

പ്ലം കേക്ക് ഇല്ലാതെ ക്രിസ്മസ് പൂർണമാകില്ല. പങ്കുവെക്കലിന്റെയും ഒത്തുചേരലിന്‍റെയും ആഘോഷമായ ക്രിസ്മസിന് പ്ലം കേക്കുകള്‍ ഒരു പ്രധാന വിഭവമാണ്. ഒക്ടോബര്‍-നവംബറില്‍ തുടങ്ങുന്ന കേക്ക് മിക്സിങ് മേളം ഡിസംബര്‍ വരെ നീളം. നട്സും ഡ്രൈഫ്രൂട്സും സമൃദ്ധമായി ചേര്‍ത്തുണ്ടാക്കുന്ന പ്ലം കേക്കുകള്‍ ഡിസംബര്‍ ആദ്യം തന്നെ വിപണികളില്‍ ഇടം പിടിക്കും. പല തരത്തിലുള്ള രൂപാന്തരങ്ങള്‍ സംഭവിച്ചാണ് ഇന്ന് കാണുന്ന പ്ലം കേക്കുകള്‍ ഉണ്ടായത്. അതിന് പിന്നിലൊരു ചരിത്രമുണ്ട്.
കഞ്ഞിയില്‍ നിന്ന് രൂപാന്തരപ്പെട്ട് കേക്ക് ആയി
മധ്യ ഇംഗ്ലണ്ടിലാണ് ക്രിസ്മസ് കേക്കുകളുടെ ഉത്ഭവം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ക്രിസ്മസിന്റെ തലേന്ന് തുറക്കുന്ന നോമ്പിന് കഴിക്കാന്‍ ഒരു പ്രത്യേക തരം കഞ്ഞി ഉണ്ടാക്കിയിരുന്നു. പ്ലം പോറിഡ്ജ് എന്നായിരുന്നു അതിനെ അറിയപ്പെട്ടിരുന്നത്. വിഭവ സമൃദ്ധമായ ക്രിസ്മസ് ദിനങ്ങളെ വരവേൽക്കാൻ ശരീരത്തെ ഒരുക്കുന്നതിന്റെ ഭാഗമായാണ് കഞ്ഞി ഉണ്ടാക്കിയിരുന്നത്. ഓട്‌സ്, ഡ്രൈ ഫ്രൂട്‌സ്, തേൻ ചിലർ മാംസവും ചേർത്താണ് കഞ്ഞി ഉണ്ടാക്കിയിരുന്നത്രേ.
കാലക്രമേണ ഓട്‍സ് മാറി, ധാന്യപ്പൊടികളും ഉണക്കമുന്തിരിയും സ്ഥാനം പിടിച്ചു. അങ്ങനെ കഞ്ഞിയിൽ നിന്നും പുഡ്ഡിങ്ങിലേക്ക് സ്ഥാനക്കയറ്റം കിട്ടി. പിന്നീട് കേക്ക് ആയി രൂപാന്തരപ്പെടുകയായിരുന്നു. എന്നാൽ ക്രിസ്മസ് കഴിഞ്ഞ് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് എന്ന ആഘോഷത്തിനായിരുന്നു ബേക്ക് ചെയ്‌തുള്ള കേക്കുകൾ കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്. എന്നാല്‍ 16-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ പ്രൊട്ടസ്റ്റന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ എതിർക്കാൻ തുടങ്ങിയതോടെ ക്രിസ്മസ് കേക്കിനും വിലക്കു വീണു.
ക്രിസ്മസിന്റെ അവസാന ദിനമായിട്ടാണ് ട്വൽത്ത് നൈറ്റിനെ കരുതുന്നത്. അന്ന് ബദാം ചേർത്ത കേക്ക് ഉണ്ടാക്കുന്നത് സർവസാധാരണമായിരുന്നു. 1640-ൽ ഇംഗ്ലിണ്ടിലെ ലോഡ് ഒലിവർ ക്രോവലും മറ്റ് പ്യൂരിറ്റൻമാരും ക്രിസ്മസ് നിരോധിച്ചു. എന്നാൽ ക്രിസ്മസ് പൊതുഅവധി ആയി കണക്കാക്കിയതിനാൽ നോമ്പും കേക്കും ഉണ്ടാക്കലും ആളുകൾക്കിടയിൽ തുടർന്നു.
പിന്നീട് ക്രിസ്ത്യൻ ആഘോഷമല്ലെന്ന് ചൂണ്ടികാട്ടി 18-ാം നൂറ്റാണ്ടിൽ ജനുവരി 5ന് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് വിക്ടോറിയ രാഞ്ജി നിരോധിച്ചു. ആഘോഷം നിരോധിച്ചതോടെ കേക്ക് വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടായി. പിന്നീട് ട്വൽത്ത് നൈറ്റിന് വേണ്ടി ഒരുക്കിയ കേക്കുകൾ ക്രിസ്മസ് കേക്ക് ആയി അവർ പുനർനിർമ്മിച്ചു. അങ്ങനെയാണ് ഇന്നത്തെ ക്രിസ്മസ് കേക്ക് ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates