

'പൂച്ചയാണ് മിസ്റ്റര്‍.., എനിക്ക് ഇങ്ങനൊക്കെ പറ്റൂ'- ഇതാണ് വീട്ടിലായാലും നാട്ടിലായാലും പൂച്ചസാറിന്‍റെ ഒരു ലൈന്‍. ആരെയും കൂസാത്ത പ്രകൃതം. മൂഡ് ഉണ്ടെങ്കില്‍ ചെയ്യും അല്ലാതെ, പഠിപ്പിക്കലും നിയന്ത്രണങ്ങളും ഇഷ്ടമല്ല. ഉടമയെന്ന ബഹുമാനമൊന്നും ലോകത്ത് ഇന്നേ വരെ ഒരു പൂച്ചയും മനുഷ്യന് കൊടുത്തിട്ടില്ല. തന്നെക്കാള്‍ രൂപത്തില്‍ അല്‍പം വലിപ്പമുള്ള മറ്റൊരു പൂച്ച, അത്രേയൂ പൂച്ചകള്‍ക്ക് മുന്നില്‍ മനുഷ്യന്‍.
മനുഷ്യരുടെ പിന്നാലെ വാലാട്ടി നടക്കാനോ ആജ്ഞകള്‍ പാലിക്കാനോ പൂച്ചയെ കിട്ടില്ല, ഇവിടെ 'എന്‍ വഴി തനി വഴി' അതാണ് ശീലം. എന്നാല്‍ കാര്യ സാധ്യത്തിന് ക്യൂട്ട്നസ് വാരി വിതറി മനം കവരാനും പൂച്ചകള്‍ മിടുക്കരാണ്. കൗശലവും ധൈര്യവുമാണ് പൂച്ചകളുടെ രണ്ട് പ്രധാന മുഖമുദ്രകള്‍. അങ്ങനെ പെട്ടെന്നൊന്നും പൂച്ചകളെ വെട്ടില്‍ വീഴിക്കാനാകില്ല. അതുപോലെ ഏത് കൊലകൊമ്പനെയും നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കാനും പൂച്ചസാറിന് മടിയില്ല. ഇന്ന് പൂച്ച ദിനമാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് എട്ടിനാണ് പൂച്ചദിനം ആഘോഷിക്കുന്നത്. 2002-ല്‍ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയറാണ് ഇങ്ങനൊരു ദിനത്തിന് തുടക്കം കുറിച്ചത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, പൂച്ചകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങളുമുണ്ട്.
മധുരത്തോട് പ്രിയമില്ല
നായകളെ പോലെയല്ല, പൂച്ചകള്‍ക്ക് മധുരത്തോട് അത്ര പ്രിയമില്ല. നിങ്ങളുടെ പൂച്ചയുടെ മുന്നിലേക്ക് ഒരു പഞ്ചസാര ക്യൂബ് ഒന്നിട്ടു കൊടുക്കൂ, മുഖം ചുളിച്ചു കൊണ്ട് തിരിച്ചു പോകുന്നതു കാണാം. പൂച്ചയുടെ നാവിലെ പ്രധാന രുചി റിസ്പറ്റര്‍ കാലങ്ങളായുള്ള മ്യൂട്ടേഷന്‍ കാരണം മാറിയിരിക്കുന്നു. അതു മൂലം അവയ്ക്ക് മധുരത്തോടുള്ള പ്രിയവും കുറഞ്ഞു.
ഓരോ പൂച്ചയ്ക്കും സവിശേഷമായ നോസ് പ്രിന്‍റ് ഉണ്ട്
മനുഷ്യന്റെ വിരലടയാളം പോലെ, എല്ലാ പൂച്ചകളുടെ മൂക്കിന് പുറമെയുള്ള വരകള്‍ക്കും മുഴകള്‍ക്കും ഒരു പ്രത്യേക പാറ്റേൺ ഉണ്ട്. ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് പൂച്ചകളുടെ മൂക്ക് പരിശോധിച്ചാല്‍, അതിലെ പാറ്റേണ്‍ വ്യത്യാസപ്പെട്ടിരിക്കും. ലോകത്ത് രണ്ട് പൂച്ചകള്‍ക്ക് ഒരു തരത്തിലുള്ള നോസ് പ്രിന്‍റ് ഉണ്ടായിരിക്കില്ല.
പൂച്ചകൾ അവരുടെ ജീവിതത്തിന്റെ നാലിൽ മൂന്ന് ഭാഗം ഉറക്കത്തിലായിരിക്കും
ഒരു പൂച്ചയ്ക്ക് 12 വയസ്സ് പ്രായമുണ്ടെങ്കിൽ, അത് അതിന്റെ ജീവിതത്തിന്റെ നാല് വർഷം മാത്രമേ ഉണർന്നിരിക്കൂ. ഉറങ്ങുമ്പോഴാണ് പൂച്ചകളുടെ ശരീരത്തില്‍ വളര്‍ച്ച ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് നിങ്ങളുടെ പൂച്ച ധാരാളമായി ഉറങ്ങുന്നതു കണ്ടാല്‍ അത് എന്തെങ്കിലും രോഗം മൂലമാണെന്ന് വിഷമിക്കേണ്ടതില്ല.
പെൺപൂച്ചകൾ വലതും ആൺപൂച്ചകൾ ഇടതു കയ്യന്മാരുമാണ്
ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തില്‍, പൂച്ചകൾക്ക് അവയുടെ ലിംഗഭേദം അനുസരിച്ച് കൈകാലുകളുടെ മുന്‍ഗണനയും മാറുമെന്ന് കണ്ടെത്തി (നടക്കുമ്പോഴോ മാന്തി കുഴിയുണ്ടാക്കുമ്പോഴോ ഏത് കൈകാലുകൾ മുന്നോട്ട് വയ്ക്കണം). പെണ്‍പൂച്ചകള്‍ കൂടുതലും വലതു കൈകള്‍ ഉപയോഗിക്കുമ്പോള്‍ ആണ്‍പൂച്ചകള്‍ ഇടതുകൈകളാണ് ഉപയോഗിക്കാറ്.
രുചിയല്ല, മണമാണ് പ്രധാനം
മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, പൂച്ചകൾക്ക് അത്രയധികം രുചി ഗ്രാഹികൾ ഇല്ല. അതുകൊണ്ട് മണം ആണ് അവരെ ഭക്ഷണത്തോട് അടുപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ പൂച്ചകള്‍ക്ക് ഉണ്ടെങ്കില്‍, ആദ്യ ലക്ഷണം വിശപ്പില്ലായ്മ ആയിരിക്കും.
ഏകദേശം 100 സ്വര ശബ്ദങ്ങൾ
മ്യൂവു എന്ന ഒറ്റ സ്വരം മാത്രമല്ല, നൂറിലധികം സ്വരങ്ങള്‍ അവ ആശയവിനിമയത്തിനായി വികസിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. നായകളാകട്ടെ പത്ത് സ്വര ശബ്ദങ്ങള്‍ മാത്രമാണ് പുറപ്പെടുവിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates