

കോഴിക്കോട്: ഒരേ പേരിലുള്ള ഒരു കൂട്ടം ആളുകള്‍, അവരുടെ കൂട്ടായ്മ. നൗഷാദ് അസോസിയേഷന്‍ ഇത്തരത്തില്‍ ഒന്നാണ്. ഇക്കഴിഞ്ഞ സൗഹൃദ ദിനത്തില്‍ ആയിരുന്നു കേരളത്തിലെയും ആറ് ജിസിസി രാജ്യങ്ങളിലുമുള്ള നൗഷാദുമാര്‍ കോഴിക്കോട് ഒത്തുചേര്‍ന്നത്. ഞായറാഴ്ച കോഴിക്കോട് നടന്ന കൂടിച്ചേരല്‍ പേര് എന്ന ലേബലിനപ്പുറം, ഐക്യത്തിന്റെ മറ്റൊരു പ്രതീകവുമായി മാറുകയായിരുന്നു.
കോഴിക്കോട് നടന്ന കുടുംബയോഗം എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. മാന്‍ഹോളില്‍ വീണ രണ്ട് കുടിയേറ്റ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ അന്തരിച്ച നൗഷാദിന്റെ ഓര്‍മ്മകളിലൂടെയായിരുന്നു പരിപാടി ആരംഭിച്ചത്. അസോസിയേഷന്റെ ദൗത്യത്തിന് പ്രചോദനം നല്‍കിയ നിസ്വാര്‍ത്ഥമായ ധീരതയുടെ പ്രതീകമായാണ് നൗഷാദിനെ അവതരിപ്പിച്ചത്.
2018-ല്‍ ആണ് കൂട്ടായ്മ രൂപം കൊണ്ടത്. ഏഴ് വര്‍ഷത്തിനിടെ അംഗങ്ങളുടെ എണ്ണം 4500 ആയി ഉയര്‍ന്നു. മനുഷ്യത്വത്തിലും സൗഹൃദത്തിലുമുള്ള വിശ്വാസമാണ് ഈ കുടുംബത്തിന്റെ അടിത്തറയെന്ന് നൗഷാദ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി നൗഷാദ് പ്രതികരിച്ചു. വിഭജിക്കപ്പെടുന്ന ഒരു ലോകത്ത്, പേര് ആജീവനാന്ത സൗഹൃദങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും പ്രചോദനമാകുന്ന ഒരു വേദി സൃഷ്ടിക്കാന്‍ ആണ് കൂട്ടായ്മയുടെ ശ്രമം. ഒരു കൂട്ടായ്മ രൂപം കൊള്ളാന്‍ ഒരു പേര് പോലും മതിയാകും എന്ന സന്ദേശം കൂടിയാണ് ഞങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത നൗഷാദ് നാമധാരികൾ അവരുടെ പേരുമായി ബന്ധപ്പെട്ട വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചു. അസോസിയേഷന് മുമ്പുതന്നെ, ഒരേ പേരുള്ള മറ്റുള്ളവരുമായി തനിക്ക് എപ്പോഴും ഒരു സവിശേഷ ബന്ധം തോന്നിയിരുന്നു എന്നായിരുന്നു ഒരു നൗഷാദിന്റെ പ്രതികരണം. ബേപ്പൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ്, അസോസിയേഷന്‍ സ്ഥാപകന്‍ നൗഷാദ് അലവി, ഉപദേശക സമിതി അംഗങ്ങളായ നൗഷാദ് ബ്രോഡ്വേ, നൗഷാദ് തെക്കയില്‍, ട്രഷറര്‍ നൗഷാദ് മാന്നാര്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു. മുന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ മുഖ്യാതിഥിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
