

ഗുരുതരമായ കരള്‍രോഗം ബാധിച്ച് കരള്‍മാറ്റിവയ്ക്കാന്‍ ദാതാവിനെ തിരയുന്ന കവി താഹാജമാല്‍, രോഗാതുരമായ നാളുകളിലും കവിത കൈവിടുന്നില്ല. ഔഷധവും അതിജീവനവും കവിതയില്‍ തിരയുന്ന കവിയെ സഹൃദയര്‍ ചേര്‍ത്തുപിടിക്കേണ്ടതുണ്ട്
എല്ലാവഴികളും മുന്നിലടയുമ്പോള്‍ കവിതയില്‍ അതിജീവനവഴി തേടി മുന്നോട്ടുനടക്കുകയാണ് കവി താഹാജമാല്‍. കവിത പ്രസരിപ്പിക്കുന്ന ഇന്ധനം ആ കാലുകളെ തളര്‍ത്തുന്നില്ല.ഗുരുതരമായ കരള്‍രോഗം ബാധിച്ചെങ്കിലും തളര്‍ന്നിരിക്കാന്‍ തയ്യാറല്ല നാല്‍പ്പതുപിന്നിട്ട താഹ. കരള്‍രോഗമെന്നും കവിയെന്നും കേട്ട് മദ്യത്തെ ഇതില്‍ ബന്ധപ്പെടുത്തരുത്. മദ്യപാനമല്ല രോഗകാരണം.
തൊണ്ണൂറുകളുടെ അവസാനം പത്രമാധ്യമങ്ങളുടെ ക്യാമ്പസ് പംക്തികളിലെല്ലാം നിറഞ്ഞുനിന്നിരുന്നു താഹാജമാല്‍ പായിപ്പാട് എന്ന കവി. എറണാകുളം മഹാരാജാസ് കോളജില്‍ എം.എ.പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന താഹയുടെ കവിതകള്‍ അക്കാലത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു.അധ്യാപകനായി മുതിര്‍ന്ന കവി കെ.ജി.എസും സഹപാഠികളായി ഇന്നത്തെ എഴുത്തുകാരായ ടി.ബി.ലാലും ബിപിന്‍ ചന്ദ്രനും ശ്രീശൈലം ഉണ്ണിക്കൃഷ്ണനും സ്വപ്ന ശ്രീനിവാസനും മറ്റനേകം ക്യാംപസ് എഴുത്തുകാരുമടങ്ങുന്ന അന്നത്തെ മഹാരാജാസ് താഹയുടെ കവിതയ്ക്കും തണലൊരുക്കി. ഒട്ടുമിക്ക മുഖ്യധാരാപ്രസിദ്ധീകരണങ്ങളിലും കവിതകള്‍ പ്രസിദ്ധീകരിച്ചു. തിരുവല്ല മാര്‍ത്തോമാ കോളജില്‍നിന്നു ബിരുദംനേടി എഴുത്തുകാരുടെ കലാലയമായ മഹാരാജാസിലേക്ക്'കവി'യാകാന്‍ വേണ്ടി ചേര്‍ന്ന വിദ്യാര്‍ത്ഥിയായിരുന്നു താനെന്നു താഹ സ്വയം വിശേഷിപ്പിക്കുന്നു.
പഠനകാലത്തിനുശേഷം ബിഎഡ് പൂര്‍ത്തിയാക്കി മലപ്പുറം തിരൂരില്‍ സ്വകാര്യസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. ഇക്കാലത്ത് ആദ്യ കവിതാസമാഹാരം മറുക് പ്രസിദ്ധീകരിച്ചു.സാഹിത്യപ്രസിദ്ധീകരണങ്ങളിലും സമൂഹ മാധ്യമങ്ങളിലും സജീവമായി.
കവിയെന്ന നിലയില്‍ സജീവശ്രദ്ധ നേടിക്കൊണ്ടിരുന്ന കാലത്തുതന്നെയാണ് അവിചാരിതമായി കരള്‍രോഗം ബാധിച്ചത്. രണ്ടുമാസം മുന്‍പ് രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധപരിശോധനയ്ക്കുശേഷം അടിയന്തരമായി കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. പ്രതീക്ഷകള്‍ കെട്ടുപോയ ദിനങ്ങള്‍. കരള്‍രോഗം മദ്യപാനത്തിലൂടെ മാത്രം ഉണ്ടാകുന്നതാണെന്നും കവിയായാല്‍ മദ്യപാനിയായിരിക്കും എന്ന പൊതുബോധം സമൂഹത്തിനുണ്ട്. അതിനാല്‍ പലരോടും രോഗകാരണം മദ്യമല്ലെന്നും ഇക്കാലം വരെ ഒരു തുള്ളി പോലും കുടിച്ചിട്ടില്ലെന്നും ആവര്‍ത്തിച്ച് വിശദീകരിക്കേണ്ട സ്ഥിതി കൂടിയുണ്ട്.
മലപ്പുറത്തെ ജോലിയുപേക്ഷിച്ച് ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് ഒരു ചെറിയ കട നടത്തി കുടുംബം പുലര്‍ത്തുകയായിരുന്നു താഹ.അധ്യാപികയായ ഭാര്യയും യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളുമടങ്ങുന്നതാണ് കുടുംബം.താഹയുടെ സഹോദരന്‍ രണ്ടുവര്‍ഷം മുന്‍പ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനാല്‍ മോശം സാമ്പത്തികാവസ്ഥയിലാണ് കുടുംബം. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും വേണ്ട ലക്ഷക്കണക്കിന്തുക കണ്ടെത്താന്‍മറ്റുവഴികളില്ലാതെ വീടും പറമ്പും വില്‍ക്കുകയാണെന്നു ഫേസ്ബുക്കില്‍ കുറച്ചു ദിവസം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു.
