

പാലക്കാട്: സര്‍ഗാത്മഗതയ്ക്ക് പരിധികളില്ല, അതിന് മുന്നില്‍ വെല്ലുവിളികള്‍ക്കും സ്ഥാനമില്ലെന്ന് തെളിയിക്കുകയാണ് പാലക്കാട് സുല്‍ത്താന്‍പേട്ട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരന്‍. അഞ്ച് ശതമാനം മാത്രമാണ് അമീന്‍ കെ എന്‍ എന്ന ആറുവയസുകാരന്റെ കാഴ്ച. എന്നാല്‍ വര്‍ണശബളമാണ് അവന്റെ ഉള്‍ക്കാഴ്ച.
കുഞ്ഞു കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍ പാതി മറഞ്ഞ കാഴ്ചയുമായി അമീന്‍ അവന്റെ ഭാവനാ ലോകം സൃഷ്ടിച്ചെടുക്കുന്നു. ക്ലാസ് മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും അമീനിന്റെ ലോകം വിശാലമാകുന്നു എന്നതാണ് ഇപ്പോഴത്തെ വലിയ സന്തോഷം. അമീനിന്റെ ഭാവനയില്‍ വിരിഞ്ഞ സൃഷ്ടികള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് അമീനും കുട്ടുകാരും അധ്യാപകരും. 'എന്റെ കഥകള്‍' എന്ന പേരിലാണ് അമീനിന്റെ സൃഷ്ടികള്‍ പുസ്തകമാകുന്നത്.
'ആ ആറുവയസുകാരന്റെ കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍ എന്നിവ അവന്റെ ഭാവനയുടെയും സഹിഷ്ണുതയുടെയും തെളിവാണ്. അപൂര്‍വ പ്രതിഭയാണ്, ഈ തിരിച്ചറിവാണ് കൃതികള്‍ 'എന്റെ കഥകള്‍' എന്ന പേരില്‍ ഒരു പുസ്തകമായി ഒരുക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍. ഈ നടപടി പലര്‍ക്കും പ്രചോദനമാകും എന്നുറപ്പാണ് ,' സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അഷറഫ് വി ടി പറയുന്നു.
ക്ലാസ് ടീച്ചറായിരുന്ന സക്കീറ ബാനു ആയിരുന്നു അമീനിന്റെ അസാമാന്യ മികവ് കണ്ടെത്താന്‍ വഴിത്തിരിവായത്. 'വാരാന്ത്യങ്ങളിലും, കുട്ടികള്‍ക്ക് ഒരു ഫോട്ടോ കാണിക്കുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തിങ്കളാഴ്ച ഒരു കഥ എഴുതാനോ വരയ്ക്കാനോ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുട്ടികളുടെ സൃഷ്ടികളില്‍ അമീനിന്റെ കഥകള്‍ വേറിട്ടു നിന്നു. അവന്റെ ഭാവനയ്ക്ക് പരിധികളില്ലെന്നതായിരുന്നു ഇതില്‍ പ്രധാനം. നമ്മുടെ നിര്‍ദേശങ്ങള്‍ എല്ലാം കൃത്യമായി ഓര്‍മ്മിക്കും. മലയാളത്തിലും ഇംഗ്ലീഷിലും എളുപ്പത്തില്‍ സംസാരിക്കും,' ടീച്ചര്‍ പറയുന്നു.
കഥകളിലുടെയും ചിത്രങ്ങളിലൂടെയും താന്‍ പറയാന്‍ ശ്രമിക്കുന്നത് മറ്റുള്ളവര്‍ക്ക് വ്യക്തമായി മനസിലാകണം എന്ന ബോധ്യമാണ് അമീനിനെ വ്യത്യസ്ഥനാക്കുന്നത്. നോട്ടുബുക്കിനോട് മുഖം ചേര്‍ത്ത് തന്റെ പെന്‍സിലുമായി അവന്‍ മനസിലുള്ള വിഷയങ്ങള്‍ പേപ്പറില്‍ കോറിയിടും. വ്യക്തത വരുത്താന്‍ പേന കൊണ്ട് നിറം നല്‍കും. കാഴ്ചയ്ക്കും ഭാവനയ്ക്കും ഇടയിലുള്ള അകലം അമീന്‍ ഇത്തരത്തില്‍ അതിവിദഗ്ധമായി മറികടക്കുന്നു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതോടെയാണ് അമീനിനെ കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞത്. കൂടുതല്‍ മിടുക്കനായി വളരു എന്ന ആശംസയോടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ അമീനെ കുറിച്ചുള്ള കുറിപ്പ് അവസാനിപ്പിച്ചത്. തന്റെ കഴിവുകളെ വളര്‍ത്തുന്നതില്‍ അമീനിന്റെ മികവിന് കുടുംബം നല്‍കുന്ന പിന്തുണയും വലുതാണ്. പാലക്കാട് യാക്കരയിലെ നൗഫലിന്റെയും ഷാഹിദയുടെയും മകനാണ് അമീന്‍. മുഹമ്മദ്, യാസീന്‍ എന്നീ സഹോദരങ്ങളും അമീനിന്റെ കരുത്താണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates