ഒരു പരമ്പരാഗത മ്യൂസിയം സൃഷ്ടിക്കുന്നതിന് പകരം മോണ്‍പയുടെ വാസ്തുവിദ്യ, ജീവിത ശൈലി, പാരമ്പര്യങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാം എന്നതാണ് ഈ മ്യൂസിയത്തിന്‍റെ പ്രത്യേകത. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മോണ്‍പ ജനത എങ്ങനെ ജീവിച്ചിരുന്നുവെന്ന് സന്ദര്‍ശകര്‍ക്ക് നേരിട്ട് അനുഭവിച്ച് അറിയാന്‍ കൂടി ഇതിലൂടെ കഴിയും, അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5നാണ് മ്യൂസിയം ഔദ്യോഗികമായി ആരംഭിച്ചത്. നിരവധി വിനോദ സഞ്ചാരികളും സാംസ്‌കാരിക പ്രേമികളും മ്യൂസിയം സന്ദര്‍ശിക്കുന്നുണ്ട്.
വെസ്റ്റ് കാമെങ് ജില്ലയിലെ ദിരാങ്ങിന് കീഴിലുള്ള ചുഗ് താഴ്‌വരയില്‍ നിന്നുള്ള ചോമു ബിഎസ്എസി അഗ്രിക്കള്‍ച്ചര്‍ ആണ് പഠിച്ചത്. 200 വര്‍ഷം പഴക്കമുള്ള വീട് സംരക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. പുരാവസ്തുക്കള്‍ സംരക്ഷിക്കുക, സമൂഹത്തിലെ മുതിര്‍ന്നവരെ അവരുടെ പൈതൃകം സംരക്ഷിക്കുന്നതിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുക, വിനോദ സഞ്ചാരികളേയും ഗവേഷകരെയും ആകര്‍ഷിക്കുക എന്നിവ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ചോമു പറയുന്നു. പാത്രങ്ങള്‍, പരവതാനികള്‍, ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, എല്ലാം പഴയപോലെ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates