പാവയ്ക്ക കയ്പ്പാണെന്ന് ഇനി പരാതി വേണ്ട; കയ്പ്പില്ലാത്ത 'കന്റോല' വീട്ടുവളപ്പില്‍ വിളയിക്കാം

ആരോഗ്യകരമായ പോഷകങ്ങളാല്‍ സമ്പന്നമാണ് ഈ വെള്ളരിവര്‍ഗ വിള
kantola
കന്റോലAI Generated Image
Updated on
1 min read

കയ്പ്പുരസം കാരണം പലരും ഒഴിവാക്കുന്ന പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ് പാവയ്ക്ക. എന്നാലിന്ന് കയ്പ്പില്ലാത്ത പാവയ്ക്ക ഇനമായ 'കന്റോലയും' കേരളത്തില്‍ കൃഷി ചെയ്തുവരുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന കന്റോല, ഇപ്പോള്‍ കേരളത്തിലെ മണ്ണിലും കാലാവസ്ഥയിലും മികച്ച രീതിയില്‍ വിളഞ്ഞുതുടങ്ങിയിട്ടുണ്ട്.

കായകളുടെ പുറംഭാഗത്ത് മൃദുവായ ചെറിയ മുള്ളുകളാണുള്ളത്. ഇളംകായ്കള്‍ ഉപയോഗിച്ച് മെഴുക്കുപുരട്ടി, തോരന്‍, തീയല്‍ എന്നിവ വളരെ സ്വാദിഷ്ടമായി തയാറാക്കാം. കായകള്‍ അരിഞ്ഞുണക്കി കൊണ്ടാട്ടമായും സൂക്ഷിച്ചുപയോഗിക്കാം. ഇതിന്റെ ഇലകളും ഇളംതണ്ടുകളും പച്ചക്കറിയായി ഉപയോഗിക്കുന്നവരുമുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണകരമായ പോഷകങ്ങളാല്‍ സമ്പന്നമാണ് ഈ വെള്ളരിവര്‍ഗ വിള.

കൃഷിയും പരിപാലനവും

നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് കന്റോല കൃഷിക്ക് ഏറ്റവും അനുയോജ്യം. നല്ല സൂര്യപ്രകാശം വേണമെങ്കിലും, വീട്ടുവളപ്പില്‍ ഭാഗികമായ തണലിലും ഇത് വളര്‍ത്താം. വെള്ളക്കെട്ട് ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല. ചെടികള്‍ ഉണങ്ങിക്കഴിഞ്ഞതിനുശേഷം ചുവട്ടില്‍നിന്ന് കുഴിച്ചെടുക്കുന്ന കിഴങ്ങുകളാണ് പ്രധാന നടീല്‍ വസ്തു. ആണ്‍-പെണ്‍ ചെടികളുടെ കിഴങ്ങുകള്‍ വെവ്വേറെ അടയാളപ്പെടുത്തി സൂക്ഷിക്കണം. കൃഷിയിടത്തില്‍ പത്തുശതമാനം ആണ്‍ചെടികള്‍ കൂടി ഉറപ്പാക്കേണ്ടതുണ്ട്.

മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറു കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തില്‍ ചേര്‍ത്ത നടീല്‍ മിശ്രിതത്തില്‍ കിഴങ്ങുകള്‍ നട്ട് മുളപ്പിച്ച ശേഷം കൃഷിയിടത്തിലേക്ക് മാറ്റാം. ചെടികള്‍തമ്മില്‍ രണ്ട് മീറ്റര്‍ അകലം നല്‍കി 60 × 60 × 60 സെന്റിമീറ്റര്‍ അളവിലുള്ള കുഴികളെടുത്ത് മേല്‍മണ്ണും വളങ്ങളും ചേര്‍ത്ത് തൈകള്‍ നടാം. കുഴിക്ക് 150 ഗ്രാം കുമ്മായം ചേരുന്നത് മണ്ണിലെ പുളിരസം ക്രമീകരിക്കാന്‍ സഹായിക്കും. പാവയ്ക്ക പോലെ പടര്‍ന്നു കയറാനുള്ള പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിക്കൊടുക്കണം.

കൃത്രിമ പരാഗണവും വിളവെടുപ്പും

കിഴങ്ങ് നട്ട് ഒന്നര-രണ്ടു മാസമാകുമ്പോള്‍ ചെടികള്‍ പൂവിട്ടുതുടങ്ങും. മികച്ച വിളവ് ലഭിക്കാന്‍ കൃത്രിമ പരാഗണം അത്യാവശ്യമാണ്. ആണ്‍പൂക്കളുടെ പരാഗം, അന്നേ ദിവസം വിരിഞ്ഞ പെണ്‍പൂക്കളുടെ പരാഗണസ്ഥലത്ത് നേരിട്ടോ ബ്രഷുപയോഗിച്ചോ ഉച്ചയ്ക്ക് മുമ്പായി പുരട്ടിക്കൊടുക്കണം. പരാഗണം നടന്ന് 10 മുതല്‍ 12 ദിവസത്തിനകം കായകള്‍ വിളവെടുപ്പിന് പാകമാകും. മൂക്കുമ്പോള്‍ കായകള്‍ മഞ്ഞനിറമാവുകയും വിത്തുകള്‍ കട്ടിയാവുകയും ചെയ്യുമെന്നതിനാല്‍ മൂപ്പെത്തുന്നതിന് മുന്‍പ് പറിച്ചെടുക്കണം.

മൂന്ന് ദിവസത്തിലൊരിക്കല്‍ വിളവെടുക്കുന്നത് കൂടുതല്‍ പൂക്കളും കായ്കളും ഉണ്ടാകാന്‍ സഹായിക്കും. വിളവെടുപ്പ് പൂര്‍ത്തിയായാല്‍ ചുവട്ടിലെ കിഴങ്ങുകള്‍ കിളച്ചെടുത്ത് ആണ്‍-പെണ്‍ കിഴങ്ങുകള്‍ വെവ്വേറെ സൂക്ഷിച്ചാല്‍ അടുത്ത കൃഷിക്കായി അവ വീണ്ടും ഉപയോഗിക്കാവുന്നതാണ്.

kantola
ശരീരഭാരം കുറയ്ക്കാം, രോഗങ്ങളെ പ്രതിരോധിക്കാം; വീട്ടുപറമ്പില്‍ വിളയിക്കാം ആരോഗ്യത്തിന്റെ കക്കിരി
kantola
കറിവേപ്പില തഴച്ചു വളരാന്‍ കഞ്ഞിവെള്ള പ്രയോഗം; ഈ വിദ്യ അറിഞ്ഞാല്‍ കടയില്‍ നിന്ന് വാങ്ങേണ്ട
kantola
കാന്‍സര്‍ പ്രതിരോധത്തിന് വരെ ഉത്തമം; ചീര വീട്ടില്‍ കൃഷി ചെയ്യാം, ഈസിയായി
Summary

Bitterless Bitter Gourd 'Kantola' Gains Popularity in Kerala: A Complete Farming Guide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com