

ബംഗളൂരു: ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴകി വീഴുന്ന വാര്‍ത്തകള്‍ സാധാരണയായി നഷ്ടങ്ങളുടെ കഥകളാണ് സമ്മാനിക്കാറുള്ളത്. എന്നാല്‍ ബംഗളൂരു സ്വദേശിയായ 85 കാരന്‍ എന്‍ ജി കേസരിക്ക് ഒരു മരം നല്‍കിയത് നേരെ വിപരീതമായ ഒന്നാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു വലിയ സമ്മാനം.
അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് ഏകദേശം 40 വര്‍ഷത്തോളമായി നിന്നിരുന്ന ഒരു ചന്ദനമരം ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണു. എന്നാല്‍ ഈ വീഴ്ച ഒരു നഷ്ടമായി മാറുന്നതിന് പകരം, കേസരിക്ക് നേടിക്കൊടുത്തത് ഏകദേശം 28 ലക്ഷം രൂപയാണ്. ഇതിന് പുറമേ മരം പരിപാലിക്കാന്‍ വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിനുള്ള സംസ്ഥാന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി.
ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേസരിയുടെ വീട്ടുമുറ്റത്ത് ഒരു ചന്ദനത്തൈ തനിയെ മുളച്ചുപൊന്തിയതോടെയാണ് ഈ കഥയുടെ തുടക്കം. ഒരു പക്ഷേ അജ്ഞാതനായ പക്ഷി ഇതിന്റെ വിത്ത് കൊണ്ടുവന്നിട്ടതാകാം എന്നാണ് നിഗമനം. അതിനെ പിഴുതുകളയുന്നതിന് പകരം, അദ്ദേഹം ആ ചെടിയെ സ്‌നേഹത്തോടെ പരിചരിക്കാന്‍ തീരുമാനിച്ചു. അത് സാവധാനം വളര്‍ന്ന് വലിയൊരു മരമാകുന്നത് അദ്ദേഹം നോക്കിക്കണ്ടു.
മരം വളര്‍ന്നു വലുതായപ്പോള്‍ അതിന്റെ സുഗന്ധം ആളുകളെയും ആകര്‍ഷിക്കാന്‍ തുടങ്ങി. വെറും ആസ്വാദകരെ മാത്രമല്ല, ചന്ദനക്കൊള്ളക്കാരെയും കൂടിയാണ് അത് ആകര്‍ഷിച്ചത്. ഇതോടെ മരത്തെ സംരക്ഷിക്കാന്‍ കേസരി ഉറച്ചു. ചന്ദനമരത്തിന് ചുറ്റും ശക്തമായ ഒരു ഇരുമ്പ് കൂട് സ്ഥാപിച്ചു. വര്‍ഷങ്ങളോളം അത് സുരക്ഷിതമായിരിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കുകയും ചെയ്തു.
അതിനിടെ ജൂണ്‍ മാസത്തിലെ കനത്ത മഴയിലും കൊടുങ്കാറ്റിലും സമീപത്തുണ്ടായിരുന്ന ഒരു വലിയ മരം ഈ ചന്ദനമരത്തിന് മുകളിലേക്ക് മറിഞ്ഞുവീണതോടെയാണ് ചന്ദനമരം നിലംപൊത്തിയത്.
വളരെ വിലപിടിപ്പുള്ള ഈ തടി സ്വയം വില്‍ക്കാനോ മറ്റ് രീതികളില്‍ ഒഴിവാക്കാനോ ശ്രമിക്കുന്നതിന് പകരം, കേസരി ഉടന്‍ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിച്ച്, ആവശ്യമായ അനുമതികള്‍ വാങ്ങിയ ശേഷമാണ് അദ്ദേഹം ആ മരം മൈസൂരിലെ സര്‍ക്കാര്‍ ചന്ദന ഡിപ്പോയിലേക്ക് മാറ്റിയത്.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ചന്ദനം ഉപയോഗിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലൊന്നായ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് പിന്നീട് ഈ ചന്ദനത്തടി വിലയ്ക്ക് വാങ്ങി. വില്‍പനയ്ക്ക് ശേഷം, നികുതികളും മറ്റും കിഴിച്ച് കേസരിക്ക് അറ്റാദായമായി ലഭിച്ചത് ഏകദേശം 28 ലക്ഷം രൂപയാണ്. പതിറ്റാണ്ടുകളോളം കാത്തുസൂക്ഷിച്ചതിന് ലഭിച്ച അപ്രതീക്ഷിത സമ്മാനമായിരുന്നു അത്. വര്‍ഷങ്ങളായി ചന്ദനമരം സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ സമ്മര്‍പ്പണത്തെ മാനിച്ച് കര്‍ണാടക സര്‍ക്കാര്‍ കേസരിയെ 'ചന്ദന ശിരോമണി' പുരസ്‌കാരം നല്‍കി ആദരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates