

കൂടു വിട്ടു കൂടുമാറ്റം എന്നൊക്കെ പറയാവുന്ന ഒരുതരം ബ്ലാക്ക് മാജിക് ആണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ഭൗതിക ശരീരം ഒരു സ്ഥലത്ത് നില്‍ക്കുന്നുണ്ടെങ്കിലും സൂക്ഷ്മ ദേഹം അഥവാ ആത്മാവ് വേറെയെവിടെയൊക്കെയോ സഞ്ചരിക്കുകയാണെന്ന് തോന്നുന്ന അവസ്ഥ. അല്ലെങ്കില്‍ ഒരാള്‍ക്ക് ഒരേ സമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലെത്തിച്ചേരാന്‍ കഴിയുക. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകള്‍ ശരീരസംബന്ധിയല്ലാത്ത ഇത്തരം വിഷയങ്ങളില്‍ അമിത താല്‍പര്യം കാണിക്കുന്നു എന്നതിലാണ് ശാസ്ത്രലോകത്തിന് അമ്പരപ്പ്. 
അതിന്റെയൊരു നേര്‍ക്കാഴ്ചയാണ് നന്തന്‍കോട് കണ്ടത്. ഒരു കുടുംബത്തിലെ നാലു പേരെയാണ് കേദല്‍ എന്ന ചെറുപ്പക്കാരന്‍ നിഷ്‌കരുണം കൊലപ്പെടുത്തിയത്. ആത്മാവിനെ ശരീരത്തില്‍നിന്ന് വിമോചിപ്പിച്ച് മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നതിനുള്ള പരീക്ഷണ കൊലയാണ് കേദല്‍ നടത്തിയതെന്നാണ് പൊലീസിന്റെ ഭാഷ്യം. 
ആസ്ട്രല്‍ പ്രോജക്ഷന്‍ അഥവാ ഡ്രീം യോഗയില്‍ വര്‍ഷങ്ങളായി അകപ്പെട്ടു പോയവര്‍ ഉണ്ട്. ഉന്മാദത്തിന്റെ അവസ്ഥയില്‍ തുടങ്ങി എന്തോ വലിയ സംഭവമാണെന്നു ചിന്തിച്ചുകൂട്ടി ഉണ്ടാക്കുന്ന മാനസികാവസ്ഥയാണ് അത്. 
 യോഗയും മെഡിറ്റേഷനും പോലെ ഏഴ് സ്‌റ്റെപ്പുകള്‍ ആദ്യം അഭ്യസിക്കണം എന്നു പറഞ്ഞാണ് ഇതിന്റെ പ്രചാരകര്‍ ഇരകളെ വീഴ്ത്തുന്നത്. ഉന്മാദം ഭ്രാന്തും കടന്നു വികസിക്കുന്നതോടെ കൊലപാതകം വരെ ചെയ്യാവുന്ന മാനസികാവസ്ഥയില്‍ എത്തുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പേരില്‍ ഈ മനുഷ്യാവകാശ ധ്വംസനങ്ങള്‍ 
 സൗജന്യമായി പഠിപ്പിച്ചു തരുന്ന വെബ്‌സൈറ്റുകള്‍ വരെയുണ്ട്. പലവട്ടം ആവര്‍ത്തിച്ച് നുണകള്‍ പറഞ്ഞ് ഇരകളെ അതില്‍ വീഴ്ത്തുകയാണ് ഇത്തരം ഊരും പേരും അറിയാത്ത വെബ്‌സൈറ്റുകള്‍ ചെയ്യുന്നത്. 
മധ്യകാലത്തിലും മറ്റുമുണ്ടായിരുന്ന താന്ത്രിക ആചാരമായിരുന്നു ഇതെന്നാണ് ഇവരുടെ അവകാശവാദം.
കേരളത്തില്‍ നിലനിന്നിരുന്ന ഒടിവിദ്യയെല്ലാം ഇതിന്റെ മറ്റു രൂപങ്ങള്‍ തന്നെ. ഇവയെല്ലാം ക്രിമിനല്‍ മനസ്സുള്ള ചിലര്‍ പണം സമ്പാദിക്കാനും മറ്റുവിധത്തിലുള്ള ചൂഷണത്തിനുമായി ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗങ്ങളാണെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തതാണ്.വിദ്യാഭ്യാസവും ലോകപരിചയവും നേടിയവരെല്ലാം ഇതിനെ തിരസ്‌കരിച്ചപ്പോഴും പുതിയ തലമുറകളിലും ഇത്തരം ഇരുണ്ട വഴികളില്‍വീഴാന്‍ ആളുകള്‍ ഉണ്ടാകുന്നു. പലരും സാമ്പ്രദായിക വിദ്യാഭ്യാസം നേടിയവരുമാണ്. മാനസിക ദൗര്‍ബല്യങ്ങളും ചിന്താശേഷിക്കുറവും ഉള്ളവരെ വഴിതെറ്റിച്ച് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയാണ് നവകാലത്തെ വെബ്‌സൈറ്റുകള്‍. 
കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലെല്ലാം ഇന്നും ബ്ലാക്ക് മാജിക് പോലെയുള്ള ആചാരങ്ങള്‍ നടന്നുവരുന്നുണ്ടെന്നാണ് വിവരങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