ബി പോസിറ്റീവ് ബ്‌ളഡ് ഗ്രൂപ്പിലുള്ള കരള്‍ദാതാവിനെ തേടുന്നത് സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ ഷാ ബിന്‍ ഷാ എന്ന യുവാവ് താഹയ്ക്ക് കരള്‍ പകുത്തുനല്‍കാന്‍ തയ്യാറായി.എന്നാല്‍ ക്രോസ് മാച്ചിംഗില്‍ അത് അസാധ്യമായി.തുടര്‍ന്ന് ആ യുവാവ് ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി:
:'അത്യധികം ദുഃഖത്തോടെ ആണ് ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്.ടെസ്റ്റുകള്‍ക്കും അസ്സസ്മെന്റുകള്‍ക്കും ശേഷം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ കണക്കിലെടുത്ത് താഹ മാഷിന് കരള്‍ ഡൊണേറ്റ് ചെയ്യുന്നതില്‍ നിന്നും എന്നെ അയോഗ്യനാക്കി.ഡോക്ടറില്‍ നിന്ന് ഇത് കേള്‍ക്കുമ്പോള്‍ വല്ലാത്ത നിരാശയും ഒപ്പം അമര്‍ഷവും തോന്നി.ഒരുപക്ഷേ ആശുപത്രിയും സൂചിയും ഒക്കെ അരോചകമായ ഞാന്‍ ഇത്രത്തോളം മറ്റെന്തിനെങ്കിലും മാനസിക തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടോ എന്നു സംശയമാണ്.അതാവണം ഇത്രയും നിരാശയും അമര്‍ഷവും.''
പ്രതീക്ഷയുടെ വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടെങ്കിലും തളരുന്നില്ല കവി. രോഗാതുരമായ നാളുകളിലും കവിത എഴുതുന്നു താഹ.
അടുത്തിടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിത
അല്പം മെലിഞ്ഞു പോയി സാര്‍
കുറ്റവും
കുറവും
നികത്തിയും,നിരത്തിയും
ജീവിച്ചു കൊണ്ടിരിക്കെ
അല്പം മെലിഞ്ഞു പോയി സാര്‍
തൂക്കം അല്പം കുറഞ്ഞു പോയി സാര്‍.
ഉറക്കമില്ല
കണ്ണു തുറന്നാല്‍ വെളിച്ചത്തിന്റെ
പൊതു സൂര്യോദയത്തിനും മുമ്പുള്ള
ഇരുട്ടാണ് സാര്‍.
വിശപ്പ്,ശ്വാസംമുട്ടല്‍
ഇന്‍സുലിന്‍,മെഡിസിന്‍
എന്നിങ്ങനെ നീളുന്ന
വയോധികവൃത്താന്തങ്ങള്‍ക്ക് നടുവില്‍
നട്ടം തിരിയുകയാണ് സാര്‍.
കടലു കാണാന്‍ ഇപ്പോള്‍ പോകാറില്ല
ബന്ധുവീടുകള്‍ കുറയുന്നു
ചുറ്റും കാഴ്ചക്കാര്‍
ആഹാ,നീ ചത്തില്ലേയെന്ന്
വിചാരിക്കാന്‍ ശ്രമിക്കുന്നവര്‍
മനുഷ്യത്വം കുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍
ചിരിക്കുന്നവരാണ് ചുറ്റും
ഒരു കഴുകന്റെ ചിറകടിയൊച്ചയുടെ
ദ്രുതതാളം പേറി,ചിന്തകളില്‍ ഉലാത്തി
ഇപ്പോള്‍ ഞാന്‍ എന്നില്‍ മാത്രം ഒതുങ്ങിക്കൊണ്ടിരിക്കുന്ന
ഒരു കരിവേഷം.
ചിലപ്പോള്‍
കണ്ണാടിയില്‍ എരിവിളക്കിന്റെ
കരിഞ്ഞനൂലായി അവശേഷിച്ചവന്‍.
മാലാഖമാര്‍ ആകാശത്തേക്ക്
ക്ഷണിച്ചു കൊണ്ടിരിക്കുന്ന
ഒരു പാവം ഭിക്ഷക്കാരന്‍.
താഹയെ ജീവിതത്തിലേക്കും കവിതയിലേക്കും പൂര്‍ണ ആരോഗ്യത്തോടെ തിരികെ കൊണ്ടുവരാന്‍ സഹൃദയരുടെ കൈത്താങ്ങ് അനിവാര്യം. കവിതയെ ഊര്‍ജ്ജമാക്കി രോഗത്തോടു പൊരുതുന്ന താഹയ്ക്കുള്ള ചെറിയ പിന്തുണ നമ്മുടെ ജീവിതത്തെയും അര്‍ത്ഥവത്താക്കുകതന്നെ ചെയ്യും.
താഹാജമാല്‍ ഫോണ്‍: 9496844773
അക്കൗണ്ട് വിവരങ്ങള്‍
Thaha Jamal
SBI Ac No : 57047923466
Paippad Branch
IFSC : SBIN0070107
gpay no : 9496844773
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates