

അടുക്കളത്തോട്ടം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യവും ലാഭകരവുമായ ഒന്നാണ് ചീര കൃഷി. കുറഞ്ഞ പരിചരണത്തില്‍ സമൃദ്ധമായി വിളവെടുക്കാം എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ചുവപ്പും പച്ചയും നിറങ്ങളില്‍ ലഭ്യമാകുന്ന ചീര മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാനുള്ള എളുപ്പവഴികള്‍ നോക്കാം.
മികച്ച വിളവിനായി അരുണ്‍, കണ്ണാറ ചുവപ്പ് (ചുവന്ന ചീര), മോഹിനി, കിരണ്‍ (പച്ച ചീര) തുടങ്ങിയ മികച്ച ഇനങ്ങള്‍ തിരഞ്ഞെടുക്കാം. വിത്തുകള്‍ ചെറുതായതിനാല്‍ മണ്ണില്‍ നേരിട്ട് വിതറിയാല്‍ ഒരുമിച്ച് മുളച്ചു വരാം. ഇത് ഒഴിവാക്കാന്‍ വിത്തിനൊപ്പം അല്‍പ്പം ഉണങ്ങിയ മണ്ണോ ചാരമോ കൂട്ടി കലര്‍ത്തി തടങ്ങളിലോ ഗ്രോബാഗുകളിലോ വിതറുക. ഉറുമ്പുകള്‍ വരാതിരിക്കാന്‍ തടത്തിന് ചുറ്റും അല്പം മഞ്ഞള്‍പ്പൊടി തൂകുന്നത് നല്ലതാണ്.
തൈകള്‍ മുളച്ച് 3 മുതല്‍ 4 ഇലകള്‍ ആകുമ്പോള്‍ (ഏകദേശം രണ്ടാഴ്ച) കരുത്തുള്ളവ നോക്കി മാറ്റി നടാം. ഗ്രോബാഗില്‍ നടുകയാണെങ്കില്‍ ഒരെണ്ണത്തില്‍ പരമാവധി രണ്ട് തൈകള്‍ മാത്രം നല്‍കുക. നൈട്രജന്‍ അടങ്ങിയ വളങ്ങളാണ് ചീരയ്ക്ക് ആവശ്യം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കാം. ആഴ്ചയിലൊരിക്കല്‍ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, മീന്‍ അമിനോ ആസിഡ് അല്ലെങ്കില്‍ നേര്‍ത്ത ഗോമൂത്രം എന്നിവ മേല്‍വളമായി നല്‍കാം.
ദിവസവും രാവിലെയും വൈകുന്നേരവും നേരിയ തോതില്‍ നനച്ചു കൊടുക്കുക. വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ചീര നന്നായി വളരാന്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തന്നെ തെരഞ്ഞെടുക്കണം. വിത്ത് പാകി 30-35 ദിവസത്തിനുള്ളില്‍ ആദ്യ വിളവെടുപ്പ് നടത്താം. ചുവട്ടില്‍ നിന്നും 4-5 സെന്റിമീറ്റര്‍ ഉയരത്തില്‍ വെച്ച് തണ്ടുകള്‍ മുറിച്ചെടുത്താല്‍ 3-4 തവണ വരെ വീണ്ടും വിളവെടുക്കാം. മഴക്കാലത്ത് വിളവ് കുറയാന്‍ സാധ്യതയുണ്ട്. കൂടാതെ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ചീര പൂക്കാന്‍ തുടങ്ങും. പൂങ്കുല കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ വിളവെടുപ്പ് നടത്തേണ്ടതാണ്.
ചീരയുടെ ആരോഗ്യ ഗുണങ്ങള്‍
അയണ്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചീര വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. ചീരയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ഫ്‌ളേവനോയ്ഡുകളും കാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചീര മികച്ചതാണ്. മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റി ദഹനം സുഗമമാക്കാനും ചീര സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates