
അരങ്ങില്‍ മിഴാവിന്റെ താളത്തിനും ഇടയ്ക്കയുടെ മേളത്തിനും കുറുകുഴലിന്റെ നാദത്തിനും മീതെ ഉയരുന്ന പെണ്‍ശബ്ദം. കഥകളി വേദിയിലെന്നപോലെ കൂടിയാട്ടത്തിലും ഇത് പെണ്ണിന്റെ കാലമാണ്. കഥകളിയില്‍ സ്ത്രീകള്‍ ആശങ്കകളില്ലാതെ താടിവേഷവും കത്തിയും ഏറ്റെടുക്കുമ്പോള്‍ അതിന്റെ മാറ്റൊലികള്‍ കൂടിയാട്ടവേദിയിലും ദൃശ്യമാണ്. ഇതാദ്യമായി കലാമണ്ഡലം പെണ്‍കുട്ടികളെ പുരുഷ വേഷങ്ങള്‍ പഠിപ്പിക്കുന്നു. കലാമണ്ഡലം ഗിരിജയുടെയും ഉഷ നങ്യാരുടെയും മാര്‍ഗി സതിയുടെയും പാത പിന്‍തുടരുന്ന പുതിയ തലമുറ രംഗകലയ്ക്കു പുതിയ ആഖ്യാനം എഴുതുകയാണ്. വേദിയില്‍ ആണിന്റെ അപ്രമാദിത്തം അവസാനിക്കുന്നതാണ് പുതിയ കാഴ്ച. കലാമണ്ഡലത്തില്‍ കഥകളിയും കൂടിയാട്ടവും പഠിക്കാന്‍ ആണ്‍കുട്ടികളെ കിട്ടാനില്ല എന്നതാണ് വര്‍ത്തനമാകാല യാഥാര്‍ഥ്യം.
തൃപ്പൂണിത്തുറ സംസ്കൃത കോളജില്‍ ഡോ. കെ ജി പൗലോസിന്റെയും പ്രൊഫ. ടി കെ സരളയുടെയും എണ്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന ഉഷ നങ്യാരും അപര്‍ണ നങ്യാരും കപില വേണുവും പങ്കുവച്ചത് കൂത്തരങ്ങിലെ നിലവിളക്കിന്റെ പ്രഭയില്‍ തിളങ്ങുന്ന പെണ്‍മുഖമാണ്. പഞ്ചകന്യാ രംഗാവതരണ മഹോത്സവത്തിലൂടെ കൂടിയാട്ട വേദിയില്‍ സ്ത്രീ വേഷങ്ങള്‍ക്ക് പുനരാഖ്യാനം നല്‍കിയ ഉഷ നങ്യാര്‍, വിസ്മൃതിയിലാണ്ട ദശമം കൂത്തിന് പുനര്‍ജ്ജന്മം നല്‍കിയ അപര്‍ണ്ണ നങ്യാര്‍, പിന്നെ മധുരവീരന്റെ കഥയ്ക്ക് രംഗഭാഷ ഒരുക്കിയ, ടാഗോറിന്റെ ചിത്രയെ കൂടിയാട്ട വേദിയില്‍ എത്തിച്ച കപില വേണുവും. അവര്‍ ഒരുമിച്ചു പറയുന്നു, കൂടിയാട്ട വേദിയില്‍ ഇത് മാറ്റത്തിന്റെ കാലമാണ്.
ഇനിയും സ്ത്രീയായ് ജനിക്കണം, ശരീര സൗന്ദര്യത്തിന് നൃത്തത്തില്‍ പ്രസക്തിയൊന്നുമില്ല: രാജശ്രീ വാര്യര്‍
കഴിഞ്ഞ 35 വര്‍ഷക്കാലത്തു വളരെ കുറച്ചു ആണ്‍കുട്ടികളേ കൂടിയാട്ടം പഠിക്കാന്‍ കളരിയില്‍ എത്തിയിട്ടുള്ളൂ, ഉഷ നങ്യാര്‍ മനസ്സ് തുറന്നു. 'കലാമണ്ഡലത്തിലും കഥ വ്യത്യസ്തമല്ല. ആണ്‍കുട്ടികള്‍ക്ക് കളരിയും സ്‌കൂള്‍ പഠനവും ഒന്നിച്ചു കൊണ്ടുപോകാനുള്ള വിഷമമാകാം. പെണ്‍കുട്ടികള്‍ ഭൂരിഭാഗവും ഭരതനാട്യവും മറ്റു നൃത്തയിനങ്ങളും പഠിക്കാന്‍ വരുന്നവരാണ്. കൂടിയാട്ടത്തോടുള്ള ആകര്‍ഷണം മൂലം എത്തുന്നവര്‍ ഇല്ല എന്നല്ല. നൃത്തത്തിന് സീറ്റ് കുറവായതിനാല്‍ കുട്ടികള്‍ കഥകളിയും കൂടിയാട്ടവും തിരഞ്ഞെടുക്കുന്നുണ്ട്. പ്രതിഭയുള്ള പെണ്‍കുട്ടികള്‍ ഒരുപാടുപേര്‍ കടന്നു വരുന്നുണ്ട്. നങ്യാര്‍ കൂത്തിന് അടുത്തകാലത്ത് ഉണ്ടായ പ്രാമാണ്യവും കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. പക്ഷെ ഈ പുതുതലമുറയില്‍ എത്രപേര്‍ ഇത് ഒരു പ്രൊഫഷന്‍ ആയി കൊണ്ട് നടക്കും എന്ന് കണ്ടു തന്നെ അറിയണം,' അവര്‍ പറഞ്ഞു.
