ആദ്യമായി പരിചയപ്പെടുന്ന ഒരാളോട് അയാളുടെ പ്രായത്തെക്കുറിച്ച് തിരക്കുന്നത് പലര്‍ക്കും അത്ര താത്പര്യമുള്ള കാര്യമല്ല. പക്ഷെ ദക്ഷിണ കൊറിയക്കാര്‍ക്ക് ഇതത്ര പ്രശ്‌നമുള്ള ഒരു ചോദ്യമല്ല. ഇവിടെ പലരും പരിചയപ്പെടുമ്പോള്‍ തന്നെ തിരയുന്ന കാര്യങ്ങളില്‍ ഒന്നാണിത്. ഇതിന് പിന്നില്‍ കാരണവുമുണ്ട്.
പ്രായത്തിന്റെ കാര്യത്തില്‍ മറ്റാരേക്കാളും കൂടുതല്‍ ശ്രദ്ധ നല്‍കുന്നവരാണ് ദക്ഷിണ കൊറിയക്കാര്‍. പരമ്പരാഗത കൊറിയന്‍ രീതി അനുസരിച്ച് പുതുവര്‍ഷം പിറക്കുന്ന ദിവസം എല്ലാവര്‍ക്കും ഒരു വയസ്സ് കൂടും, അതില്‍ അവരുടെ ജന്മദിനം ഒരു മാനദണ്ഡമല്ല. നിയമപരമായ കാര്യങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ഉപയോഗിക്കുന്ന രീതിയാണ് പിന്തുടരുന്നതെങ്കിലും പുകവലിക്കും മദ്യപാനത്തിനും വേണ്ട അടിസ്ഥാന പ്രായം, മിലിട്ടറി ജോലികള്‍ക്ക് വേണ്ട പ്രായം എന്നിവ കണക്കുകൂട്ടാന്‍ നിലവിലെ വര്‍ഷത്തില്‍ നിന്ന് ജനിച്ച വര്‍ഷം കുറയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യും. ഉദ്ദാഹരണത്തില്‍ കോവിഡ് മഹാമാരിയുടെ സമയത്ത് വാക്‌സിന്‍ എടുക്കാനുള്ള പ്രായം കണക്കുകൂട്ടുന്നതില്‍ ഇതൊരു പ്രശ്‌നമായിരുന്നു. എന്നാല്‍ ഈ രീതി അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്നാണ് പുതിയ വിവരം. 2023 ജൂണ്‍ മുതല്‍ ഈ ആശയക്കുഴപ്പം അവസാനിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഔദ്യോഗിക രേഖകളിലെല്ലാം പൂര്‍ണ്ണമായി അന്താരാഷ്ട്ര രീതിയില്‍ തന്നെ പ്രായം കണക്കുകൂട്ടാന്‍ തുടങ്ങുകയാണ് ഇവര്‍.
എത്ര വയസ്സായി?
ഏത് വര്‍ഷമാണ് ജനിച്ചത്? എന്ന ചോദ്യം ദക്ഷിണ കൊറിയക്കാര്‍ പരിചയപ്പെടുമ്പോള്‍ തന്നെ ചോദിക്കുന്ന ഒന്നാണ്. കാരണം ഒരു വയസ്സ് വ്യത്യാസമുണ്ടെങ്കില്‍ പോലും ഇവരുടെ ഇടപെടലുകളില്‍ അതിനനുസരിച്ച് വ്യത്യാസമുണ്ടാകും. പ്രായം കുറഞ്ഞ ആളുകള്‍ മൂത്തവരോട് ബഹുമാനത്തോടെ ഇടപെടണം. സംസാരത്തിലും രീതികളിലുമെല്ലാം എത്രത്തോളം മര്യാദ പ്രകടിപ്പിക്കണമെന്നും പ്രായം തീരുമാനിക്കും. പറയുന്ന ഓരോ വാക്കും ഇത് വ്യക്തമാക്കുന്നതാണ്.
വീട്ടിലുള്ളവരോടും അടുത്ത സുഹൃത്തുക്കളോടും പ്രായം കുറഞ്ഞ ആളുകളോടു ഇടപെടുമ്പോള്‍ ഒരു രീതിയിലും മുതിര്‍ന്നവരോടും അപരിചിതരോടും സംസാരിക്കുമ്പോഴും തൊഴിലിടങ്ങളില്‍ ഇടപെടുമ്പോഴുമെല്ലാം ബഹുമാനത്തോടെയുള്ള രീതിയിലുമാണ് കൊറിയക്കാര്‍ സംസാരിക്കുന്നത്. ഒരേ ആളുകളോട് തന്നെ ഈ രണ്ട് രീതിയിലും സംസാരിക്കേണ്ട സാഹചര്യവും ഇവര്‍ക്ക് ഉണ്ടാകാറുണ്ട്. വീട്ടുകാരോട് സംസാരിച്ചിരിക്കുന്നതിനിടയില്‍ ആയല്‍ക്കാര്‍ വന്നാല്‍ ഉടനെ ഇവര്‍ ഫോര്‍മല്‍ സംസാര രീതിയിലേക്ക് മാറും.
പ്രായത്തിന് പുറമേ ഒരാളുടെ ലിംഗം, സാമൂഹിക-സാമ്പത്തിക നില, ജോലിസ്ഥലത്തെ സീനിയോറിറ്റി തുടങ്ങിയവരും പെരുമാറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രായം കണക്കുകൂട്ടുന്നതിന് അന്താരാഷ്ട്ര രീതി പരിഗണിച്ചാലും ആളുകളുടെ ഇടപെടലില്‍ ഇതൊരു മാനദണ്ഡമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല. എങ്കിലും ഇതൊരു നല്ല ചുവടുവയ്പ്പായാണ് പലരും കണക്കാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates