'കൊലയാളിയായ രംഗണ്ണനെയാണോ കാണികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്? അങ്ങനെയാണെങ്കില്‍ നമ്മള്‍ കുഴപ്പത്തിലാണ്'

vinoy thomas
രംഗണ്ണനായി ഫഹദ്, വിനോയ് തോമസ് vinoy thomasFACEBOOK
Updated on
2 min read

കൊലയാളിയായ രംഗണ്ണനെയാണോ നമ്മുടെ കാണികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്? കരയുന്ന രംഗണ്ണനെ അവര്‍ ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ ജീവിതം കുറേക്കൂടി നല്ലതാവില്ലേ? ഇങ്ങനെയൊരു ചിന്ത പങ്കുവയ്ക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ വിനോയ് തോമസ് ഈ കുറിപ്പില്‍. അധ്യാപനത്തിനിടെ മനസ്സില്‍ തട്ടിയ ഒരു അനുഭവം വിവരിച്ചുകൊണ്ടാണ് വിനോയ് തോമസ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്.

കരയുന്ന ഹീറോകള്‍

കഴിഞ്ഞദിവസം എട്ടാംതരത്തില്‍ ക്ലാസെടുക്കുന്നതിനിടയില്‍ പഠനാവശ്യത്തിനായി ഏ ആര്‍ എം എന്ന സിനിമയിലെ 'കുഞ്ഞിളംവാവേ കഥകേട്ട് മെല്ലെ മിഴിപൂട്ട് മാറിന്‍ ചൂടില്‍ ഉറങ്ങ്... ഉറങ്ങ്...' എന്ന പാട്ട് ഞാന്‍ കുട്ടികള്‍ക്ക് വെച്ചുകൊടുക്കുകയായിരുന്നു. എല്ലാവരും രസിച്ചു പാട്ട് കേള്‍ക്കുകയാണ്. അതിനിടയില്‍ ഏറ്റവും പുറകിലെ ബെഞ്ചിലിരിക്കുന്ന മനു എന്ന കുട്ടി സ്വന്തം കൈത്തലം കവിളില്‍ ചേര്‍ത്ത് അവനെത്തന്നെ താരാട്ടുന്നത് ഞാന്‍ കണ്ടു.

മനു മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ അവന്റെ അമ്മ മക്കളെ ഉപേക്ഷിച്ചുപോയതാണ്. സ്വന്തം കൈകൊണ്ട് കവിളില്‍ തലോടി അവനാസ്വദിക്കുന്നത് തനിക്കു കിട്ടാതെപോയ താരാട്ടായിരിക്കും. അതാലോചിച്ചപ്പോള്‍ അമ്മമാര്‍ ഉപേക്ഷിച്ചുപോയ എല്ലാ കുഞ്ഞുങ്ങളേയും കുറിച്ചോര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. എന്നെക്കൊണ്ടാകുംപോലെ മനുവിനെ ചേര്‍ത്തുപിടിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. കാരണം കുട്ടിക്കാലത്ത് ഞാന്‍ കരയുമ്പോള്‍ എന്റെ കണ്ണീരൊപ്പാന്‍ ആരെങ്കിലുമൊക്കെ വരുമായിരുന്നു.

അന്നുരാത്രി മുഴുവന്‍ ഞാന്‍ ചിന്തിച്ചത് മനുവിനേക്കുറിച്ചും കരയുന്ന മനുഷ്യരേക്കുറിച്ചുമാണ്. അമ്മയുടെ താരാട്ട് ഒരിക്കലും കിട്ടില്ലെന്നറിഞ്ഞിട്ടും ആ പാട്ട് കേട്ടപ്പോള്‍ അവന്‍ കരയാതിരുന്നത് എന്തുകൊണ്ടായിരിക്കും? ഇത്ര ബാല്യത്തിലേ കരയാന്‍ കണ്ണീരില്ലാത്ത അവസ്ഥയിലേക്ക് അവനെത്തിയോ? കരയാന്‍ കണ്ണീരില്ലാത്ത മറ്റൊരാളേക്കുറിച്ചുള്ള പാട്ട് പെട്ടെന്ന് എന്റെ മനസിലേക്ക് വന്നു. ആവേശംസിനിമയിലെ രംഗണ്ണന്‍. അങ്ങേര്‍ക്ക് കരയാന്‍ കണ്ണീരില്ല. ഇനി അഥവാ കണ്ണീരുണ്ടായാല്‍തന്നെ അത് ഒപ്പിയെടുത്ത് ആശ്വസിപ്പിക്കാന്‍ തന്റെയടുത്തേക്ക് ആരും വരേണ്ട എന്നാണദ്ദേഹം പറയുന്നത്. എല്ലാവരേയും സുല്ലടിപ്പിച്ച് ഇരുട്ടില്‍ സിറ്റി വാഴുന്ന അധോലോകനായകന്‍മാര്‍ ഒരിക്കലും കരയാത്ത ഇരട്ടചങ്കുള്ളവരായിരിക്കണമെന്നാണ് നമ്മുടെ നാട്ടില്‍ പൊതുവേയുള്ള വെപ്പ്. രംഗണ്ണനെ മാതൃകയാക്കി കരയാത്ത ഹീറോയായി ജീവിക്കാമെന്ന് മനുവും തീരുമാനിച്ചാല്‍ പിന്നീട് എന്തായിരിക്കും സംഭവിക്കുക?

vinoy thomas
ഏയ്.. മലയാളം വേണ്ട, മാതൃഭാഷയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു, കണക്കുകള്‍ ഇങ്ങനെ

പിറ്റേദിവസം മനു എന്റെയടുത്തു വന്നു. ഏഴാംക്ലാസില്‍ അവന് ഏറ്റവും പ്രിയപ്പെട്ട ഒരു കൂട്ടുകാരനുണ്ടായിരുന്നു. നന്നായി പാട്ടുപാടുന്ന അവന്‍ ഇപ്പോള്‍ സ്‌കൂളിലേക്ക് വരാറില്ല.

''സാറേ, അവന്‍ ചേട്ടന്‍മാരുടെകൂടെ കൂടി സിഗരറ്റ് വലിക്കുകയും ബ്രാണ്ടി കുടിക്കുകയും ചെയ്യുന്നുണ്ടെന്നാ പറയുന്നെ. നമ്മക്ക് പോയി അവനെ സ്‌കൂളിലേക്ക് വിളിച്ചുകൊണ്ടു വരണം. ഞാന്‍ വിളിച്ചാല്‍ അവന്‍ വരും സാറേ.''

അപ്പോള്‍തന്നെ ഞങ്ങള്‍ ആ പാട്ടുകാരന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ഞങ്ങളെ കണ്ടതേ പാട്ടുകാരന്‍ വീടിന്റെ പിന്‍വാതിലിലൂടെ ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മനു അവന്റെ പുറകെ ചെന്ന് പിടിച്ചുനിര്‍ത്തി.

''എടാ, സ്‌കൂളിലേക്ക് വാടാ. നീയില്ലാത്തതുകൊണ്ട് ഒരു രസവുമില്ല.''

ഒരു മനുഷ്യഹൃദയത്തില്‍നിന്നുമുണ്ടാവാന്‍ കഴിയുന്ന ഏറ്റവും വലിയ സ്‌നേഹത്തോടെയാണ് മനു കൂട്ടുകാരനെ ക്ഷണിച്ചത്. പക്ഷെ എന്തുകൊണ്ടോ അവന്‍ മനുവിന്റെ കൈ വിടുവിച്ച് കുന്നുകയറി ഓടിപ്പോയി. പാട്ടുകാരന്റെ മാതാപിതാക്കള്‍ക്ക് മകനെ സ്‌കൂളിലേക്ക് വിടാന്‍ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. കരയാന്‍ കണ്ണീരില്ലാത്തവന്‍ എന്നു ഞാന്‍ കരുതിയ മനു എന്നെ കെട്ടിപ്പിടിച്ച് വിതുമ്പാന്‍ തുടങ്ങി.

എനിക്കപ്പോള്‍ ആശ്വാസമാണ് തോന്നിയത്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ കൂട്ടുകാരനു വേണ്ടി കരയുന്ന ഈ കുട്ടി ഒരിക്കലും കട്ടച്ചോരകൊണ്ട് ജൂസടിച്ച് സോഡാ സര്‍ബ്ബത്തുണ്ടാക്കുന്നവനും പേനാക്കത്തികൊണ്ട് കുത്ത് ഹരിശ്രീ എഴുതി വിദ്യാരംഭം കുറിക്കുന്നവനുമായി മാറില്ലായിരിക്കും.

പണ്ട് ആരെങ്കിലും എന്നെ വേദനിപ്പിച്ചാല്‍ രംഗണ്ണനേപ്പോലെ ഒടുങ്ങാത്ത പകയോടെ എന്നെക്കൊണ്ടാകുംപോലെ ഞാനവരെ ദ്രോഹിക്കുമായിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടമെത്തിയപ്പോള്‍ എനിക്കു മനസിലായി മറ്റുള്ളവരെ ദ്രോഹിക്കാനായി നമ്മള്‍ ചെലവഴിക്കുന്ന ഊര്‍ജ്ജം അവരുടെ വളര്‍ച്ചയ്ക്കുള്ള വളമായിമാറുക മാത്രമാണ് ചെയ്യുക എന്ന്. നായകനും വില്ലനും അദ്ധ്വാനിച്ച് പരസ്പരം വളര്‍ത്തുക എന്നതാണല്ലോ സാധാരണ സംഭവിക്കുന്നത്. ഇക്കാര്യം പിടികിട്ടിയതോടെ എന്നെപ്പോലെ നിസഹായരായ മനുഷ്യര്‍ക്ക് ഏറ്റവും പറ്റിയ ഒരു തത്വശാസ്ത്രം ഞാനുണ്ടാക്കി.

'എന്റെ കണ്ണുനീരാണ് എന്റെ പ്രതികാരം.'

മനസില്‍ വേദനയുണ്ടാകുമ്പോള്‍ കണ്ണ് നിറയുന്ന ഹീറോകളെ ഞാനിഷ്ടപ്പെടാന്‍ തുടങ്ങിയത് ആ തത്വശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ്. കരച്ചിലടക്കി പ്രതികാരം ചെയ്യുന്ന ഹീറോകളല്ല ശരി എന്ന് പണ്ടുമുതലേ എനിക്ക് തോന്നിയിട്ടുണ്ട്. ഹീറോ യാതൊരു സമൂഹനന്മയ്ക്കും വേണ്ടിയല്ലാതെ അതിക്രൂരമായ പ്രതികാരം ചെയ്യുന്നതാണ് ചിലര്‍ക്കിഷ്ടം.

സമൂഹത്തിനുണ്ടായ നഷ്ടത്തിനല്ല, തന്റെ വളര്‍ത്തുനായയെ കൊന്നതിനാണ് ജോണ്‍വിക്ക് നൂറുകണക്കിന് മനുഷ്യരെ കൊന്ന് പ്രതികാരം ചെയ്തത്. പട്ടി മരിച്ചതിന്റെ വിഷമം ജോണ്‍വിക്ക് കരഞ്ഞുതീര്‍ത്തിരുന്നെങ്കില്‍ എത്ര മനുഷ്യജീവന്‍ രക്ഷപ്പെട്ടേനെ.

നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് എന്തുകാര്യത്തിനു വേണ്ടിയായാലും കൊലപാതകം നടത്തുന്നവന്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. യഥാര്‍ത്ഥ ജീവിതത്തില്‍ അവന് ഒരിക്കലും ഹീറോയാകാന്‍ പറ്റില്ല എന്ന സിംപിള്‍ ലോജിക് നമ്മള്‍ എളുപ്പത്തില്‍ മറന്നുപോകും. അവനവനു വേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും ഒരു കണ്ണീര്‍കണം പൊഴിക്കുന്നവനും കൂട്ടത്തിലുള്ളവരുടെ കണ്ണീരൊപ്പാന്‍ കഴിവുള്ളവനുമായിരിക്കും ഇവിടെ ഹീറോയാവുക.

തന്റെ എതിരാളിയേയും നൂറോളം ഗുണ്ടകളേയും ഒറ്റയ്ക്ക് കൊലചെയ്യുന്ന രംഗണ്ണനെയല്ലല്ലോ മൊബൈലില്‍ 'അമ്മ വിളിക്കുന്നു' എന്നുകണ്ടതേ വെട്ടാനുള്ള വാള്‍ വലിച്ചെറിഞ്ഞ് കരയുന്ന ഹീറോയായി മാറിയ രംഗണ്ണനെയല്ലേ മനു അനുകരിക്കേണ്ടത്. പക്ഷെ വിനയപൂര്‍വ്വം പറയട്ടെ, കൊലയാളിയായ രംഗണ്ണനെയാണോ നമ്മുടെ കാണികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്നൊരു സംശയം എനിക്കുണ്ട്. അങ്ങനെയാണെങ്കില്‍ നമ്മള്‍ കുഴപ്പത്തിലാണെന്ന് പറയേണ്ടി വരും.

Summary

Vinoy Thomas writes about violent nature of society

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com