മുംബൈ: കഠിനമായ ജീവിതപാതയിലൂടെയാണ് ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ, മിസ് ഇന്ത്യ വേദി വരെ നടന്നു കയറിയത്. അതുകൊണ്ടുതന്നെ അവരുടെ മന്യ മിസ് ഇന്ത്യ റണ്ണറപ് കിരീടത്തിന് തിളക്കമേറെയാണ്.
മന്യ തന്നെയാണ് തന്റെ സ്വന്തം ജീവിതകഥ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയായിരുന്നു. 'ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികള്‍ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാന്‍ എത്രയോ കിലോമീറ്ററുകള്‍ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയില്‍ എനിക്കു സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. പതിനാലാം വയസ്സില്‍ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകിയും രാത്രി കോള്‍ സെന്ററില്‍ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാനുണ്ടാക്കിയത്.
അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്. പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി, വലിയ സ്വപ്നങ്ങള്‍ കാണാന്‍ ഞാന്‍ ധൈര്യം കാട്ടി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്താനുള്ള അവസരമായാണ് ഞാന്‍ കാണുന്നത്.
സ്വപ്നം കാണാനും അതിനായി ആത്മാര്‍ഥമായി പരിശ്രമിക്കാനും കഴിഞ്ഞാല്‍ നമ്മെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകില്ല.'' തെലങ്കാനയുടെ മാനസ വാരാണസിയാണ് മിസ് ഇന്ത്യ കിരീടം നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates