

അടുക്കളത്തോട്ടത്തിലും ടെറസിലും ഏറ്റവും എളുപ്പത്തില്‍ വിജയിപ്പിച്ചെടുക്കാവുന്ന പച്ചക്കറിയാണ് തക്കാളി. വലിയ സ്ഥലമോ വിശാലമായ കൃഷിയിടമോ ഇല്ലാതെ തന്നെ ബാല്‍ക്കണിയിലോ ടെറസിലോ ഗ്രോബാഗുകളിലും ചട്ടികളിലും ഇത് സമൃദ്ധമായി വളര്‍ത്താം. രാസവളങ്ങളുടെയും കീടനാശിനികളുടെയും വിഷാംശമില്ലാതെ, സ്വാദൂറുന്ന നാടന്‍ തക്കാളി സ്വന്തം വീട്ടുവളപ്പില്‍ തന്നെ ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
തക്കാളി കൃഷിയുടെ വിജയം നല്ലൊരു പങ്കും ആശ്രയിച്ചിരിക്കുന്നത് വിത്തിന്റെ ഗുണനിലവാരത്തിലാണ്. രോഗബാധയില്ലാത്തതും മികച്ച ഇനത്തില്‍പ്പെട്ടതുമായ വിത്തുകള്‍ വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. ഹൈബ്രിഡ് ഇനങ്ങളോ നാടന്‍ ഇനങ്ങളോ ഇതിനായി ഉപയോഗിക്കാം. വിത്തുകള്‍ നേരെ വലിയ ചട്ടികളില്‍ പാകി മുളപ്പിക്കുന്നതിനേക്കാള്‍ നല്ലത് ചെറിയ സീഡ് ട്രേകളിലോ പ്രത്യേക പാത്രങ്ങളിലോ പാകി തൈകളാക്കി മാറ്റുന്നതാണ്. തൈകള്‍ക്ക് 20-25 ദിവസമാകുകയും 3-4 ഇലകള്‍ വരികയും ചെയ്യുമ്പോള്‍ അവ മാറ്റി നടാം.
നടീല്‍ മിശ്രിതം ഒരുക്കുമ്പോള്‍
തക്കാളിയുടെ വേരുകളുടെ ആരോഗ്യത്തിന് നീര്‍വാര്‍ച്ചയുള്ള മണ്ണ് വളരെ പ്രധാനമാണ്. ഗ്രോബാഗുകള്‍, മണ്‍ചട്ടികള്‍, പെയിന്റ് ബക്കറ്റുകള്‍ എന്നിവ ഉപയോഗിക്കാം. പാത്രങ്ങളുടെ അടിവശത്ത് വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ആവശ്യത്തിന് സുഷിരങ്ങള്‍ ഉണ്ടായിരിക്കണം. ഇതല്ലെങ്കില്‍ അടുക്കളത്തോട്ടത്തിലെ നീര്‍വാര്‍ച്ചയുള്ള മണ്ണിലേക്ക് നേരിട്ടും തൈ നടാം. തുല്യ അളവില്‍ മേല്‍മണ്ണ്, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ്, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം. ഇത് മണ്ണിന് ആവശ്യത്തിന് ഇളക്കവും വായുസഞ്ചാരവും ഈര്‍പ്പവും നിലനിര്‍ത്താന്‍ സഹായിക്കും.
സൂര്യപ്രകാശവും നനയും
തക്കാളിച്ചെടിക്ക് ദിവസവും കുറഞ്ഞത് 5 മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കണം. ചെടിക്ക് അമിതമായി വെള്ളം ഒഴിക്കുന്നത് വേരുകള്‍ ചീയുന്നതിന് കാരണമാകും. അതിനാല്‍ മുകളിലെ മണ്ണ് ഉണങ്ങുന്നതനുസരിച്ച് മാത്രം നനയ്ക്കുക. വേനല്‍ക്കാലത്ത് ദിവസവും നനയ്‌ക്കേണ്ടി വരാം.
വളപ്രയോഗവും താങ്ങുകൊടുക്കലും
ചെടി വളരുന്നതനുസരിച്ച് ജൈവവളങ്ങളായ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, വേപ്പിന്‍പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ് എന്നിവ മാറിമാറി നല്‍കുന്നത് നല്ലതാണ്. പൂക്കള്‍ ഉണ്ടാകുന്ന ഘട്ടത്തിലും കായകള്‍ പിടിക്കുന്ന സമയത്തും പോഷകക്കുറവ് വരാതെ ശ്രദ്ധിക്കണം. ചെടി വലുതാകുന്നതിനനുസരിച്ച് മറിഞ്ഞുവീഴാതിരിക്കാന്‍ കമ്പോ വടിയോ നാട്ടി താങ്ങ് കൊടുക്കണം. കായകള്‍ നിലത്തു തൊട്ടുകിടന്നാല്‍ ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വള്ളികളും കൊമ്പുകളും കെട്ടിനിര്‍ത്തുന്നത് വിളവ് കൂട്ടും.
കീടങ്ങളെ പ്രതിരോധിക്കാം
തക്കാളിയില്‍ പൊതുവെ കാണപ്പെടുന്ന ഇലപ്പുള്ളി രോഗം, പുഴുക്കളുടെ ശല്യം, വെള്ളീച്ച എന്നിവ തടയാന്‍ ജൈവ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.
രോഗബാധയുള്ള ഇലകള്‍ കണ്ടാല്‍ ഉടന്‍ നശിപ്പിച്ചു കളയുക.
പുകയില കഷായം നേര്‍പ്പിച്ചത് അല്ലെങ്കില്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഇലകളില്‍ തളിക്കുന്നത് കീടങ്ങളെ അകറ്റാന്‍ മികച്ച പ്രതിവിധിയാണ്.
മണ്ണില്‍ കുമിള്‍നാശിനിയായി ട്രൈക്കോഡെര്‍മ ചേര്‍ക്കുന്നത് വേരുകളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും.
വിളവെടുപ്പ്
തൈ നട്ട് 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ തക്കാളി വിളവെടുപ്പിന് പാകമാകും. ചെടിയില്‍ പൂവിട്ട് ഏകദേശം 20-30 ദിവസത്തിനുള്ളില്‍ കായകള്‍ വലുതാകുന്നു. കായകള്‍ പച്ച നിറം മാറി നേരിയ ഇളം ചുവപ്പ് നിറം ആയി വരുമ്പോള്‍ തന്നെ പറിച്ചെടുക്കാം. ഇത് ചെടിയുടെ ഭാരം കുറയ്ക്കാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും സഹായിക്കും. അടുക്കളയിലെ അവശിഷ്ടങ്ങള്‍ വളമാക്കി മാറ്റി ആത്മസംതൃപ്തിയോടെ വിഷരഹിത തക്കാളി ഇനി സ്വന്തമായി വിളയിച്ചെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates