

നട്ടു നനച്ച് വളര്‍ത്തിയ മരങ്ങള്‍ക്കും വിളിച്ചാല്‍ ഓടിയെത്തുന്ന കാട്ടുമൃഗങ്ങള്‍ക്കും കാവലായി കല്ലൂര്‍ ബാലന്‍ എന്ന 'പച്ചയായ മനുഷ്യന്‍' ഇനിയില്ല. രണ്ടരപതിറ്റാണ്ടായി പ്രകൃതി സംരക്ഷണം ജീവിതമാക്കിമാറ്റിയ മങ്കര കല്ലൂര്‍ അരങ്ങാട്ടു ബാലകൃഷ്ണന്‍ (76) തിങ്കളാഴ്ച ഈ ലോകത്തോട് വിടപറഞ്ഞു. പാലക്കാട് - ഒറ്റപ്പാലം ഹൈവേയ്ക്ക് സമീപത്തെ മാങ്കുറിശ്ശി കല്ലൂര്‍ സ്വദേശിയായ ബാലന്‍ കലര്‍പ്പില്ലാത്ത പ്രകൃതി സ്‌നേഹത്തിന്റെ പേരിലാണ് മലയാളികളുടെ ശ്രദ്ധയില്‍ എത്തുന്നത്. നൂറേക്കറിധികം വരുന്ന തരിശായി കിടന്ന സ്വന്തം നാട്ടിലെ ഒരു മല മരങ്ങള്‍ നട്ടു പച്ചയാക്കിയതോടെയാണ് കല്ലൂര്‍ ബാലന്റെ പ്രവര്‍ത്തനങ്ങള്‍ പുറം ലോകം അറിഞ്ഞത്.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്കുള്ള കല്ലൂര്‍ ബാലന്റെ കടന്നുവരവും ജീവിതം പോലെ വ്യത്യസ്തമായിരുന്നു. എട്ടാം ക്ലാസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച ബാലന്‍ അച്ഛന്റെ കള്ള് കച്ചവടത്തില്‍ സഹായിയായി. ഇതിനിടെ ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളോട് തോന്നിയ താത്പര്യമാണ് വഴിമാറി നടക്കാന്‍ സ്വാധീനമായത്. കള്ള് കച്ചവടത്തില്‍ നിന്ന് അകന്ന ബാലന്‍ പിന്നീടുള്ള ജീവിതം പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുകയായിരുന്നു.
അടിമുടി പച്ചയായ മനുഷ്യന്‍ എന്ന പേരില്‍ പിന്നീട് ബാലന്‍ കേരളത്തിന് പ്രിയങ്കരനായി. പച്ച ഷര്‍ട്ടും പച്ച ലുങ്കിയും പച്ചനിറമുള്ള തലേക്കെട്ടുമായിരുന്നു കല്ലൂര്‍ ബാലന്റെ സ്ഥിരം വേഷം. ജീപ്പില്‍ ജീപ്പില്‍ വെള്ളവും പണിയായുധങ്ങളും ചെടികളും നിറച്ച് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങുന്ന ബാലന്‍ സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം തൈകള്‍ നട്ടുവളര്‍ത്തി. ബാലന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമായി മലപ്പുറത്തു നിന്നു സംഭാവനയായി കിട്ടിയതായിരുന്നു ആ പച്ച ജീപ്പ്.
20 ലക്ഷത്തോളം മരങ്ങളാണ് രണ്ടര പതിറ്റാണ്ടിനിടെ ബാലന്‍ നട്ടുവളര്‍ത്തിയത്. കല്ലൂരും മാങ്കുറിശ്ശിയും പാലക്കാടും കടന്ന് മലപ്പുറം തൃശ്ശൂര്‍ ജില്ലകളിലെ പാതയോരങ്ങളിലും ബാലന്‍ മരങ്ങള്‍ നട്ടുവളര്‍ത്തി. പുളി മരം, ഉങ്ങ്, ആര്യവേപ്പ്, പന, തുടങ്ങിയ മരങ്ങളും വാഴയും ചോളവും നെല്ലും മുളയും ഉള്‍പ്പെടെയുള്ളവയുമായിരുന്നു ബാലന്‍ പ്രധാനമായും നട്ടുവളര്‍ത്തിയത്. ഇവയുടെ ഫലങ്ങളും തണുപ്പും തേടി കുരങ്ങനും പക്ഷികളും മറ്റ് ജീവികളും എത്തിയപ്പോള്‍ കല്ലൂര്‍ ബാലന്‍ സൃഷ്ടിച്ചത് ഒരു ആവാസ വ്യവസ്ഥ തന്നെയായിരുന്നു.
നാട്ടില്‍ പന്നികളുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമായപ്പോള്‍ അതിനും കല്ലൂര്‍ ബാലന് പ്രതിവിധിയുണ്ടായിരുന്നു. ജീവികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കാട്ടിലെത്തിച്ചായിരുന്നു ബാലന്‍ ഇതിനെ പ്രതിരോധിച്ചത്. ചന്തയിലെ കച്ചവടക്കാരില്‍ നിന്നു മാങ്ങ, ചക്ക, പഴം, സപ്പോട്ട, ആപ്പിള്‍, തണ്ണിമത്തന്‍, മുന്തിരി എന്നിവ ശേഖരിച്ചു വൃത്തിയാക്കി കാട്ടിലെത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. കൂന്നിന്‍ പുറങ്ങളിലെ പാറക്കെട്ടുകളില്‍ അദ്ദേഹം സൃഷ്ടിച്ച ചെറു ജലസ്രോതസുകളില്‍ നിന്ന് ഇഴജന്തുക്കളും കിളികളും മറ്റ് കാട്ടുജീവികളും ദാഹം അകറ്റി. ചുട്ടുപൊള്ളുന്ന പാലക്കാടന്‍ വേനലുകളില്‍ ബാലന്റെ ചെറുതടാകങ്ങള്‍ ജീവികള്‍ക്ക് ആശ്വാസമായി.
വഴിയരികില്‍ വാഹനം നിര്‍ത്തി മൂന്നു തവണ ഉറക്കെ കൂവുമ്പോള്‍ ബാലനെ തേടി എത്തുന്ന കുരങ്ങുകളുടെ പതിവ് കാഴ്ച അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു. കുട്ടികളില്‍ പരിസ്ഥിതിബോധം വളര്‍ത്താന്‍ കവി സുഗതകുമാരിയുടെ പേരില്‍ വിദ്യാലയങ്ങളില്‍ സുഗതവനം വളര്‍ത്താനും ബാലന്‍ മുന്നിട്ടിറങ്ങിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം, പി വി തമ്പി മെമ്മോറിയില്‍ അവാര്‍ഡ്, കേരള ജൈവ വൈവിധ്യ ബോര്‍ഡ് പുരസ്‌കാരങ്ങളും പ്രവര്‍ത്തങ്ങളുടെ അംഗീകാരമായി കല്ലൂര്‍ ബാലനെ തേടിയെത്തിയിട്ടുണ്ട്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ചായിരുന്നു കല്ലൂര്‍ ബാലന്‍ അന്തരിച്ചത്. ഭാര്യ ലീല, മക്കള്‍: രാജേഷ്, രതീഷ്, രജനീഷ്, മരുമക്കള്‍: സനിത, രഞ്ജിനി, മിനി. സഹോദരങ്ങള്‍: രവി, വാസു, അജയഘോഷ്, ഉഷ, യശോദ, പരേതരായ മണി, നളിനി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates