
കുട്ടികളെ ദൈവത്തിന്റെ വരദാനമായാണ് കാണുന്നത്. ദത്തെടുക്കല്‍ വഴി കുട്ടിക്ക് ഒരു കുടുംബവും ദത്തെടുക്കുന്നവര്‍ക്ക് സ്വന്തം എന്ന രീതിയില്‍ നോക്കി വളര്‍ത്താന്‍ ഒരു കുട്ടിയേയും കിട്ടുന്നു. ഉപേക്ഷിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന കുട്ടികള്‍ക്ക് പുതിയൊരു ജീവിതമാണ് ദത്തെടുക്കലിലൂടെ ലഭിക്കുന്നത്. ദത്തെടുക്കല്‍ പ്രക്രിയയ്ക്ക് ആരൊക്കെയാണ് മേല്‍നോട്ടം വഹിക്കുന്നത്, രാജ്യത്തും സംസ്ഥാനത്തും ജില്ലകളിലുമായി ഇതിനുള്ള അധികാരം ആര്‍ക്കാണ്, ആര്‍ക്കൊക്കെ ദത്തെടുക്കാന്‍ കഴിയും എന്ന് മനസിലാക്കാം.
ഇന്ത്യയില്‍ കുട്ടികളെ ദത്തെടുക്കുന്നതിനുള്ള നോഡല്‍ ബോഡിയാണ് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി. രാജ്യത്തിനകത്തും പുറത്തും ദത്തെടുക്കല്‍ നിയന്ത്രിക്കാനുമുള്ള അധികാരം ഈ സമിതിക്കുണ്ട്. അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സി വഴി അനാഥരും ഉപേക്ഷിക്കപ്പെട്ടവരും സറണ്ടര്‍ ചെയ്തതുമായ കുട്ടികളെ ദത്തെടുക്കുന്നതിനാണ് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി പ്രധാനമായും ഇടപെടുന്നത്. ഓരോ സംസ്ഥാനത്തിനകത്തും ദത്തെടുക്കല്‍ കൈകാര്യം ചെയ്യുന്നതിന് സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയും നിലവിലുണ്ട്.
രാജ്യത്ത് ദത്തെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നതാണ് പ്രധാന പങ്ക്. അപേക്ഷകള്‍ സ്വീകരിക്കുകയും അവലോകനം ചെയ്യുകയും ചെയ്യണം. രാജ്യത്തിനകത്ത് നടക്കുന്ന ദത്തെടുക്കല്‍ പ്രക്രിയയില്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഈ ഏജന്‍സിയാണ്. ദത്തെടുക്കല്‍ റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് സിസ്റ്റത്തില്‍ ദത്തെടുക്കുന്നതിനാവശ്യമായ കുട്ടികളുടേയും ദത്തെടുക്കുന്ന മാതാപിതാക്കളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതും ഇതേ ഏജസി തന്നെയാണ്.
സംസ്ഥാനങ്ങളില്‍ ദത്തെടുക്കല്‍ പ്രക്രിയയെ എല്ലാ വിധത്തിലും ഏകോപിപ്പിക്കുന്ന ഏജന്‍സികളാണിവ. സംസ്ഥാനത്തെ ദത്തെടുക്കല്‍ പദ്ധതിയുടെ പ്രമോഷന്‍ , ഫെസിലിറ്റേഷന്‍, മോണിറ്ററിങ്, റഗുലേഷന്‍ എന്നിവ നടപ്പാക്കുന്നു. സംസ്ഥാനത്തെ എല്ലാ ദത്തെടുക്കലുകളും നിയമത്തിലെ വ്യവസ്ഥകള്‍, ചട്ടങ്ങള്‍ എന്നിവ അനുസരിച്ചാണ് നടക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടതു സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സികളാണ്.
അനാഥരും ഉപേക്ഷിക്കപ്പെട്ടവരും സറണ്ടര്‍ ചെയ്തതുമായ കുട്ടികളെ ദത്തെടുക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഓരോ ജില്ലയിലും സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിയായി ഒന്നോ അതിലധികമോ സ്ഥാപനങ്ങളേയോ സംഘടനകളേയോ അംഗീകരിക്കാവുന്നതാണ്. ഓരോ ജില്ലയിലേയും ഒന്നോ അതിലധികമോ ശിശു സംരക്ഷണ സ്ഥാപനങ്ങളെ പ്രത്യേക ദത്തെടുക്കല്‍ ഏജന്‍സികളായി അംഗീകരിക്കാന്‍ ശുപാര്‍ശ നല്‍കുന്നത് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സികളാണ്.
ദത്തെടുക്കുന്ന മാതാപിതാക്കള്‍ കുട്ടിയെ പരിപാലിക്കാന്‍ ശാരീരികമായും മാനസികമായും സാമ്പത്തികമായും ശേഷിയുള്ളവരാകണം. ദമ്പതികളാണ് ദത്തെടുക്കുന്നതെങ്കില്‍ രണ്ട് പങ്കാളികളുടേയും സമ്മതം നിര്‍ബന്ധമാണ്. പുരുഷന്‍മാര്‍ക്ക് പെണ്‍കുട്ടികളെ ദത്തെടുക്കാന്‍ അനുമതിയില്ല. ഒറ്റക്ക് ജീവിക്കുന്ന സ്ത്രീക്ക് ലിംഗ വ്യത്യാസമില്ലാതെ കുട്ടിയെ ദത്തെടുക്കാവുന്നതാണ്. കുറഞ്ഞത് രണ്ട് വര്‍ഷത്തെ ദാമ്പത്യമെങ്കിലും നയിച്ചവര്‍ക്കാണ് ദത്തെടുക്കാന്‍ അനുമതി നല്‍കുന്നത്. ദത്തെടുക്കുന്ന കുട്ടിയുടേയും പ്രോസ്‌പെക്ടീവ് അഡോപ്റ്റീവ് പാരന്റിന്റേയും വയസുകള്‍ തമ്മിലുള്ള അന്തരം 25 വയസില്‍ കുറയാന്‍ പാടുള്ളതല്ല. ബന്ധുമിത്രാദികളാണ് കുട്ടിയെ ദത്തെടുക്കുന്നതെങ്കില്‍ പ്രായ വ്യത്യാസം ബാധകമല്ല താനും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates