

സ്വകാര്യ ആവശ്യത്തിന് നാട്ടിലെ ആശുപത്രികളില്‍ ഏറെ സമയം ചെലവഴിക്കേണ്ടി വന്നതിന്റെ പശ്ചാത്തലത്തില്‍ ചില ആരോഗ്യ ചിന്തകള്‍ പങ്കുവയ്ക്കുകയാണ്, യുഎന്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍. ഭക്ഷണ രീതിയില്‍ മുതല്‍ വ്യായാമത്തില്‍ വരെ മലയാളി കാര്യമായ കരുതല്‍ തന്നെ പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. സ്വന്തം ആരോഗ്യത്തിലും കുടുംബത്തിന്റെ ആരോഗ്യത്തിലും സമൂഹത്തിന്റെ ആരോഗ്യത്തിലും കുറച്ചുകൂടി ശ്രദ്ധിക്കും എന്നും അതൊരു മുന്‍ഗണന ആക്കും എന്നതുമാണ് ഈ വര്‍ഷത്തെ പുതുവത്സര പ്രതിജ്ഞയെന്ന് മുരളി തുമ്മാരുകുടി പറയുന്നു.
ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍നിന്ന്:
ഒരുമാസത്തിനുള്ളിൽ എറണാകുളത്തെ പ്രധാന ആശുപത്രികളിൽ ഏറെ സമയം ചിലവാക്കിയപ്പോൾ ശ്രദ്ധിച്ച കാര്യങ്ങൾ ഉണ്ട്.
1. സ്വിറ്റ്സർലാൻഡും ജർമ്മനിയും ഉൾപ്പടെ ലോകത്തെ പേരുകേട്ട പല ആരോഗ്യ സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ എല്ലാ പരിമിതികൾക്ക് ഉള്ളിലും ലോകോത്തരമാണ്. 2. സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളിൽ ഉൾപ്പടെ എല്ലായിടത്തും എല്ലായിപ്പോഴും വലിയ തിരക്കാണ്. നഗരങ്ങളിൽ നിന്നും മാറി വലിയ ആശുപത്രികൾ ഒക്കെ വരുമ്പോൾ, "ഇവിടെ ഇത്രമാത്രം രോഗികൾ ഉണ്ടാകുമോ?" എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷെ എല്ലായിടത്തും തിരക്കോട് തിരക്കാണ്.3. ജീവിത ശൈലീരോഗങ്ങൾ ആണ് പ്രധാനവില്ലൻ ആയി കാണുന്നത്. പണ്ടൊക്കെ അറുപത് വയസ്സിന് മുകളിൽ ഉള്ളവരിൽ കൂടുതലായി കണ്ടുകൊണ്ടിരുന്ന ഷുഗറും പ്രഷറും അനുബന്ധ പ്രശ്നങ്ങളും ഒക്കെ അമ്പതിൽ നിന്നും താഴേക്ക് വരുന്നു. ഹൃദയവും കിഡ്നിയും ലിവറും ഒക്കെ ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലാണ്.4. ഇപ്പോഴും മറ്റു രാജ്യങ്ങളെയും മറ്റു സംസ്ഥാനങ്ങളെയും അപേക്ഷിച്ച് നമ്മുടെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിൽ പോലും ചികിത്സാചിലവുകൾ ഏറെ കുറവാണെങ്കിലും ഇവിടെയും മെഡിക്കൽ ചിലവുകൾ കൂടുകയാണ്. ജോലിയുടെ ഭാഗമായും അല്ലാതേയും ആളുകൾ കൂടുതൽ ഹെൽത്ത് ഇൻഷുറൻസ് എടുത്തു തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇത് പൊതുവെ ഹോസ്പിറ്റൽ ചിലവുകൾ വർദ്ധിപ്പിക്കുന്ന സാഹചര്യം ആണ് ഉണ്ടാക്കുന്നത്.5. ഒരാളുടെ ജീവിതകാലത്തെ മെഡിക്കൽ ചിലവുകളുടെ ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ അവസാന പത്തുവർഷങ്ങളിൽ ആയിരിക്കും എന്നാണ് വിദേശത്തെ പഠനങ്ങൾ പറയുന്നത്. പൊതുവെ ജീവിത ദൈർഖ്യം കൂടി വരുന്ന കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഈ സാഹചര്യത്തെ നേരിടാൻ ഇപ്പോൾ സാമ്പത്തികമായി തയ്യാറെടുത്തിട്ടില്ല എന്നതാണ് യാഥാർഥ്യം. സ്ഥലവിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് ഈ വിഷയത്തെ കൂടുതൽ വഷളാക്കും. വ്യക്തിപരമായും സമൂഹം എന്ന നിലയിലും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ്.
ജീവിത ശൈലി രംഗത്ത് കാണുന്ന ചില ട്രെൻഡുകളെപ്പറ്റി ഈ അവസരത്തിൽ പറയണം.
1. മലയാളികളുടെ ഭക്ഷണരീതിയിലും സാഹചര്യത്തിലും ഉണ്ടായിരിക്കുന്ന മാറ്റത്തെ പറ്റി "തിന്നു മരിക്കുന്ന മലയാളി" എന്നൊരു ലേഖനം ഒരിക്കൽ എഴുതിയിരുന്നു. പട്ടിണി പരിചിതമായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും സമ്പന്നതയിലേക്ക് ഒരു തലമുറകൊണ്ട് മാറിയതും സുഹൃത്തുക്കളോ ബന്ധുക്കളോ ആയുള്ള കൂടിച്ചേരലുകളുടെ കേന്ദ്രബിന്ദു ഭക്ഷണം ആയതും ആണ് നമ്മുടെ മോശപ്പെട്ട ഭക്ഷണരീതിയുടെ അടിസ്ഥാന കാരണം.2. സാമ്പത്തിക നില മെച്ചപ്പെട്ടതോടെ ഹോട്ടലിൽ ആയാലും വിവാഹങ്ങൾക്ക് ആയാലും മറ്റു ആഘോഷങ്ങൾക്ക് ആയാലും കൂടുതൽ കൂടുതൽ ഭക്ഷണം നൽകുക എന്നതായി രീതി. ഹോട്ടലിലെ ഉച്ചയൂണിന് രണ്ടാമത് ചോറ് കൊടുക്കുന്നത് പോലും സ്റ്റാൻഡേർഡ് അല്ലായിരുന്ന തൊള്ളായിരത്തി എഴുപതുകളിൽ നിന്നും "അൺലിമിറ്റഡ് റൈസ് കുഴിമന്തി" എന്നത് ഹോട്ടലുകളിൽ വ്യാപാര തന്ത്രം ആകുന്നു.3. സാമ്പത്തിക ഞെരുക്കത്തിന്റെ പ്രതീകം ആയിരുന്ന "ചട്ടിച്ചോർ" ഇപ്പോൾ ചട്ടി നിറയെ ഇറച്ചിയും മീനും വച്ചതും വറുത്തതും നിറച്ച് രണ്ടുപേർക്കുള്ള ഭക്ഷണവും മൂന്നുനേരത്തിന് അപ്പുറത്തുള്ള കലോറിയുമായി മാറിയിരിക്കുന്നു. രണ്ടു ചെറിയ കഷണം ഇറച്ചിയുമായി ഒരു ചാപ്സ് മേടിച്ച് രണ്ടുപേർ പങ്കിട്ടെടുത്ത കാലത്തുനിന്നും പ്ളേറ്റിൽ കൊള്ളാത്ത വലുപ്പത്തിൽ ഉള്ള പോത്തിൻ കാലും മീൻ തലയും ഒക്കെ കറിയായി വരുന്നു.4. പൊതുവെ ആരോഗ്യകരം എന്ന് നാം ചിന്തിക്കുന്ന വെജിറ്റേറിയൻ ഭക്ഷണങ്ങളും മസാലയുടെയും എണ്ണയുടേയും കളറിന്റേയും ഒക്കെ അമിത ഉപയോഗത്തോടെ ആരോഗ്യകരം അല്ലാതാകുന്നു. "വീട്ടിലെ ഊണിൽ" പോലും എല്ലാ ദിവസവും പായസവുമായി പഞ്ചസാരയും കലോറിയും ഒക്കെ അവിടെയും പൊടി പൊടിക്കുന്നു.5. ഒരോണത്തിന് ഒരു സദ്യ ഉണ്ടിരുന്നത് ഇപ്പോൾ ഒരു മാസം വീട്ടിലും ഓഫീസിലും ക്ലബ്ബിലും റെസിഡന്റ് അസോസിയേഷനിലും ഒക്കെയായി സത്യപാരമ്പര ആകുന്നു. ഒരു കല്യാണം എന്നാൽ ഇപ്പോൾ നിശ്ചയം മുതൽ പാർട്ടി വരെ നാലോ അഞ്ചോ ഭക്ഷണ മാമാങ്കം ആണ്.6. ഹോട്ടലിൽ കിട്ടുന്ന ഒരു ഭക്ഷണത്തിന്റെയും കലോറി എഴുതി വക്കുന്ന രീതി ഇപ്പോഴും നമുക്കില്ല. ഹോട്ടലിൽ ആണെങ്കിലും കല്യാണത്തിന് ആണെങ്കിലും ഒരു "ഹെൽത്തി സെക്ഷൻ" ഇപ്പോഴും ഇല്ല.7. ആരോഗ്യകരമായ ആരോഗ്യശീലം വളർത്താൻ ഡയട്ടീഷ്യൻസ് നടത്തുന്ന ശ്രമങ്ങൾ ഒക്കെ പുതിയ റെസ്റ്റോറന്റുകളും വിഭവങ്ങളും രസകരമായി പരിചയപ്പെടുത്തുന്ന "ഹലോ ഗയ്‌സ്" വ്ലോഗ്ഗർമാരുടെ വേലിയേറ്റത്തിൽ മുങ്ങിപ്പോകുന്നു.8. നമ്മുടെ പേരുകേട്ട ഹോട്ടലുകൾ, ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷനുകൾ, സെലിബ്രിറ്റി ഷെഫുമാർ, കാറ്ററിങ്ങ് കമ്പനികൾ, ഡയട്ടീഷ്യന്മാർ, ഫുഡ് വോൾഗർമാർ ഇവരൊക്കെ ഒരുമിച്ച് ശ്രമിച്ചാൽ കൂടുതൽ ആരോഗ്യകരമായ ഒരു ഭക്ഷണശീലം നമുക്കിടയിൽ ഉണ്ടാക്കാൻ സാധിക്കും, മാത്രമല്ല ഹോട്ടലിൽ ആണെങ്കിലും കാറ്ററിങ്ങ് പാർട്ടികളിൽ ആണെങ്കിലും ആരോഗ്യകരമായ ഭക്ഷണം വേണം എന്നുള്ളവർക്ക് അതിനുള്ള ഓപ്‌ഷൻസ് ഉണ്ടാക്കാനും സാധിക്കും.
മാറേണ്ടത് ഭക്ഷണരീതി മാത്രമല്ല, വ്യായാമങ്ങൾ കൂടിയാണ്.
1. ഒരുകാലത്ത് അധ്വാനം ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്‌കൂളിലോ കടയിലോ ഓഫീസിലോ പോകാൻ രണ്ടുകിലോമീറ്റർ നടക്കേണ്ടിയിരുന്ന കാലത്ത് വ്യായാമശീലം പഠിപ്പിക്കേണ്ടതില്ലായിരുന്നു. പക്ഷെ സ്വകാര്യവാഹനങ്ങളും ഓട്ടോ ഉൾപ്പടെയുള്ള പൊതുഗതാഗതവും കണക്ടിവിറ്റി കൂട്ടിയപ്പോൾ വ്യായാമശീലങ്ങൾ മാറ്റേണ്ടതായിരുന്നു. അതുണ്ടായില്ല.2. വലിയ നഗരങ്ങളിൽ കുറച്ച് സൗകര്യങ്ങൾ ഒഴിച്ച് കേരളത്തിൽ ബഹുഭൂരിപക്ഷം ആളുകൾക്കും സുരക്ഷിതമായി നടക്കാനുള്ള സൗകര്യങ്ങൾ ഇല്ല. റോഡിലെ വാഹനങ്ങളുടെ മരണപ്പാച്ചിലും, നടപ്പാത ഇല്ലാത്തതും, ഉള്ളത് തന്നെ ചതിക്കുഴികൾ ഉള്ളതാകുന്നതും, നായകളുടെ ശല്യവും ഒക്കെ പുറത്ത് നടക്കാൻ പോകുന്നത് തന്നെ ഒരു റിസ്ക്ക് ആക്കുന്നു.3. വൈകീട്ടായാൽ നമ്മുടെ ഗ്രാമങ്ങളിൽ ചെറുപ്പക്കാർ വോളിബോളോ ഫുട്‍ബോളോ ഒക്കെ കളിക്കുന്ന "ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്" സംസ്കാരം ഒരിക്കൽ നമുക്ക് ഉണ്ടായിരുന്നു. ഇന്നത് കാണുന്നില്ല. ചിലയിടങ്ങളിൽ ടർഫ് ഒക്കെ ഉണ്ടാകുന്നത് കാണുന്നത് സന്തോഷകരമാണ്, പക്ഷെ പൊതുവിൽ സ്പോർട്സ് രംഗത്ത് നമുക്ക് ഉണ്ടായിരിക്കുന്ന താല്പര്യം ക്രിക്കറ്റോ ഫുട്‍ബോളോ ടി വി യിലോ ഗ്രൗണ്ടിലോ കാണുന്നതായിട്ടാണ് മാറുന്നത്, കളിക്കുന്നതായിട്ടല്ല.4. ഇത് മാറണം. ഓരോ പഞ്ചായത്ത് - മുനിസിപ്പൽ വാർഡിലും പൊതുജനങ്ങൾക്ക്, സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പടെ, പകലും രാത്രിയും സുരക്ഷിതമായി വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങൾ ഉള്ള നടപ്പാതയും ഓപ്പൺ ജിമ്മുകളും ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ അസംബ്ളി മണ്ഡലത്തിലും ഓരോ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ഓരോ പഞ്ചായത്തിലും ഡയാലിസിസ് സെന്ററും ആയുള്ള നമ്മുടെ ആരോഗ്യരംഗത്തെ വളർച്ച വളർച്ചയല്ല, രോഗലക്ഷണം ആണ്.
വ്യക്തിപരമായി അത്ര നല്ല ആരോഗ്യ ഭക്ഷണ ശീലങ്ങൾ ഉള്ള ആളല്ല ഞാൻ. സ്ഥിരമായ യാത്രയാണ് അതിനൊരു എക്സ്ക്യൂസ് ആയി പറയാറുള്ളത്. പക്ഷെ ഇത്തവണ ആശുപത്രികളിലൂടെ ഉള്ള യാത്ര ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ആവശ്യകത കൂടുതൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യകരമായി എൺപതിനപ്പുറം പോകാവുന്ന സാഹചര്യം എനിക്കുൾപ്പടെ ഉള്ള മലയാളികൾക്ക് ഇപ്പോൾ ഉണ്ട്, പക്ഷെ ഒരു ഗുരുതരമായ ജീവിത ശൈലി രോഗത്തിന് അടിമയായാൽ തീരുന്ന കഴിവും കറക്കവും ഒക്കെ മാത്രമേ നമുക്കുള്ളൂ. എഴുപത് വയസ്സാകുന്നതിന് മുൻപ് തന്നെ ഒരു ഹോം നേഴ്‌സ് ഇല്ലാത്ത എണിച്ചിരിക്കാൻ പോലും വയ്യാത്ത തരത്തിൽ ജിവിതത്തിന്റെ ഗുണനിലവാരം തകർന്നു പോകുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്പോൾ "ഇന്ന് നീ നാളെ ഞാൻ" എന്ന് മനസ്സിൽ തോന്നുന്നുണ്ട്. ഒരു മെഡിക്കൽ ചെക്കപ്പിന് അപ്പുറത്തും ഇപ്പുറത്തും ഉള്ള തിരക്കേ നമുക്കൊക്കെ ഉള്ളൂ.
സ്വന്തം ആരോഗ്യത്തിലും കുടുംബത്തിന്റെ ആരോഗ്യത്തിലും സമൂഹത്തിന്റെ ആരോഗ്യത്തിലും കുറച്ചുകൂടി ശ്രദ്ധിക്കും എന്നും അതൊരു മുൻഗണന ആക്കും എന്നതുമാണ് ഈ വർഷത്തെ പുതുവത്സര പ്രതിജ്ഞ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates