ഫ്ലോറിഡ: മുതലയെ പിടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കെല്ലാം അറിയാം. മറ്റ് ഉരഗങ്ങളെ പിടിക്കുന്നത് പോലെ അത്ര പെട്ടെന്ന് കാര്യങ്ങൾ നടന്നെന്നു വരില്ല. മാത്രമല്ല അൽപ്പം അപകടവുമാണ്.
എന്നാൽ തന്റെ വീടിന് മുന്നിൽ അപ്രതീക്ഷിതമായി എത്തിയ മുതലയെ ധൈര്യപൂർവം പിടികൂടി തിരികെ വിടുന്ന യുവാവിന്റെ പ്രവൃത്തി കൈയടി നേടുകയാണിപ്പോൾ. വളരെ ലാഘവത്തിൽ ഒരു ചവർ വീപ്പയുപയോഗിച്ച് തന്ത്രപൂർവം മുതലയെ പിടിക്കുന്ന യുവാവിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. അമേരിക്കയിലെ ഫ്ളോറിഡയിൽ നടന്ന സംഭവമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
വീടിനു മുന്നിലൂടെ നടക്കുന്ന മുതലയെ യുവാവ് വലിയ വീപ്പയിലേക്ക് കയറ്റാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ മുതല വീപ്പ അടുത്തേക്ക് കൊണ്ടുവരുന്നതിനനുസരിച്ച് പിന്നിലേക്ക് നീങ്ങുന്നത് കാണാം. വീപ്പ കൊണ്ട് തള്ളി മുതലയെ വീടിൻറെ ചുവരിനടുത്തെത്തിച്ചതോടെ മുതലയ്ക്ക് ഓടി മാറാൻ സ്ഥലമില്ലാതായി. പിന്നാലെ വീപ്പ കൊണ്ട് തള്ളി മുതലയെ അതിനുള്ളിലേക്ക് കയറ്റുകയും അതിന്റെ മൂടി നിമിഷ നേരം കൊണ്ട് അടയ്ക്കുകയും ചെയ്തു.
മുതലയെ വീപ്പയിൽ കുടുക്കിയതോടെ സമീപത്തുണ്ടായിരുന്നവർ ആഹ്ളാദത്തോടെ ശബ്ദമുണ്ടാക്കുന്നതും വീഡിയോയിലൂടെ കേൾക്കാം. മറ്റൊരാൾ വീഡിയോയുടെ അവസാന ഭാഗവും ട്വീറ്റ് ചെയ്തിരുന്നു. അവസാന ഭാഗത്തിൽ യുവാവ് മുതലയെ സമീപത്തുള്ള തടാകത്തിനരികിൽ തുറന്നു വിടുന്നതും കാണാം.
മുതലയെ സാഹസികമായി കുടുക്കിയ യുവാവിന്റെ ധീരതയെ പ്രശംസിച്ചാണ് ആളുകളുടെ പ്രതികരണം. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് അദ്ദേഹം മുതലയെ പിടിക്കുന്നതെന്നും അത് അപകടകരമാണെന്ന അഭിപ്രായമാണ് മറ്റുള്ളവർ പങ്കിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates