മകരവിളക്കിന്റെ ഐതിഹ്യമെന്ത്?, തിരുവാഭരണപ്പെട്ടിയില്‍ എന്തെല്ലാം?; അയ്യപ്പന്‍റെ ശരംകുത്തിയില്‍ നിന്നുള്ള എഴുന്നെള്ളിപ്പിന് പിന്നിലെ വിശ്വാസം?

മകര സംക്രമ ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകര ജ്യോതിയോടെയാണ് മകരവിളക്ക് മഹോത്സവത്തിന്നു തുടക്കം കുറിക്കുന്നത്
sabarimala makaravilakku 2025
തങ്കയങ്കി ഘോഷയാത്രഫയൽ
Updated on
2 min read

മകര സംക്രമ ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകര ജ്യോതിയോടെയാണ് മകരവിളക്ക് മഹോത്സവത്തിന്നു തുടക്കം കുറിക്കുന്നത്. മകരം ഒന്നു മുതല്‍ അഞ്ചുവരെ നടക്കുന്ന ഈ ഉത്സവം ഉത്തരായണ കാലത്തിന്റെ ആരംഭത്തിലാണ് നടക്കുന്നത്. ഉത്തരായണ കാലം സദ്കര്‍മ്മങ്ങള്‍ക്ക് ഉചിതമായ കാലം ആണ് എന്നാണ് വിശ്വാസം. സൂര്യന്റെ നേര്‍രശ്മികള്‍ ഭാരതത്തില്‍ പതിക്കുന്നത് ഉത്തരായണകാലഘട്ടത്തില്‍ ആണ്.

വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമായാണ് ഇത് പറയപ്പെടുന്നത്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം. മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ശബരിമലയിലെ വിഗ്രഹത്തില്‍ ലയിച്ചത് മകരസംക്രാന്തി ദിവസമാണെന്നും മഹിഷീ വധത്തിന്റെ ആഹ്ളാദസൂചകമായാണ് പൊന്നമ്പലമേട്ടില്‍ ആദ്യം മകരജ്യോതി തെളിയിച്ചതെന്നുമാണ് ഒരു ഐതിഹ്യം. അയ്യപ്പന്റെ ജനനം മകരസംക്രമ ദിനത്തില്‍ ആയിരുന്നുവെന്ന് മറ്റൊരു വിശ്വാസം. രണ്ട് മാസത്തെ ശബരിമല തീര്‍ഥാടനകാലത്തിന് സമാപനമായി സംക്രമദിവസമാണ് ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം.

sabarimala

മകരവിളക്ക് മഹോത്സവത്തിന്റെ ആദ്യ നാലു ദിവസങ്ങളിലും മണി മണ്ഡപത്തില്‍ നടക്കുന്ന കളമെഴുത്തും അതിനോടനുബന്ധിച്ചു പതിനെട്ടാം പടി വരെ നടത്തുന്ന വിളക്കെഴുന്നെള്ളിപ്പുമാണ് മകരവിളക്ക് എന്നു പറയുന്നത്. ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന സ്ഥലമാണ് മണിമണ്ഡപം. ഇവിടെ വെച്ചാണ് അയപ്പ സ്വാമി ശാസ്താ വിഗ്രഹത്തിലോട്ട് വിലയം പ്രാപിച്ചതെന്നു പറയുന്നു. മകരവിളക്കിനോടനുബന്ധിച്ചു നടക്കുന്ന കളമെഴുത്തും പാട്ടും നടക്കുന്നത് മണിമണ്ഡപത്തിലാണ്. റാന്നി കുന്നക്കാട് കുറുപ്പന്‍മാരാണ് പരമ്പരാഗതമായി ശബരിമലയില്‍ കളമെഴുതുന്നത്. മകരം ഒന്നു മുതല്‍ അഞ്ചു വരെ നടക്കുന്ന കളമെഴുത്തില്‍ ബാലകന്‍, വില്ലാളിവീരന്‍, രാജകുമാരന്‍, പുലിവാഹനന്‍ , തിരുവാഭരണവിഭൂഷിതനായ ശാസ്താവ് എന്നീ രൂപങ്ങളാണ് കളമെഴുതുന്നത്.

മകരവിളക്ക് മഹോത്സവത്തിന്റെ അഞ്ചാം ദിവസം നടക്കുന്ന വിളക്കെഴുന്നെള്ളിപ്പ് ശരംകുത്തിയാല്‍ വരെ എഴുന്നെള്ളുന്നു. ഭഗവാനെ കൊമ്പന്‍ മീശയോടു കൂടിയ തിരുമുഖമുള്ള തിടമ്പിലോട്ട് ആവാഹിച്ചാണ് മകരം അഞ്ചിനു നടക്കുന്ന വിളക്കെഴുന്നെള്ളിപ്പിനു എഴുന്നെള്ളിക്കുന്നത് എന്നത് പ്രധാന പ്രത്യേകതയാണ്. പന്തളം കൊട്ടാരത്തില്‍ നിന്നു കൊടുത്തയക്കുന്ന തിരുവാഭരണപ്പെട്ടികളില്‍ പ്രധാനമാണ് വീരയോദ്ധാവിന്റെ തിരുമുഖമുള്ള തിടമ്പ് . സംക്രമ ദിവസത്തെ ദീപാരാധനക്കു മുമ്പായി തിരുവാഭരണപ്പെട്ടികള്‍ സന്നിധാനത്ത് എത്തിച്ചേരുകയും പ്രധാന ആഭരണപ്പെട്ടി ശ്രീ കോവിലിലേക്കും മറ്റു രണ്ടുപെട്ടികള്‍ മണിമണ്ഡപത്തിലുമാണ് വയ്ക്കുന്നത്. അഭിഷേകപ്പെട്ടിയെന്നും കൊടിപ്പെട്ടിയെന്നും അറിയപ്പെടുന്ന തിരുവാഭരണപ്പെട്ടികളില്‍ പ്രധാനപ്പെട്ടതാണ് തലപ്പാറ മലയേയും ഉടുമ്പാറ മലയേയും പ്രതിനിധീകരിക്കുന്ന കൊടികളും കുടകളും. തലപ്പാറമലയുടെ വിജയക്കൊടിക്ക് ചുവപ്പ് മുത്തുക്കുടയും ഉടുമ്പാറ മലയുടെ വിജയ കൊടിക്ക് കറുത്ത മുത്തുക്കുടയുമാണ് വക്കുന്നത്. രണ്ടു കൊടികളുടേയും അകമ്പടിയോടെയാണ് അയ്യപ്പ സ്വാമി ശരംകുത്തിയിലേക്ക് എഴുന്നെള്ളുന്നത്.

sabarimala

മകരവിളക്ക് മഹോത്സവത്തിന്റെ അഞ്ചാം ദിവസമാണിത് നടക്കുന്നത്. ശരംകുത്തിയില്‍ ചെന്നു നായാട്ടുവിളി നടത്തിയശേഷം അയപ്പ സ്വാമി മണിമണ്ഡപത്തിലേക്കു മടങ്ങുന്നു. തിരിച്ചുള്ള യാത്രയില്‍ തീവെട്ടികള്‍ അണച്ച് വാദ്യമേളങ്ങള്‍ ഇല്ലാതെയാണ് പോകുന്നത്. അയ്യപ്പസ്വാമിയുടെ ശരംകുത്തിയില്‍ നിന്നുള്ള എഴുന്നെള്ളപ്പില്‍ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്. ശബരിമലയിലെ മകരവിളക്കുത്സവത്തിന്റെ സമാപനം കുറിച്ചു തന്റെ ഭക്തരെ യാത്രയാക്കുക എന്ന സങ്കല്‍പമാണ് ശരംകുത്തിയിലോട്ടുള്ള എഴുന്നെള്ളിപ്പിന്റെ പിന്നിലുള്ളത്. അയ്യപ്പന്‍ തന്റെ ശരങ്ങളും ആയുധങ്ങളും ശരംകുത്തിയില്‍ ഉപേക്ഷിച്ചിട്ടാണ് ശബരിമലയില്‍ യോഗനിദ്രയിലേക്കു പ്രവേശിച്ചത് എന്നു ഐതിഹ്യങ്ങള്‍ പറയുന്നു.

ശബരിമലയില്‍ നടക്കുന്ന അത്യപൂര്‍വമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. ശബരിമലയിലും പെരുനാട് കക്കാട് കോയിക്കല്‍ ക്ഷേത്രത്തിലും നായാട്ടു വിളി നടക്കുന്നു. ശബരിമലയില്‍ ചാര്‍ത്തുന്ന തിരുവാഭരണം പുറത്തൊരു ക്ഷേത്രത്തില്‍ ചാര്‍ത്തുന്നത് പെരുനാട്ടിലെ ശാസ്താ ക്ഷേത്രത്തിലാണ്. തിരുവാഭരണം കൊണ്ടുള്ള മടക്കയാത്രയില്‍ മകരം ഏഴിനാണ് പെരുനാട്ടില്‍ തിരുവാഭരണ ദര്‍ശനം നടക്കുന്നത്. ഇവിടെ നിന്നുകൊണ്ടാണ് പന്തളം രാജാവ് ശബരിമലയില്‍ ക്ഷേത്രം പണിതത് എന്നു ഐതീഹ്യങ്ങള്‍ പറയുന്നു. പണ്ട് മകരവിളക്ക് ഉത്സവം ആദ്യത്തെ അഞ്ചു ദിവസം ശബരിമലയിലും പിന്നീടുള്ള അഞ്ചു ദിവസത്തെ ഉത്സവം പെരുനാട്ടിലുമായിരുന്നു നടത്തിയിരുന്നതെന്നു പറയപ്പെടുന്നു.

sabarimala makaravilakku 2025

മകരസംക്രമപൂജയില്‍ അയ്യപ്പനു അഭിഷേകംചെയ്യാനുള്ള നെയ്യ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സമര്‍പ്പണമാണ്. അതിനാല്‍ കവടിയാര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ നെയ്യുകൊണ്ടാണ് അയ്യപ്പന് അഭിഷേകം നടത്തുന്നത്. തിരുവാഭരണങ്ങള്‍ ഭഗവാന് ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെയാണ് കിഴക്കന്‍ ചക്രവാളത്തില്‍ മല നിരകള്‍ക്ക് മുകളിലായി ദിവ്യജ്യോതിയും ആകാശത്ത് മകര നക്ഷത്രവും പ്രത്യക്ഷപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com