നാടിനായി ഒരു കളിക്കളം, പണപ്പയറ്റില്‍ 'സ്‌നേഹ സദ്യ'; കൂട്ടായ്മയുടെ തായംപൊയ്യില്‍ മോഡല്‍

തായംപൊയില്‍ സഫ്ദര്‍ ഹാഷ്മി സ്മാരക വായന ശാലയാണ് നാടിന് ഒരു കളിക്കളം എന്ന വലിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത്
Kannur Image
സ്‌നേഹസദ്യ ക്ഷണപത്രവിതരണവുമായി ക്ലബ് അംഗങ്ങള്‍ Social media
Updated on
2 min read

കണ്ണൂര്‍: നാടിനായി ഒരു കളിക്കളം, അതിനായി വിശ്രമില്ലാതെ പരിശ്രമിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്തിലെ തായംപൊയില്‍ നിവാസികള്‍. മലബാറിന്റെ അനൗപചാരിക സാമ്പത്തിക സഹായ സംവിധാനം എന്നറിയപ്പെടുന്ന കുറിക്കല്യാണം (പണപ്പയറ്റ്) മാതൃകയില്‍ ഇതിനായി സ്‌നേഹ സദ്യ സംഘടിപ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍.

തായംപൊയില്‍ സഫ്ദര്‍ ഹാഷ്മി സ്മാരക വായനശാലയാണ് നാടിന് ഒരു കളിക്കളം എന്ന വലിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത്. അറുപത് ലക്ഷത്തോളം രൂപ ചെലവിലാണ് കളിക്കളം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സ്ഥലമേറ്റെടുക്കല്‍, രജിസ്‌ട്രേഷന്‍, ഗ്രൗണ്ട് നിര്‍മാണം എന്നിങ്ങനെ ഘട്ടംഘട്ടമായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് സംഘാടകരുടെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സെപ്തംബറില്‍ നടത്തിയ ബിരിയാണി ചലഞ്ചിലൂടെയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുള്ള പണം കണ്ടെത്തിയത്. പത്തംഗ വര്‍ക്കിങ്ങ് കമ്മിറ്റി അംഗങ്ങള്‍ ഓരോ ലക്ഷം രൂപ നീക്കിവച്ചാണ് സ്ഥലത്തിലുള്ള അഡ്വാന്‍സ് നല്‍കിയത്. കളിക്കളം നിര്‍മിക്കാന്‍ തായംപൊയില്‍ എഎല്‍പി സ്‌കൂളിനോട് ചേര്‍ന്ന് മയ്യില്‍- കാഞ്ഞിരോട് റോഡിന് സമീപം വിലയ്ക്ക് വാങ്ങിയ ഭൂമിയുടെ ജിസ്‌ട്രേഷനുള്ള ചെലവ് ബിരിയാണി ചലഞ്ച് വഴി കണ്ടെത്തി. 850 ഓളം സജീവ അംഗങ്ങളാണ് സഫ്ദര്‍ ഹാഷ്മി വായനശാല കേന്ദ്രീകരിച്ച് കളിക്കളം നിര്‍മാണത്തിനായി സഹകരിക്കുന്നത്.

തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സമ്മാന നിധി രൂപീകരിച്ചു. 900 കുടുംബങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സഹകരിക്കുന്നത്. പ്രതിമാസം 2000 രൂപയാണ് ഒരു കുടുംബത്തിന്റെ വിഹിതം. നറുക്കെടുപ്പിലൂടെ 25,000 മുതല്‍ 75,000 വരെ സമ്മാനം നല്‍കും. നറുക്ക് ലഭിക്കുന്നവര്‍ പിന്നീട് പണം നല്‍കേണ്ടതില്ല. ഈ പദ്ധതിയിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലൈബ്രറി ഭാരവാഹികള്‍ പറയുന്നു.

ക്രൗഡ് ഫണ്ടിങ് എന്ന നിലയിലാണ് ഞായറാഴ്ച സ്‌നേഹ സദ്യ ഒരുങ്ങുന്നത്. 3000 പേര്‍ ഈ പദ്ധതിയുമായി സഹകരിക്കും എന്നാണ് വായനശാല ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. വടകര മേഖലയിലെ കുറിക്കല്യാണം മാതൃകയായതിനാല്‍ ആളുകള്‍ക്ക് ഇഷ്ടമുള്ള തുക നീക്കിവച്ച് കൊണ്ടും സ്‌നേഹ സദ്യയുടെ ഭാഗമാകാം. ഞായറാഴ് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് സ്‌നേഹ സദ്യ ഒരുക്കുന്നത്.

Kannur image
സ്റ്റേഡിയത്തിന്റെ മാതൃക Social media

സ്‌നേഹ സദ്യ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സ്റ്റേഡിയത്തിന്റെ രൂപ രേഖയും ചടങ്ങില്‍ പ്രകാശനം ചെയ്യും. ഇന്ത്യന്‍ വോളിബോള്‍ മുന്‍താരം ഇകെ കിഷോര്‍ കുമാര്‍ നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാവായ ഫുട്‌ബോള്‍ താരം സച്ചിന്‍ സുനിലിന് രൂപരേഖ കൈമാറും. മള്‍ട്ടി പര്‍പ്പസ് മിനി സ്റ്റേഡിയമായി ഒരുങ്ങുന്ന കളിക്കളത്തില്‍ ഓപണ്‍ ജിം, കളിസ്ഥലം, സ്ഥിരം സ്റ്റേജ് എന്നിവയും ഉള്‍പ്പെടുന്നുണ്ട്. പദ്ധതിയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശക്തമായ പിന്തുണയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com