പുരുഷ കഥാപാത്രങ്ങള്‍ ചെയ്യാത്തത് സ്ത്രീയുടെ ദൗര്‍ബല്യം അല്ല
എങ്ങനെ കൂടിയാട്ടം ഒരു പ്രൊഫഷന്‍ ആക്കും? വേദികള്‍ വളരെ കുറവ്. കഥകളിപോലെ ശക്തമായ ആസ്വാദക ക്ലബ്ബുകള്‍ ഇല്ല. ആകെയുള്ളത് ഇരിങ്ങാലക്കുടയിലെയും തൃപ്പൂണിത്തുറയിലെയും പോലെ ചില കൂട്ടായ്മകള്‍. വര്‍ഷത്തില്‍ 10 വേദികള്‍ കിട്ടിയാല്‍ തന്നെ കാര്യം.
കൂടിയാട്ട വേദിയില്‍ സ്ത്രീക്ക് ഒരിക്കലും സ്ഥാനം നിഷേധിക്കപ്പെട്ടിട്ടില്ല എന്ന് അപര്‍ണ്ണ പറഞ്ഞു. 'പരമ്പരാഗതമായി പുരുഷ കഥാപാത്രങ്ങളെ ആണുങ്ങളും സ്ത്രീ കഥാപാത്രങ്ങളെ സ്ത്രീകളും ആണ് അവതരിപ്പിച്ചു വന്നത്. എന്നാല്‍ കഥകളിയില്‍ ഇപ്പോഴും പുരുഷന്മാര്‍ സ്ത്രീ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലും കലാമണ്ഡലത്തിലും കൂടിയാട്ടം വിദ്യാര്‍ഥികള്‍ എല്ലാ കഥാപാത്രങ്ങളും പഠിക്കുന്നുണ്ട്. ഇപ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ പുരുഷ വേഷങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പുരുഷ കഥാപാത്രങ്ങള്‍ ചെയ്യാത്തത് സ്ത്രീയുടെ ദൗര്‍ബല്യം അല്ല. അനുബന്ധ കലയായ നങ്യാര്‍ കൂത്തില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട്,' അപര്‍ണ്ണ പറഞ്ഞു.
ഇത് കലയുടെ ആഘോഷ കാലം
എല്ലാ കലകളിലും എന്നപോലെ കൂടിയാട്ടത്തിലും കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് കപില വേണു പറയുന്നു. കൂടിയാട്ട വേദിയില്‍ പരമ്പരാഗത കഥകള്‍ക്ക് പുറമെ കിംഗ് ലിയര്‍, ടാഗോറിന്റെ ചിത്ര പോലുള്ള കഥകള്‍ ഉണ്ടായിട്ടുണ്ട്. അവയ്ക്കു പ്രേക്ഷകരും ഉണ്ട്. ഉഷ നങ്യാരുടെ പഞ്ചകന്യകമാര്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ്. ഒരു വലിയ പാരമ്പര്യത്തെ അടുത്ത തലമുറയ്ക്ക് കൈമാറുക എന്ന വലിയ ഉത്തരവാദിത്തമാണ് കൂടിയാട്ട കലാകാരന്മാര്‍ക്ക് ഉള്ളത്. എന്റെ അഭിപ്രായത്തില്‍ കൂടിയാട്ട അരങ്ങിലെ സ്ത്രീകള്‍ക്ക് സദസ്സിലെ സ്ത്രീകളോട് വലിയ ഉത്തരവാദിത്തമുണ്ട്. പഴയകാലത്തു സംസ്‌കൃത നാടകങ്ങള്‍ പുരുഷന്മാരാല്‍ പുരുഷ ആസ്വാദകര്‍ക്ക് വേണ്ടി എഴുതപ്പെട്ടതാണ്. അവിടെ സ്ത്രീയുടെ പങ്കു എന്തായിരുന്നു എന്ന് നമുക്ക് അറിയില്ല. വേദിയില്‍ സ്ത്രീയുടെ സാന്നിധ്യവും പങ്കാളിത്തവും വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ കഥയുടെ പരിപ്രേക്ഷ്യത്തില്‍ സ്ത്രീ കഥാപാത്രങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്ന ഇടപെടലുകള്‍ വേണം,' അവര്‍ പറഞ്ഞു.
ഏകദേശം 2000 വര്‍ഷത്തെ പാരമ്പര്യമുള്ള കൂടിയാട്ടം നമ്മുടെ കണ്മുന്നില്‍ അപ്രത്യക്ഷമാകാതിരിക്കാനുള്ള പോരാട്ടത്തിലാണ് കൂടിയാട്ടം കലാകാരന്‍മാര്‍ എന്ന് ഉഷ നങ്യാര്‍ പറയുന്നു. പത്താം നൂറ്റാണ്ട് വരെ കൂടിയാട്ടം ആവിര്‍ഭാവത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആയിരുന്നു. പിന്നീടുള്ള ആയിരം വര്‍ഷം ക്ഷേത്രങ്ങള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിനു ശേഷം ആണ് കൂടിയാട്ടം കൂത്തമ്പലത്തിനു പുറത്തേക്കു വരുകയും ഒരു കലാരൂപം എന്ന നിലയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തത്. ഇത് കലയുടെ ആഘോഷ കാലമാണ്, അവര്‍ പറഞ്ഞു.
കൂടിയാട്ട വേദിയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കു മിഴിവേകാന്‍ ഉഷ നങ്യാരുടെ ഇടപെടലുകള്‍ സഹായകമായിട്ടുണ്ട്. പഞ്ചകന്യകകളെ പുനരവതരിപ്പിക്കുന്നതു കൂടാതെ സുഭദ്ര ധനഞ്ജയത്തിലെ സുഭദ്രയുടെ പുറപ്പാടും കാര്‍ത്യായനി പുറപ്പാടും അശോകവനികാങ്കത്തിലെ മണ്ഡോദരിയും ഇതിനുദാഹരണം ആണ്.
ദശമം കൂത്ത്
അകാലചരമം പ്രാപിച്ച ദശമം കൂത്തിനെ പുനരുജ്ജീവിപ്പിക്കുകയും ആട്ടപ്രകാരം രചിക്കുകയും ചെയ്ത അപര്‍ണ്ണ നങ്യാര്‍ അമ്മന്നൂര്‍ മാധവ ചാക്യാരുടെ അനന്തരവളും അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരുടെ മകളുമാണ്. അക്കിത്തിരിപ്പാടിന്റെ സഞ്ചയന ചടങ്ങുകളോട് അനുബന്ധിച്ചു അവതരിപ്പിക്കപ്പെട്ടിരുന്ന കലാരൂപമാണ് ദശമം കൂത്ത്. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥയാണ് ദശമം കൂത്തില്‍ അവതരിപ്പിക്കുക. ഇത് അന്തരിച്ച അക്കിത്തിരിപ്പാടിന്റെ ആത്മാവിന് മോക്ഷം ലഭിക്കാന്‍ വേണ്ടിയാണു നടത്തിയിരുന്നത്. അതിരാത്രങ്ങള്‍ അന്യമായതോടെ, കഴിഞ്ഞ 150 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ദശമം കൂത്ത് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് അറിവ്. നങ്യാര്‍ കൂത്തിന്റെ അതെ ചിട്ടവട്ടങ്ങള്‍ ഉള്ള ദശമം കൂത്ത് കലാകാരിക്ക് വലിയ സ്വാതന്ത്ര്യമാണ് നല്‍കുന്നത്. അക്കിത്തിരിപ്പാടിന്റെ ചിതാഭസ്മത്തിന് മുന്നിലാണ് ദശമം കൂത്ത് നടത്തുക. അതിനാല്‍ ഇതിനെ ചുടലക്കൂത്ത് എന്നും അറിയപ്പെടുന്നു.
ആഖ്യാനത്തിലും അവതരണത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമ്പോഴും കൂടിയാട്ടം എന്ന കലാരൂപം അന്യം നിന്ന് പോകാതിരിക്കാനാണ് ഈ വനിതകളുടെ പോരാട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates