പോഷക സമൃദ്ധമായ നാടന്‍ പയര്‍ സ്വന്തം വളപ്പില്‍; കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവിന് ചില ടിപ്‌സ്

വിത്ത് പാകി 45-50 ദിവസത്തിനുള്ളില്‍ ആദ്യത്തെ വിളവെടുപ്പ് തുടങ്ങാം
yard long beans
Organic Yard Long Beans Cultivation Guide for Kitchen Gardens
Updated on
2 min read

കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും എളുപ്പത്തിലും കുറഞ്ഞ സ്ഥലത്തും വളര്‍ത്താന്‍ പറ്റിയ പച്ചക്കറിയാണ് പയര്‍. പോഷകസമൃദ്ധമായ പയര്‍ വര്‍ഗ്ഗങ്ങള്‍ വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നത് ആരോഗ്യത്തിനും സാമ്പത്തിക ലാഭത്തിനും ഒരുപോലെ ഉത്തമമാണ്. ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ നമുക്കും അടുക്കളത്തോട്ടത്തില്‍ പയര്‍ നൂറുമേനി വിളയിച്ചെടുക്കാം.

കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ മികച്ച ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് കൃഷിക്ക് ഏറ്റവും ഉചിതം. വൈജയന്തി, ശാരിക, അനുഗ്രഹ, നീലിമ എന്നിവ വര്‍ഷം മുഴുവന്‍ വിളവ് തരുന്ന മികച്ച ഇനങ്ങളാണ്. പന്തല്‍ സൗകര്യം കുറവാണെങ്കില്‍ ഭാഗ്യലക്ഷ്മി, എല്‍എല്‍-1 തുടങ്ങിയ കുറ്റിപ്പയര്‍ ഇനങ്ങള്‍ തിരഞ്ഞെടുക്കാം.

ഗ്രോബാഗ്, ചട്ടി, പ്ലാസ്റ്റിക് ചാക്ക് തുടങ്ങി ഏതിലും പയര്‍ കൃഷി ചെയ്യാവുന്നതാണ്. വിത്ത് നേരിട്ട് തടങ്ങളില്‍ പാകുകയോ, അല്ലെങ്കില്‍ വിത്ത് മുളച്ചു രണ്ടു ആഴ്ച കഴിഞ്ഞ ശേഷം തൈ പറിച്ചു നടുകയോ ചെയ്യാം. നടുന്നതിന് മുന്‍പ് വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തിലോ അല്ലെങ്കില്‍ ഇരുപതു ശതമാനം വീര്യമുള്ള സ്യുഡോമോണസ് ലായനിയിലോ മുക്കി വെക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ വളരെ നല്ലതാണ്. വിത്തുകള്‍ പാകുമ്പോള്‍ 2 സെന്റീമീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ നടരുത്. തടത്തില്‍ എപ്പോഴും ആവശ്യത്തിന് നനവ് ഉണ്ടാകണം. നട്ടതിന് ശേഷം ചെറിയ തണല്‍ നല്‍കുന്നതും നല്ലതാണ്.

കൃഷിസ്ഥലം തയ്യാറാക്കുമ്പോള്‍ വെള്ളം കെട്ടിക്കിടക്കാത്ത, നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണെന്ന് ഉറപ്പാക്കണം. മണ്ണിലെ അമ്ലഗുണം മാറ്റാന്‍ അല്പം കുമ്മായം ചേര്‍ക്കുന്നത് ഉചിതമാണ്. ഗ്രോബാഗിലാണെങ്കില്‍ ചകിരിച്ചോറ്, മണ്ണ്, ജൈവവളം എന്നിവ 1:1:1 അനുപാതത്തില്‍ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. വള്ളിച്ചെടി ഇനങ്ങള്‍ക്ക് നിര്‍ബന്ധമായും പന്തല്‍ ഒരുക്കണം. മുളയോ കമ്പോ ഉപയോഗിച്ച് സൗകര്യം ഉണ്ടാക്കുക. ചെടിക്ക് 15-20 സെന്റീമീറ്റര്‍ ഉയരമാകുമ്പോള്‍ വള്ളികള്‍ പന്തലിലേക്ക് പടര്‍ത്തിവിടാം.

yard long beans
മണ്ണ് ഒരുക്കുമ്പോള്‍ തന്നെ ചാണകപ്പൊടിയോ കമ്പോസ്റ്റോ അടിവളമായി ചേര്‍ക്കാം

വളപ്രയോഗം

  • വളപ്രയോഗം പൂര്‍ണ്ണമായും ജൈവരീതിയില്‍ ചെയ്യുന്നതാണ് ആരോഗ്യത്തിന് ഏറ്റവും മികച്ചത്. മണ്ണ് ഒരുക്കുമ്പോള്‍ തന്നെ ചാണകപ്പൊടിയോ കമ്പോസ്റ്റോ അടിവളമായി ചേര്‍ക്കാം.

  • ചെടി വളര്‍ന്നു മൂന്ന് ആഴ്ചയ്ക്ക് ശേഷം കടലപ്പിണ്ണാക്ക് വളമായി നല്‍കാം. ചെടി ഒന്നിന് 50-100 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത്, ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി മാറി മണ്ണ് മാറ്റി ഇട്ടു കൊടുക്കാം.

  • രണ്ടാഴ്ചയിലൊരിക്കല്‍ കടലപ്പിണ്ണാക്ക് ലായനി നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കുന്നത് മികച്ച വിളവ് നല്‍കും.

  • ഫിഷ് അമിനോ ആസിഡ്, കടലപ്പിണ്ണാക്ക് എന്നിവ വെള്ളത്തില്‍ 4 ദിവസം ഇട്ടു പുളിപ്പിച്ചതിന് ശേഷം തെളി നേര്‍പ്പിച്ച് വളമായി നല്‍കാവുന്നതാണ്.

  • രണ്ടാഴ്ച കൂടുമ്പോള്‍ 20% വീര്യമുള്ള സ്യുഡോമോണസ് ലായനി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നതും വളരെ നല്ലതാണ്.

കീടപരിപാലനവും ജലസേചനവും

  • അടുക്കളത്തോട്ടത്തില്‍ രാസ കീടനാശിനികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.

  • നല്ല വിളവിന് കൃത്യമായ ജലസേചനം ഉറപ്പുവരുത്തണം. എങ്കിലും തടത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം.

  • ഇലപ്പേന്‍, അഫിഡ്സ് തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാന്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കില്‍ വെളിച്ചെണ്ണ-സോപ്പ് മിശ്രിതം നേര്‍പ്പിച്ച് തളിക്കുക. കീടങ്ങളെ അകറ്റാന്‍ ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ച് ചേര്‍ത്ത് നേര്‍പ്പിച്ചത് സ്പ്രേ ചെയ്യുന്നതും ഫലപ്രദമാണ്.

  • തണ്ട് തുരപ്പന്‍ കീടബാധയെ പ്രതിരോധിക്കാന്‍ തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിടുകയോ ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുകയോ ചെയ്യാം.

  • ഇലപ്പുള്ളി രോഗം തടയാന്‍ സ്യൂഡോമോണാസ് ലായനി ഇലകളില്‍ തളിക്കുന്നത് സഹായിക്കും.

വിത്ത് പാകി 45-50 ദിവസത്തിനുള്ളില്‍ ആദ്യത്തെ വിളവെടുപ്പ് തുടങ്ങാം. ദിവസവും വിളവെടുക്കുന്നത് ചെടിയില്‍ കൂടുതല്‍ പൂക്കള്‍ ഉണ്ടാകാനും കൂടുതല്‍ കായ പിടിക്കാനും സഹായിക്കും. പ്രോട്ടീന്‍ സമൃദ്ധമായ പയര്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ വിളയിച്ചെടുക്കൂ.

yard long beans
ശരീരഭാരം കുറയ്ക്കാം, രോഗങ്ങളെ പ്രതിരോധിക്കാം; വീട്ടുപറമ്പില്‍ വിളയിക്കാം ആരോഗ്യത്തിന്റെ കക്കിരി
yard long beans
ചെറിയ മുതല്‍ മുടക്ക്, മികച്ച വരുമാനം; ചിപ്പിക്കൂണ്‍ കൃഷി ചെയ്യാം, ഈസിയായി
yard long beans
കറിവേപ്പില തഴച്ചു വളരാന്‍ കഞ്ഞിവെള്ള പ്രയോഗം; ഈ വിദ്യ അറിഞ്ഞാല്‍ കടയില്‍ നിന്ന് വാങ്ങേണ്ട
Summary

How to Grow Yard Long Beans at Home: A Complete Guide to Organic Kitchen Gardening

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com